ADVERTISEMENT

കൊല്ലം∙ നിശ്ശബ്ദമായൊരു മുന്നേറ്റത്തിന്റെ കാഴ്ച ആയിരുന്നു അത്. നൈപുണ്യ വികസനത്തിലൂടെ സംരംഭകരായ മാറിയ, 1500 വനിതകളുടെ സംഗമം. ഏറെയും ഗ്രാമീണ മേഖലയിൽ നിന്നുള്ളവർ. അവരിൽ മികച്ച നേട്ടമുണ്ടാക്കിയ 100 പേർക്ക് ആദരം. ലോക വനിതാ ദിനത്തിന്റെ ഭാഗമായി കേരള അസോസിയേഷൻ ഓഫ് റൂറൽ ഡവലപ്മെന്റ്, നബാർഡിന്റെയും കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള ജൻശിക്‌ഷൺ സൻസ്ഥാന്റെയും സഹകരണത്തോടെ നടത്തിയ ‘ഉണർവ്’ മേളയിലാണ് സംരംഭക സംഗമം നടന്നത്.

സംരംഭകരുടെ ഉൽപന്ന പ്രദർശനം കലാപരിപാടി എന്നിവയും നടന്നു. 2006ൽ പ്രവർത്തനം തുടങ്ങിയ കേരള അസോസിയേഷൻ ഓഫ് റൂറൽ ഡവലപ്മെന്റ് (കാർഡ്) ജില്ലയിൽ ഇതുവരെ 50,000 പേർക്ക് സൗജന്യ തൊഴിൽ പരിശീലനം നൽകിയിട്ടുണ്ട്. ജൻശിക്‌ഷൺ സൻസ്ഥാൻ, നബാർഡിന്റെ മൈക്രോ എന്റർപ്രൈസസ് ഡവലപ്മെന്റ് പ്രോഗ്രാം, ദീൻദയാൽ ഉപാധ്യായ കരകൗശല പദ്ധതി തുടങ്ങിയവയിലൂടെ ആണ് പരിശീലനം.

ബ്യൂട്ടിഷ്യൻ, തയ്യൽ, ഭക്ഷ്യ സംസ്കരണം, ആഭരണ നിർമാണം, കൃഷിയും അനുബന്ധ തൊഴിലും തുടങ്ങി ഫൊട്ടോഗ്രഫി, എഡിറ്റിങ് തുടങ്ങിയ കോഴ്സുകളിൽ വരെ പരിശീലനം നൽകുന്നുണ്ട്. ദീൻ ദയാൽ പദ്ധതിയിൽ ഈ വർഷം 300 പേർക്ക് ഫോട്ടോഗ്രഫി, എഡിറ്റിങ് എന്നിവയിൽ പരിശീലനം നൽകി.

പരിശീലനം പൂർത്തിയാക്കുന്നവരുടെ കൂട്ടുത്തരവാദിത്വ ഗ്രൂപ്പുകൾ രൂപീകരിച്ച്, നബാർഡ് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ സഹകരണത്തോടെ കുറഞ്ഞ നിരക്കിൽ വായ്പ ലഭ്യമാക്കിയാണ് ഗ്രാമീണ വനിതകളെ സംരംഭകർ ആക്കി മാറ്റുന്നത്. ജില്ലയിൽ 21 കോടി രൂപ വായ്പ നൽകുകയുണ്ടായി. 15,000 മുതൽ 50,000 രൂപവരെ പ്രതിമാസ വരുമാനം നേടുന്നവരെ ആണ് സംഗമത്തിൽ ആദരിച്ചത്. കാർഡ് ചെയർമാൻ ഡോ. നടയ്ക്കൽ ശശിയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ.

