ADVERTISEMENT

കൊല്ലം∙ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് 10 മാസം മുൻപു പ്രചാരണം തുടങ്ങിയതാണ് ഡപ്യൂട്ടി കലക്ടർ ജേക്കബ് സഞ്ജയ് ജോണിന്റെ നേതൃത്വത്തിൽ ഉള്ള ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം ഓഫിസ്.ചിലപ്പോൾ അർധരാത്രി വരെയാണ് ജോലി. പോളിങ് ബൂത്ത് തയാറാക്കൽ, വോട്ടർ പട്ടികയിൽ പേരു ചേർക്കൽ, മരിച്ചവരുടെയും സ്ഥിരമായി താമസം മാറിയവരുടെയും പേര് നീക്കം ചെയ്തു ശുദ്ധീകരണം, ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ തയാറാക്കൽ, ബൂത്ത് ലവൽ ഏജന്റുമാരെ നിയോഗിക്കൽ, പോളിങ് ഉദ്യോഗസ്ഥരെ നിയമിക്കൽ, വോട്ടെടുപ്പ്, വോട്ട് എണ്ണൽ തുടങ്ങി നൂറുകൂട്ടം കാര്യങ്ങളാണ് ഇവരുടെ ചുമലിൽ.

പോളിങ് സ്റ്റേഷനിലേക്ക് ആവശ്യമായ മുഴുവൻ സാധനങ്ങളും ഒരുക്കണം.ഇപ്പോൾ പേരു ചേർക്കുന്ന പ്രക്രിയയിലാണ് കൂടുതൽ ശ്രദ്ധ.  കഴിഞ്ഞ ജൂണിൽ, ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ തകരാർ പരിശോധിച്ചു കൊണ്ടാണ് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രവർത്തനം തുടങ്ങിയത്. തുടർന്നു പോളിങ് സ്റ്റേഷനുകളുടെ പരിശോധന. ജില്ലയിൽ, കൊല്ലം, മാവേലിക്കര, ആലപ്പുഴ ലോക് സഭാ മണ്ഡലങ്ങളിലായി 1951 പോളിങ് സ്റ്റേഷനുണ്ട്. രാഷ്ട്രീയകക്ഷി നേതാക്കളുമായുള്ള ചർച്ച, ഉദ്യോഗസ്ഥർക്കുള്ള പരിശീലനം തുടങ്ങിയവയും നടക്കുന്നുണ്ട്.

പോളിങ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. പെരുമാറ്റ ചട്ടലംഘനവുമായി ബന്ധപ്പെട്ട പരാതികളിൽ നടപടി എടുക്കുകയും വേണം.  തിരഞ്ഞെടുപ്പ് വിഭാഗത്തിൽ ജൂനിയർ സൂപ്രണ്ട് കെ.സുരേഷ്, സീനിയർ ക്ലാർക്ക്  ജെ.ഷിഹാബുദീൻ, എ.ആനന്ദ്, ഹെഡ് ക്ലാർക്ക് ആർ.ബി.ഷൈൻ ഉൾപ്പെടെ ഇരുപതോളം ജീവനക്കാർ ആണ് ഉള്ളത്. വിവിധ വകുപ്പുകളിൽ നിന്നു ഡപ്യൂട്ടേഷൻ വ്യവസ്ഥയിലും തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. 

തിരഞ്ഞെടുപ്പ് ജോലികൾക്കായി ‘ഓഡർ’ 
കൊല്ലം ∙ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജീവനക്കാരെ നിയോഗിക്കുന്നതുൾപ്പെടെയുള്ള നടപടിക്രമങ്ങൾ ഇത്തവണ  ‘ഓഡർ’ സോഫ്റ്റ്‌വെയറിലൂടെ. കുറ്റമറ്റ പ്രവർത്തനം ഉറപ്പാക്കുന്നതിനാണ് സംവിധാനമെന്ന് ജില്ലാ കലക്ടർ എൻ. ദേവിദാസ് വ്യക്തമാക്കി.  ഉദ്യോഗസ്ഥർക്ക് വോട്ടുള്ള നിയോജകമണ്ഡലത്തിലും നിലവിൽ ജോലി ചെയ്യുന്ന മണ്ഡലത്തിലും ചുമതല നൽകില്ല. ഏപ്രിൽ 24ന് വിവിധ പോളിങ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ പൂർണവിവരം ലഭ്യമാകും.

