ADVERTISEMENT

മുഖത്തല∙ കോടികൾ മുടക്കി കണിയാംതോട് നവീകരിക്കുന്നതിന്റെ ആശ്വാസത്തിലാണ് കണിയാംതോട്ടിലെയും പെരുംകുളം ഏലായിലെയും ജനങ്ങൾ. മഴ ആരംഭിക്കുന്നതിന് മുൻപ് തോടുമായി ബന്ധപ്പെട്ട് മറ്റ് അത്യാവശ്യ നിർമാണപ്രവർത്തനങ്ങളും കൂടി നടത്തണമെന്ന ആവശ്യം ശക്തം. ആഴം കൂട്ടുന്നതിന്റെ ഭാഗമായി തോട്ടിൽ നിന്ന് എടുത്ത ചെളി മാറ്റണം. നിലവിൽ ഇവ തോടിന്റെ കരകളിലാണ് ഇട്ടിരിക്കുന്നത്. മഴ ആരംഭിച്ചാൽ ഇവ വയലിലേക്കും അവിടെ നിന്ന് തിരിച്ച് തോട്ടിലേക്കും ഇറങ്ങും.

ഇതുവഴിയുള്ള യാത്രയ്ക്കും ബുദ്ധിമുട്ടാകും . മണ്ണുമാന്തി ഇറക്കിയതിനെ തുടർന്ന് തോടിന്റെ പാർശ്വ ഭിത്തികൾ പലയിടത്തും തകർന്നിട്ടുണ്ട്. കണിയാംതോട് ഭാഗത്ത് ഒട്ടേറെ സ്ഥലങ്ങളിൽ നേരത്തെ തന്നെ പാർശ്വ ഭിത്തികൾ തകർന്നിരിക്കുകയാണ്. ഇവ അടിയന്തരമായി പുനർനിർമിച്ചില്ലെങ്കിൽ മഴക്കാലത്ത് തോട്ടിൽ നിന്നുള്ള വെള്ളം ഇരുകരയിലും താമസിക്കുന്നവരുടെ വീടുകളിലേക്ക് ഒഴുകിയെത്തും.തോട്ടിൽ നിന്നെടുത്ത ചെളി കണിയാംതോട് മുതൽ പെരുകുളം വരെ ഏകദേശം ഒരു കിലോമീറ്റർ ദൂരം കൂട്ടിയിട്ടിരിക്കുകയാണ്.

12.5കോടി രൂപ മുടക്കി മേജർ ഇറിഗേഷൻ വകുപ്പാണ് തോടിന്റെ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് മലയാള മനോരമ നേരത്തേ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ കൂടി ഫലമായിട്ടാണ് നവീകരണം ആരംഭിച്ചത്.കണിയാം തോടിന്റെ മറു ഭാഗമായ ചെറിയേല, തലച്ചിറ ഭാഗത്ത് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല. ജില്ലയിലെ ഏറ്റവും വലിയ ഏലായാണ് തൃക്കോവിൽവട്ടം പഞ്ചായത്തിൽ ഉൾപ്പെടുന്ന 5 കിലോമീറ്റർ ചുറ്റളവിലെ പെരുംകുളം ഏലാ. 

അതിനെ ജല സമൃദ്ധമാക്കുന്നത് കണിയാംതോടാണ്. കൃഷിക്കായി ഷട്ടറുകളും പ്രത്യേകം വൈദ്യുതി യൂണിറ്റും ഉണ്ടായിരുന്ന പെരുംകുളം ഏലായിൽ നെൽക്കൃഷി അന്യമായതോടെ ഇതെല്ലാം നശിച്ചു. തോട് പായലും കാടും കയറി . അതിനിടെ ചില കർഷകർ പെരുംകുളം ഏലായിൽ അങ്ങിങ്ങായി നെൽക്കൃഷി ഇറക്കിയിരുന്നു. കുട്ടനാട്ടിൽ നിന്നും കർഷകർ എത്തിയും നെൽക്കൃഷി നടത്തി നല്ല വിളവെടുപ്പ് നടത്തി. വേനൽക്കാലത്തും യഥേഷ്ടം വെള്ളം ലഭിക്കുന്ന തോടാണ് കണിയാംതോട്. തോടിന്റെ നവീകരണം നെൽക്കൃഷിക്കാരും ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com