കാട്ടുപന്നികളുടെ അതിക്രമം രൂക്ഷം കണ്ണീരോടെ കർഷകർ
Mail This Article
കടയ്ക്കൽ∙ ഇട്ടിവ പഞ്ചായത്തിൽ കാട്ടു പന്നികളുടെ രൂക്ഷമായ ശല്യം കാരണം കർഷകർ വലയുന്നു. കാട് വിട്ട് ഇറങ്ങുന്ന പന്നികൾ കർഷകരുടെ കൃഷി സ്ഥലത്ത് വൻ നാശം ആണ് വരുത്തുന്നത്. മാസങ്ങളോളമുള്ള കർഷകരുടെ അധ്വാനം തകരുകയാണ്. ഇട്ടിവ പഞ്ചായത്തിൽ പെരിങ്ങാട്, കാട്ടാംമ്പള്ളി, പെരുംങ്കുളം, മണലുവട്ടം, മണ്ണൂർ, തുടയന്നൂർ മേഖലകളിലാണ് പന്നികളുടെ ശല്യം. കാർഷിക ഉൽപന്നങ്ങളുടെ വില ഇടിവിൽ കർഷകർ പൊറുതിമുട്ടുമ്പോൾ കാട്ടു മൃഗങ്ങൾ കൃഷി നശിപ്പിക്കുന്നത് ഇരുട്ടടിയാണ്. കൂട്ടത്തോടെ നാട്ടിലിറങ്ങുന്ന പന്നികൾ വാഴ, ചേമ്പ്, ചേന, കാച്ചിൽ, മരച്ചീനി ഉൾപ്പെടെ നശിപ്പിക്കുന്നു.
മണ്ണിൽ ഈർപ്പം ഉണ്ടെങ്കിൽ പന്നികൾക്ക് വിളകൾ കുത്തി മറിക്കാൻ കൂടുതൽ വേഗം ഉണ്ടാകും. പന്നികൾ കയറാതിരിക്കാൻ കർഷകർ വൻ തുക ചെലവഴിച്ച് നിർമിക്കുന്ന താൽക്കാലിക വേലികൾ കൂട്ടമായെത്തുന്ന പന്നികൾ മറിക്കുന്നു. ചില കർഷകർ കൃഷി സ്ഥലത്ത് കുടിലുകൾ കെട്ടി രാത്രി കാലങ്ങളിൽ കാവലിരുന്ന് പടക്കം വച്ചും ശബ്ദ ഉണ്ടാക്കിയും പന്നികളെ തുരത്താറുണ്ട്. കഴിഞ്ഞ വർഷം പ്രദേശത്ത് ഏറെ പേർക്ക് കാട്ടുപന്നി അക്രമത്തിൽ പരുക്കേറ്റിരുന്നു.
പന്നികളുടെ ആക്രമണങ്ങളെ ഭയന്ന് പ്രദേശവാസികൾ രാത്രി കാലങ്ങളിൽ വീടിന് പുറത്തിറങ്ങാൻ ഭയപ്പെടുന്നു. അക്രമകാരികളായ കാട്ടുപന്നികളെ വെടിവച്ച് കൊല്ലാൻ സംസ്ഥാന വനം വകുപ്പ് പഞ്ചായത്ത് പ്രസിഡന്റുമാർക്ക് അധികാരം നൽകിയിട്ടും ഇട്ടിവ പഞ്ചായത്ത് ഈ ക്ഷുദ്ര ജീവിയെ തുരത്താൻ നടപടി സ്വീകരിക്കുന്നീല്ല എന്നാണ് ആക്ഷേപം. പന്നിയെ കൊല്ലാൻ തോക്ക് ലൈസൻസ് ഉള്ളവരെ തേടി അലയേണ്ടി വരുന്ന സ്ഥിതി പഞ്ചായത്തുകൾക്ക് ഉണ്ട്. അതിനാൽ പഞ്ചായത്ത് അനങ്ങാപ്പാറനയം സ്വീകരിക്കുക ആണ്.