ഓരോ പോളിങ് ബൂത്തിലും പ്രിസൈഡിങ് ഓഫിസർ, ഫസ്റ്റ് പോളിങ് ഓഫിസർ, പോളിങ് ഓഫിസർ, പോളിങ് അസിസ്റ്റന്റ് എന്നിങ്ങനെ 4 ഉദ്യോഗസ്ഥരെയാണ് നിയമിക്കുന്നത്. പ്രാദേശിക-സാമൂഹിക- രാഷ്ട്രീയ സാഹചര്യങ്ങളെ മുൻനിർത്തി തിരഞ്ഞെടുത്ത പോളിങ് ബൂത്തുകൾക്ക് പ്രത്യേക ക്രമീകരണങ്ങൾ സജ്ജമാക്കും.  പ്രശ്‌നബാധിത പോളിങ് ബൂത്തുകളിൽ വെബ്കാസ്റ്റിങ് ഏർപ്പെടുത്തും. മൈക്രോ ഒബ്‌സർവറുടെ സേവനവും ബൂത്തിൽ ഉറപ്പുവരുത്തും. പരാതിരഹിതവും സുതാര്യവുമായ രീതിയിലാണ് നടപടിക്രമങ്ങൾ പുരോഗമിക്കുന്നത് എന്ന് ജില്ലാ ഇൻഫോമാറ്റിക്‌സ് ഓഫിസർ ജിജി ജോർജ് പറഞ്ഞു.

1951 പോളിങ് സ്റ്റേഷൻ
കൊല്ലം∙ ജില്ലയിൽ 3 ലോക് സഭാ മണ്ഡലങ്ങളിലായി 1951 പോളിങ് സ്റ്റേഷൻ. 
∙ കൊല്ലം: 1215 (പുനലൂർ– 196, ചടയമംഗലം–187, കുണ്ടറ–185, കൊല്ലം–164, ഇരവിപുരം–159, ചാത്തന്നൂർ–159, ചവറ–165).
∙ മാവേലിക്കര: 554 (കുന്നത്തൂർ–199, കൊട്ടാരക്കര– 186, പത്തനാപുരം– 169)
∙ ആലപ്പുഴ–182. (കരുനാഗപ്പള്ളി– 182).

