ADVERTISEMENT

ശാസ്താംകോട്ട ∙ ആറു മാസത്തിലധികമായി പെൻഷൻ മുടങ്ങിയതോടെ സാമ്പത്തിക പ്രതിസന്ധിയിലായ കശുവണ്ടി തൊഴിലാളിയായ വയോധിക ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം ശക്തം. ശാസ്താംകോട്ട ഗ്രാമപ്പഞ്ചായത്തിലെ അതിദരിദ്ര കുടുംബങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട കരിന്തോട്ടുവ കുഴീകരിക്കത്തിൽ ബിന്ദു ഭവനം ഓമന(74) കഴിഞ്ഞ ദിവസം വീടിനുള്ളിൽ മരിച്ച സംഭവത്തിൽ കോൺഗ്രസും കൊടിക്കുന്നിൽ സുരേഷ് എംപിയും പ്രതിഷേധവുമായി രംഗത്തെത്തി. മരംകയറ്റ തൊഴിലാളിയായ ഭർത്താവ് വേലായുധൻ രോഗാവസ്ഥയിലായതിനെ തുടർന്നു 5 വർഷത്തോളമായി സർക്കാരിൽ നിന്നുള്ള പെൻഷനും പഞ്ചായത്തിൽ നിന്ന് അതിദരിദ്ര കുടുംബങ്ങൾക്ക് അനുവദിക്കുന്ന തുച്ഛമായ സഹായവുമായിരുന്നു ദമ്പതികളുടെ ആശ്രയം.

എന്നാൽ പെൻഷൻ മുടങ്ങിയതോടെ രോഗദുരിതങ്ങളും സാമ്പത്തിക പ്രയാസങ്ങളും കാരണം ജീവിതം വഴിമുട്ടിയ നിലയിലായിരുന്നു. ഹൃദ്‍രോഗിയായ ഇളയ മകളുടെ തുടർ ചികിത്സയും പണമില്ലാതെ മുടങ്ങി. അർബുദബാധിതനായ മൂത്ത മരുമകനും ചികിത്സയിലാണ്. അതിദരിദ്ര കുടുംബത്തിലെ അംഗങ്ങൾക്ക് ആവശ്യമായ സഹായം ഉറപ്പാക്കാത്തതിലും അടിയന്തര സഹായം എത്തിക്കാത്തതിലും പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ശാസ്താംകോട്ട പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. 

മാധ്യമപ്രവർത്തകരെ തടഞ്ഞു 
ഓമനയുടെ വീട്ടിലെത്തിയ പൊതുപ്രവർത്തകരെയും മാധ്യമ സംഘത്തെയും പ്രാദേശിക സിപിഎം പ്രവർത്തകർ തടഞ്ഞതു തർക്കത്തിനു കാരണമായി.  പെൻഷൻ മുടങ്ങിയതിനെ പറ്റി വീട്ടുകാരോട് ചോദിച്ച മാധ്യമപ്രവർത്തകരെ ഇവർ സംഘം ചേർന്നു തടഞ്ഞു.  പഞ്ചായത്തിൽ നിന്നു ലഭിച്ച പോത്തുകുട്ടിയെ വിറ്റ പണം ഉപയോഗിച്ചാണ് രോഗികളായ ദമ്പതികൾ ചികിത്സ തേടിയതെന്നും പെൻഷൻ മുടങ്ങിയതിനെ തുടർന്നുള്ള കടുത്ത സാമ്പത്തിക ബാധ്യതയാണു മരണത്തിനു കാരണമായതെന്നും വാർഡംഗം വൽസല ബിനോയ് പറഞ്ഞു.

ഒന്നാം പ്രതി പിണറായി സർക്കാർ : കൊടിക്കുന്നിൽ
കൊല്ലം ∙ ഓമന ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒന്നാം പ്രതി സർക്കാരാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി.  പെൻഷൻ തുക ഉപയോഗിച്ച് ജീവിതം കഴിച്ചു കൂട്ടുന്ന സാധാരണക്കാർ  മരുന്നു വാങ്ങാനും ഭക്ഷണം കഴിക്കാനും മറ്റും സമയത്ത് പണം ലഭിക്കാതെ സ്വയം ജീവൻ വെടിയുമ്പോൾ സംസ്ഥാന സർക്കാർ ഇരുട്ടിൽ തപ്പുകയാണെന്നും എംപി പറഞ്ഞു. ഓമനയുടെ വീട് സന്ദർശിച്ച എംപി ഭർത്താവിനെയും മക്കളെയും  ആശ്വസിപ്പിച്ചു. ജില്ലാ കലക്ടറെ ഫോണിൽ ബന്ധപ്പെട്ടു അടിയന്തര സഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു. കുന്നത്തൂർ യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ഗോകുലം അനിൽ, പഞ്ചായത്ത്‌ അംഗങ്ങളായ റെജി കുര്യൻ, ബിനോയ്‌, എന്നിവരും എംപിക്കൊപ്പമുണ്ടായിരുന്നു.

