ADVERTISEMENT

കൊല്ലം∙ സ്വതന്ത്രവും നീതിപൂർവകവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനായി ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലെല്ലാം കർശന പരിശോധനയ്ക്കായി സംവിധാനം ഏർപ്പെടുത്തിയെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ കലക്ടർ എൻ. ദേവിദാസ് പറഞ്ഞു. സ്ഥാനാർഥികളുടെ പ്രചാരണ ചെലവുകൾ, സാമ്പത്തികം ഉൾപ്പെടെ അനധികൃത ഇടപാടുകൾ, അനധികൃത ആയുധ ശേഖരണം, മദ്യവിതരണം, സാമൂഹികവിരുദ്ധ പ്രവർത്തനം തുടങ്ങിയവ സർവൈലൻസ് ടീം നിരീക്ഷിക്കും. 

ആലപ്പുഴ, മാവേലിക്കര, കൊല്ലം എന്നിവിടങ്ങളിലെ 11 നിയമസഭാ മണ്ഡലങ്ങളിലുമായാണ് പ്രവർത്തനം. പ്രതിദിന പ്രവർത്തന റിപ്പോർട്ട് സംഘം സമർപ്പിക്കും. ഓരോ നിയമസഭാ മണ്ഡലത്തിലും ഒരു എക്സിക്യൂട്ടീവ് മജിസ്ട്രേട്ടും നാലു വരെ പൊലീസ് ഉദ്യോഗസ്ഥർ അടങ്ങുന്ന മൂന്നോ അതിലധികമോ ടീമുകൾ ചെക്ക്‌പോസ്റ്റുകൾ കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തും. ഇവ എക്‌സിക്യൂട്ടീവ് മജിസ്ട്രേട്ടിന്റെ സാന്നിധ്യത്തിൽ വിഡിയോയിൽ പകർത്തി റിപ്പോർട്ട് സമർപ്പിക്കും. 

പരിശോധനയ്ക്കിടെ ക്രിമിനൽ പ്രവർത്തനം ബോധ്യപ്പെട്ടാൽ നടപടി സ്വീകരിക്കും. വനിതാ ഉദ്യോഗസ്ഥയുടെ സാന്നിധ്യത്തിലാകും വനിതകളെ പരിശോധിക്കുക. പൊതുജനങ്ങൾക്ക് സംഘത്തെ സംബന്ധിച്ച പരാതികൾ ഡപ്യൂട്ടി ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ അല്ലെങ്കിൽ ഫിനാൻസ് ഓഫിസർക്ക് സമർപ്പിക്കാം.

താര പ്രചാരകർക്ക് സ്വകാര്യ ആവശ്യങ്ങൾക്കായി ഒരു ലക്ഷം രൂപ വരെയും പാർട്ടി പ്രവർത്തകർക്ക് പാർട്ടി ട്രഷററുടെ തുക രേഖപ്പെടുത്തിയ സാക്ഷ്യപത്രം സഹിതവുമാണ് അനുവദനീയം. രേഖകളുടെ പകർപ്പ് പരിശോധകർക്ക് നൽകണം. 10 ലക്ഷം രൂപയിൽ അധികം പണം കണ്ടെത്തിയാൽ ആദായ നികുതി വകുപ്പിനെ വിവരം അറിയിക്കും. 

∙ വേണ്ട എഐ
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ നിർമിതബുദ്ധി ഉപയോഗിച്ചുള്ള തെറ്റായ പ്രചാരണങ്ങൾ അനുവദിക്കില്ല. ഗൃഹ കേന്ദ്രീകൃത വോട്ടിങ് സംവിധാനത്തിൽ ഭിന്നശേഷിക്കാർ, 85 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും വോട്ട് ചെയ്യാം. ഇവരിൽ അന്ധതയോ ശാരീരിക അവശതയോ കാരണം ഏതെങ്കിലും ആൾക്കു വോട്ട്‌ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, വോട്ടു ചെയ്യുന്നതിന് പ്രായപൂർത്തിയായ ഏതെങ്കിലും വ്യക്തിയുടെ സഹായം സ്വീകരിക്കാൻ അനുവദിക്കും. 

∙ ബാങ്ക് അക്കൗണ്ട്
മത്സരിക്കുന്ന സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടുള്ള വരവ്-ചെലവ് കണക്കുകൾ പരിശോധിക്കുന്നതിനാൽ പ്രത്യേകം ബാങ്ക് അക്കൗണ്ട് തുറക്കണം. നാമനിർദേശ പത്രികാ സമർപ്പണത്തിന് ഒരു ദിവസം മുൻപെങ്കിലും അക്കൗണ്ട് എടുത്തിരിക്കണം. നിലവിലുള്ള ബാങ്ക് അക്കൗണ്ടുകൾ തിരഞ്ഞെടുപ്പു ചെലവുകൾക്കായി അനുവദിക്കില്ല. 