സ്ത്രീകൾ അധികാരത്തിൽ നിന്ന് അകലെ: മന്ത്രി ചിഞ്ചുറാണി
ഭരണഘടന തുല്യത ഉറപ്പു നൽകുമ്പോഴും സ്ത്രീകൾ അതിൽ നിന്നു വളരെ അകലെ ആണെന്നു മന്ത്രി ജെ. ചിഞ്ചുറാണി. അർഹമായ സ്ഥാനമോ വേതനമോ സ്ത്രീകൾക്ക് ലഭിക്കുന്നില്ല. വനിതാ ദിനാചരണത്തിന്റെ ഭാഗമായി നബാർഡ്, ജൻ ശിക്‌ഷൺ സൻസ്ഥാൻ എന്നിവയുടെ സഹകരണത്തോടെ കേരള അസോസിയേഷൻ ഓഫ് റൂറൽ ഡവലപ്മെന്റ് നടത്തിയ ഉണർവ് വനിതാ സംരംഭക മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു.

നിയമ നിർമാണം നടക്കുന്ന പാർലമെന്റിലും നിയമസഭയിലും സ്ത്രീകളുടെ എണ്ണം കുറവാണ്. 140 അംഗ സംസ്ഥാന നിയമസഭയിൽ 11 സ്ത്രീകൾ മാത്രമാണുള്ളത്. പാർലമെന്റിൽ 15 ശതമാനം പോലും സ്ത്രീ പ്രാതിനിധ്യമില്ല. വനിതാ ബിൽ അവതരിപ്പിച്ചെങ്കിലും അടുത്ത 5 വർഷത്തേക്ക് അതിന്റെ ഗുണം ലഭിക്കില്ല. സ്ത്രീകൾ പഞ്ചായത്തുകൾ ഭരിച്ചാൽ മതിയെന്ന നിലപാടാണ് ഭരണാധികാരികൾക്ക് ഉള്ളതെന്ന് മന്ത്രി പറഞ്ഞു.

കാർഡ് ചെയർമാൻ ഡോ.നടയ്ക്കൽ ശശി അധ്യക്ഷത വഹിച്ചു. മേയർ പ്രസന്ന ഏണസ്റ്റ് സംരംഭകരെ ആദരിച്ചു. നാഷനൽ എൻജിഒ കോൺഫെഡറേഷൻ ചെയർമാ‍ൻ കെ.എൻ.ആനന്ദകുമാർ, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. എം.ആർ.തമ്പാൻ, കേരള ടെക്നിക്കൽ സർവകലാശാല അസി. റജിസ്ട്രാർ. ഡോ.കെ.ബിജു, കാർഡ് പ്രോഗ്രാം ഓഫിസർ രശ്മി ജി.നായർ, എസ്.സുധീശൻ,. ജെ.സി.അനിൽ, ബി.സന്തോഷ് കുമാർ, സി.പി.ജെസിൻ എന്നിവർ പ്രസംഗിച്ചു.

സ്ത്രീ സുരക്ഷയും സാമ്പത്തിക ഭദ്രതയും സെമിനാർ. ധനുവച്ചപുരം എൻഎസ്എസ് കോളജ് മലയാള വിഭാഗം മേധാവി ഡോ.ബെറ്റിമോൾ ഉദ്ഘാടനം ചെയ്തു. കേരള സർവകലാശാല സംസ്കൃത വിഭാഗം അസോഷ്യേറ്റ് പ്രഫസർ ഡോ.ഉഷ രാജാവാരിയർ വിഷയം അവതരിപ്പിച്ചു. എസ്.ലീല, കൊല്ലം ലീഡ് ബാങ്ക് മാനേജർ വി.ടി.അരുണിമ, കെ.ശ്രീലത, ആർ. ശ്രീജ, എസ്.ഗൗരി എന്നിവർ പ്രസംഗിച്ചു.

വനിതകളും സംരംഭവും എന്ന വിഷയം ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ ശിവകുമാർ അവതരിപ്പിച്ചു. പ്രഫ. കോന്നി ഗോപകുമാർ അധ്യക്ഷത വഹിച്ചു. പി.ജയകൃഷ്ണൻ, ബി.ചന്ദ്രമോഹൻ,ഡോ.എസ്.രാഗിണി അധ്യക്ഷത വഹിച്ചു. കലാ–സാംസ്കാരിക മേള ഡോ.രാജാ വാരിയർ ഉദ്ഘാടനം ചെയ്തു. എസ്.സുധീശൻ അധ്യക്ഷത വഹിച്ചു. എസ്.ശ്രുതി, ഉഷാ റാണി എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com