കുളത്തൂപ്പുഴ ചോഴിയക്കോട് പത്തേക്കർ ചരുവിളപുത്തൻ വീട്ടിൽ തങ്കമ്മ ഭർത്താവ് ഗോപാലനൊപ്പം
കുളത്തൂപ്പുഴ ചോഴിയക്കോട് പത്തേക്കർ ചരുവിളപുത്തൻ വീട്ടിൽ തങ്കമ്മ ഭർത്താവ് ഗോപാലനൊപ്പം

ദൈനംദിന ആവശ്യങ്ങൾ പോലും ബുദ്ധിമുട്ടിൽ: തങ്ക
ഏരൂർ പഞ്ചായത്തിലെ ഭാരതീപുരം തുമ്പോട് രണ്ടാഞ്ഞിലിമൂട് വീട്ടിൽ തങ്കയ്ക്കും ഭിന്നശേഷിക്കാരനായ മകൻ ജയക്കുട്ടനും ഏക ആശ്രയം ക്ഷേമ പെൻഷനാണ്. ആറുമാസമായി പെൻഷൻ മുടങ്ങിയതോടെ  ജീവിതം ദുരിതത്തിലാണ്. ഷീറ്റ് മേഞ്ഞ അടച്ചുറപ്പില്ലാത്ത വീട്ടിൽ അമ്മയും മകനും മാത്രമാണ് താമസം. കൂലിവേലക്കാരിയായിരുന്ന തങ്കയ്ക്ക് പ്രായാധിക്യം കാരണം ഒരു ജോലിയും ചെയ്യാൻ കഴിയുന്നില്ല. ആഹാരം, വസ്ത്രങ്ങൾ, മരുന്നുകൾ ഇവയ്‌ക്കെല്ലാം ബുദ്ധിമുട്ടുകയാണ്. വീട്ടിലെ ദൈനംദിന ആവശ്യങ്ങൾ മുന്നോട്ടു പോകാത്ത അവസ്ഥയിലായതോടെ എന്തു ചെയ്യണമെന്ന് അറിയാതെ കുഴങ്ങുകയാണ് തങ്ക.

ഉത്തരവാദി പിണറായി സർക്കാർ: കോൺഗ്രസ്
കൊല്ലം ∙ ഓമനയുടെ ആത്മഹത്യയ്ക്ക് ഉത്തരവാദി പിണറായി സർക്കാർ ആണെന്ന് ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്. കുടുംബം പല പ്രാവശ്യം മുഖ്യമന്ത്രിക്കും ധനകാര്യ മന്ത്രിക്കും അപേക്ഷ നൽകിയിരുന്നതാണ്. സാമൂഹിക പെൻഷൻ കൊണ്ടു മാത്രം മരുന്ന് വാങ്ങാനും അരി വാങ്ങാനും കഴിയാതെ ആത്മഹത്യ ചെയ്യേണ്ടി വരുന്ന പാവപ്പെട്ടവരുടെ ശാപം വാങ്ങുന്ന സർക്കാരായി പിണറായി സർക്കാർ മാറി. ഓമനയുടെ കുടുംബത്തെ സർക്കാർ ഏറ്റെടുക്കണമെന്നും ഡിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു.

ഉത്തരവാദി സർക്കാർ: കശുവണ്ടി തൊഴിലാളി സെന്റർ
കൊല്ലം ∙ കശുവണ്ടി തൊഴിലാളിയുടെ ആത്മഹത്യയ്ക്ക് ഉത്തരവാദി മാസങ്ങളായി ക്ഷേമനിധി പെൻഷൻ പോലും നൽകാത്ത സംസ്ഥാന സർക്കാർ മാത്രമാണെന്ന് കശുവണ്ടി തൊഴിലാളി സെന്റർ (എഐയുടിയുസി) സംസ്ഥാന പ്രസിഡന്റ്‌ വി. കെ. സദാനന്ദൻ, ജനറൽ സെക്രട്ടറി എസ്. രാധാകൃഷ്ണൻ എന്നിവർ ആരോപിച്ചു. 74 വയസ്സുള്ള സ്ത്രീ തൊഴിലാളിയുടെ ആത്മഹത്യ വിരൽ ചൂണ്ടുന്നത്, സാമൂഹിക ക്ഷേമ പെൻഷൻ മാത്രമല്ല, അംശദായം കൃത്യമായി അടച്ച തൊഴിലാളികൾക്ക് ലഭിക്കേണ്ട തൊഴിലാളി ക്ഷേമനിധി പെൻഷൻ പോലും ലഭിക്കാതായ ലക്ഷക്കണക്കിന് തൊഴിലാളികളുടെ ജീവിത സാഹചര്യത്തിലേക്കാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com