പോളിങ് സാമഗ്രികളുടെ  വിതരണം 11 കേന്ദ്രങ്ങളിൽ
കൊല്ലം∙ ജില്ലയിൽ പോളിങ് സാമഗ്രികളുടെ വിതരണം 11 കേന്ദ്രങ്ങളിൽ. നിയമസഭാ മണ്ഡലം അടിസ്ഥാനത്തിൽ ആണ് ഇത്. വോട്ടെടുപ്പു പൂർത്തിയായ ശേഷം ഇവ വിതരണ കേന്ദ്രങ്ങളിൽ തന്നെ എത്തിക്കണം.  അവിടെ താൽക്കാലിക സ്റ്റോർ റൂമിൽ സൂക്ഷിക്കുന്ന വോട്ടിങ് യന്ത്രങ്ങളും മറ്റും  വോട്ടെണ്ണൽ കേന്ദ്രത്തിലെ പ്രധാന സ്റ്റോർ റൂമിലേക്ക് മാറ്റും.  ജിപിഎസ് ഘടിപ്പിച്ച വാഹനങ്ങളിൽ പൊലീസ് അകമ്പടിയിലാണ് ഇവ മാറ്റുന്നത്. കൊല്ലം മണ്ഡലത്തിന്റെ വോട്ടെണ്ണൽ കേന്ദ്രം സെന്റ് അലോഷ്യസ് സ്കൂൾ ആണ്.
1. കരുനാഗപ്പള്ളി– ലോർഡ്സ് പബ്ലിക് സ്കൂൾ കരുനാഗപ്പള്ളി.
2. ചവറ– ശ്രീവിദ്യാധിരാജ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, കരുനാഗപ്പള്ളി.  
3. കുന്നത്തൂർ–   കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ  ദേവസ്വം ബോർഡ് കോളജ്, ശാസ്താംകോട്ട, 
4. കൊട്ടാരക്കര– ഗവ. ബോയ്സ് എച്ച്എസ്എസ് കൊട്ടാരക്കര.
 5. പത്തനാപുരം– സെന്റ് സ്റ്റീഫൻസ് സ്കൂൾ, പത്തനാപുരം.
6. പുനലൂർ– ഗവ.എച്ച്എസ്എസ് പുനലൂർ.
7. ചടയമംഗലം– ഗവ. ബോയ്സ് എച്ച്എസ്എസ് കൊട്ടാരക്കര.
8.കുണ്ടറ–സെന്റ് അലോഷ്യസ് എച്ച്എസ്എസ് തങ്കശ്ശേരി കൊല്ലം.
9. കൊല്ലം–സെന്റ് അലോഷ്യസ് എച്ച്എസ്എസ് തങ്കശ്ശേരി കൊല്ലം.
10. ഇരവിപുരം– ഗവ.മോഡൽ ബോയ്സ് എച്ച്എസ്എസ്, തേവള്ളി കൊല്ലം
11. ചാത്തന്നൂർ –ഗവ.മോഡൽ ബോയ്സ് എച്ച്എസ്എസ്, തേവള്ളി കൊല്ലം

സമ്പൂർണ ഹരിതചട്ടം ഉറപ്പാക്കണം :കലക്ടർ
കൊല്ലം ∙ ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്  സമ്പൂർണ ഹരിതചട്ടം  ഉറപ്പാക്കണമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ ജില്ലാ കലക്ടർ എൻ ദേവിദാസ്. പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി എം.സി.സി/ആന്റി-ഡിഫേസ്‌മെന്റ്  തുടങ്ങിയ സ്‌ക്വാഡുകൾ  പിടിച്ചെടുക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ/സ്ഥാനാർഥികളുടെ പോസ്റ്റർ, ബാനർ, ബോർഡ്, കൊടിതോരണങ്ങൾ എന്നിവ ശാസ്ത്രീയമായ രീതിയിൽ സംസ്‌കരിക്കണം.

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ ചുമതലപ്പെടുത്തിയിട്ടുളള ഉദ്യോഗസ്ഥൻ നിർദേശിക്കുന്ന ഏജൻസിക്കോ ഹരിതകർമ്മ സേനയ്ക്കോ ജീവനക്കാർക്കോ ഇവ നിർബന്ധമായി കൈമാറണം. പിടിച്ചെടുക്കുന്ന പ്രചാരണ സാമഗ്രികൾ അലക്ഷ്യമായി പൊതുസ്ഥലങ്ങളിലും  കരഭൂമികളിലോ വലിച്ചെറിയാൻ പാടില്ല. ചട്ടലംഘനം കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകുമെന്നും അറിയിച്ചു.

വോട്ടർ പട്ടികയിൽ  നാളെ വരെ പേരു ചേർക്കാം
കൊല്ലം ∙ ലോക് സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ നാളെ വരെ പേരു ചേർക്കാം.  2024 ജനുവരി ഒന്നിന് 18 വയസ്സ് പൂ‍ർത്തിയാകണം. ഇതു കഴിഞ്ഞാൽ 6 മാസം പേരു ചേർക്കാൻ കഴിയില്ല. പേര് ചേർക്കാൻ: 1. വോട്ടർ ഹെൽപ് ലൈൻ (മൊബൈൽ ആപ്), 2. voters.eci.gov.in (വെബ്സൈറ്റ്), 3. electoralsearch.eci.gov.in( പോർട്ടൽ). 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com