യാത്രക്കാരെ പെരുവഴിയിലാക്കി റെയിൽവേ ‘അഭ്യാസം’; പ്രതിഷേധിച്ചപ്പോൾ വഞ്ചിനാടിൽ പരിഹാരം

Mail This Article
കൊല്ലം∙ എസ്എസ്എൽസി പരീക്ഷ ഡ്യൂട്ടിക്ക് പോയ അധ്യാപകർ ഉൾപ്പെടെയുള്ള യാത്രക്കാരെ മുന്നറിയിപ്പില്ലാതെ പെരുവഴിയിലാക്കി റെയിൽവേ. ആദ്യം എത്തിയ കന്യാകുമാരി എക്സ്പ്രസ് മുന്നറിയിപ്പില്ലാതെ സ്റ്റോപ് ഇല്ലാത്ത സ്റ്റേഷനുകളിൽ ഉൾപ്പെടെ പിടിച്ചിട്ട് പിന്നാലെ വന്ന ട്രെയിനുകൾ കടത്തിവിട്ടതാണ് യാത്രക്കാരെ വലച്ചത്. ഇതോടെ മാറിക്കയറാനുള്ള അവസരവും യാത്രക്കാർക്ക് ലഭിച്ചില്ല. തുടർന്ന് പെരിനാട് സ്റ്റേഷനിൽ യാത്രക്കാർ പ്രതിഷേധിച്ചതോടെ ഇവിടെ സ്റ്റോപ്പില്ലാത്ത വഞ്ചിനാട് എക്സ്പ്രസ് നിർത്തി യാത്രക്കാരെ കയറ്റിവിട്ടു.
രാവിലെ 7 മണിയോടെ കായംകുളത്ത് എത്തിയ കന്യാകുമാരി എക്സ്പ്രസ് പിടിച്ചിട്ട് പിന്നാലെ വന്ന ട്രെയിനുകൾ കടത്തിവിട്ടതാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് യാത്രക്കാർ പറയുന്നു. കന്യാകുമാരി എക്സ്പ്രസ് ഇന്ന് കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിക്കുമെന്ന് അറിയിപ്പുണ്ടായിരുന്നു. എന്നാൽ ഈ ട്രെയിന് മറ്റു സ്റ്റേഷനുകളിൽ നിയന്ത്രണമുള്ള അറിയിപ്പ് നൽകിയിരുന്നില്ലെന്നും യാത്രക്കാർ ആരോപിക്കുന്നു. സ്റ്റേഷനിലും ഇതു സംബന്ധിച്ച അറിയിപ്പ് ലഭിക്കാതായതോടെ കോട്ടയം ഭാഗത്തു നിന്നുള്ള യാത്രക്കാർ ട്രെയിൻ മാറിക്കയറാനാകാത്ത അവസ്ഥയിലായി. തുടർന്ന് പെരിനാട് സ്റ്റേഷനിലും കന്യാകുമാരി എക്സ്പ്രസ് പിടിച്ചിട്ടതോടെ യാത്രക്കാർ പ്രതിഷേധിക്കുകയായിരുന്നു.