12,000 ജീവനക്കാർഡ്യൂട്ടിക്ക് 
പാർലമെന്റ് തിരഞ്ഞെടുപ്പിന് ജില്ലയിൽ 12,000 ജീവനക്കാരെ നിയമിക്കും. ഇതിന് സ്ഥാപനങ്ങളുടെയും ജീവനക്കാരുടെയും റജിസ്ട്രേഷൻ ആരംഭിച്ചു. രണ്ടായിരത്തിലേറെ സ്ഥാപനങ്ങൾ റജിസ്റ്റർ ചെയ്തു. സർക്കാർ ഓഫിസുകൾ, പൊതുമേഖലാ ബാങ്കുകൾ തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാരെയാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായി നിയമിക്കുന്നത്. 

സ്ഥാപന മേധാവികൾ അതതു തദ്ദേശ സ്ഥാപനങ്ങളിലേക്ക് പോർട്ടൽ മുഖേനയാണ് സ്ഥാപന റജിസ്ട്രേഷൻ നടത്തുന്നത്. ഇതു പ്രൊവിഷനൽ നികുതി റജിസ്റ്ററുമായി ഒത്തു നോക്കി ശരിയാണെന്ന് ഉറപ്പു വരുത്തിയ ശേഷം ജീവനക്കാരുടെ പട്ടിക അപ് ലോഡ് ചെയ്യാൻ അനുമതി നൽകും. പോർട്ടലിലേക്ക് അപ്‌ലോഡ് ചെയ്യുമ്പോൾ, തിരഞ്ഞെടുപ്പു ജോലിയിൽ നിന്നു ഒഴിവാക്കേണ്ടവരുടെ വിവരം കാരണ സഹിതം രേഖപ്പെടുത്തും. ഇതിന് ആവശ്യമായ സർട്ടിഫിക്കറ്റും ഉൾപ്പെടുത്തിയാണ് സമർപ്പിക്കുന്നത്.

പട്ടികയുടെ കടലാസ് പകർപ്പും തദ്ദേശ സ്ഥാപനങ്ങളിൽ സമർപ്പിക്കണം. ഇവ പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷമാണ് ജില്ലാ കേന്ദ്രങ്ങളിലേക്ക് അയയ്ക്കുന്നത്. തിരഞ്ഞെ‍െടുപ്പ് ജോലിക്ക് നിയോഗിച്ചു കൊണ്ടുള്ള ഉത്തരവ് അതത് സ്ഥാനങ്ങളിലേക്ക് ഓൺ ലൈൻ ആയാണ് അയയ്ക്കുന്നത്.

മുകേഷിനെതിരെതിരഞ്ഞെടുപ്പ് കമ്മിഷനു പരാതി
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച എൽഡിഎഫ് സ്ഥാനാർഥി എം. മുകേഷിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു ഡിടിപിസി കോൺട്രാക്ട് ബോട്ട് ഓണേഴ്സ് ആൻഡ് സ്റ്റാഫ് അസോസിയേഷൻ തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകി.

വോട്ടർമാരെ സ്വാധീനിക്കുന്നതിനായി പെരുമാറ്റച്ചട്ടം നിലവിൽ വന്നശേഷം പുതിയ സൗകര്യങ്ങൾ അനുവദിക്കാനുള്ള പ്രഖ്യാപനം നടത്തുകയും അതിന് അനുസൃതമായി ഡിടിപിസിയെ കൊണ്ടു തീരുമാനം എടുപ്പിച്ച് നിയമവിരുദ്ധമായി നടപ്പാക്കാൻ ശ്രമിക്കുന്നതിനാണു പരാതി നൽകിയത്. 

സാമ്പ്രാണിക്കോടി തുരുത്തിലേക്കു സർവീസ് നടത്തുന്ന ബോട്ടുകൾ കുരീപ്പുഴ പള്ളി, പ്രാക്കുളം മണലിൽ ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നു സാമ്പ്രാണിക്കോടിയിലേക്കു സർവീസ് നടത്തണമെന്ന് എംഎൽഎയുടെ പ്രതിനിധി കൂടി പങ്കെടുത്ത യോഗം തീരുമാനിച്ചു.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ ഇതുമായി ബന്ധപ്പെട്ട ഉത്തരവുകൾ നൽകാതെ വാക്കാൽ നിർദേശം നൽകി പുതിയ സർവീസുകൾ ആരംഭിക്കാൻ എം.മുകേഷ് എംഎൽഎനിർബന്ധിക്കുന്നതായി പരാതിയിൽ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com