ADVERTISEMENT

ഓച്ചിറ∙ ‘എന്റെ പ്രിയപ്പെട്ട വിദ്യാഭ്യാസ മന്ത്രി അപ്പൂപ്പന്. ഞങ്ങളുടെ സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് വരാമെന്നു പറഞ്ഞിട്ട് വരാത്തതിനാൽ ഞങ്ങൾക്ക് വിഷമമായി. ഞങ്ങൾ റോസാപൂവും മുണ്ടും ജുബ്ബയും ഇട്ട് കുറെനേരം കാത്തുനിന്നു. ടിവിയിൽ കാണുന്ന അപ്പൂപ്പൻ സ്കൂളിൽ വരുമെന്ന് ടീച്ചർ പറഞ്ഞപ്പോൾ എനിക്ക് സന്തോഷം ഉണ്ടായിരുന്നു. അപ്പൂപ്പൻ വരില്ല എന്നു മൈക്കിലൂടെ പറഞ്ഞപ്പോൾ എനിക്കും കൂട്ടുകാർക്കും ഒത്തിരി സങ്കടമായി. എല്ലാവരും ഞങ്ങളെ കളിയാക്കി. അതുകൊണ്ട് ഇനി എന്നെങ്കിലും ഞങ്ങളുടെ സ്കൂളിൽ വരണേ’ – മന്ത്രിയപ്പൂപ്പനെ കാണാൻ കാത്തിരുന്നിട്ടും അദ്ദേഹം എത്താത്തതിനാൽ അതിനു കഴിയാതെ പോയ ഒന്നാം ക്ലാസുകാരൻ ദേവനാഥിന്റെ വരികൾ ഇപ്പോൾ വൈറലാണ്. 

കുറുങ്ങപ്പള്ളി ഗ്രാമത്തിലെ ഗവ.എൽപി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടകനായിരുന്നു മന്ത്രി വി.ശിവൻകുട്ടി. കഴിഞ്ഞ 4ന് ആയിരുന്നു ഉദ്ഘാടനം. മന്ത്രി എത്താത്തതിനെത്തുടർന്ന് സി.ആർ.മഹേഷ് എംഎൽഎയാണ് ഉദ്ഘാടനം നിർവഹിച്ചത്. 75 വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ചടങ്ങായിരുന്നു കഴിഞ്ഞ ദിവസത്തെ ഉദ്ഘാടനം. തിരക്കുകൾ കാരണം മന്ത്രിക്ക് എത്താൻ കഴിയാതിരുന്നതിന്റെ വിഷമം മന്ത്രിക്കു തന്നെ കത്തെഴുതി അറിയിക്കുകയായിരുന്നു ദേവനാഥ്. സ്കൂളിലെ പ്രധാനാധ്യാപികയാണ് കത്ത് ആദ്യം വായിക്കുന്നത്. മന്ത്രിക്ക് അയച്ച കത്ത് പിന്നീട് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ദേവനാഥിന്റെ സങ്കടം ‘വൈറലായി’. പെൻസിൽ കൊണ്ടെഴുതിയ കത്തിൽ മന്ത്രി തന്റെ സ്കൂളിൽ ഇനി എത്തുമെന്നുള്ള പ്രതീക്ഷയും  പങ്കുവയ്ക്കുന്നുണ്ട്. 5 വർഷം മുൻപ് പൂട്ടലിന്റെ വക്കിലായിരുന്നു ഈ സ്കൂൾ. പിന്നീട് നാട്ടുകാരും പൂർവ വിദ്യാർഥികളും ജനപ്രതിനിധികളും ചേർന്നാണ് സ്കൂളിനെ മികച്ച നിലയിലേക്ക് എത്തിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com