ചമയവിളക്കെടുത്ത്, വിശ്വാസ നിറവിൽ...

Mail This Article
ചവറ ∙ വിശ്വാസപ്പെരുമയുടെ തിരികൾ തെളിച്ച് രണ്ടു രാത്രികളെ വർണാഭമാക്കി കൊറ്റൻകുളങ്ങര ചമയവിളക്ക് സമാപിച്ചു. മീനം 10, 11 തീയതികളിൽ പുരുഷൻമാർ സ്ത്രീ വേഷം ചമഞ്ഞ് ഭക്തിപൂർവം വിളക്കേന്തുന്ന ഉത്സവത്തിന്റെ അവസാന ദിവസം കോട്ടയ്ക്കകം, കുളങ്ങര ഭാഗം കരകൾ സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിച്ചത്. രാവിലെ കുഞ്ഞാലുംമൂട്ടിൽ നിന്നുള്ള ഉരുൾച്ചയ്ക്കു ശേഷം ബാലിക–ബാലന്മാരുടെ താലപ്പൊലി നടന്നു. തുടർന്ന് ക്ഷേത്ര മൈതാനിയിലെ വടക്കേ കൽത്തറയിൽ താൽക്കാലിക ശ്രീകോവിലായി കുരുത്തോലപ്പന്തൽ ഉയർന്നു.
വൈകിട്ട് കടത്താറ്റു വയലിൽ കെട്ടുകാഴ്ച കഴിഞ്ഞതോടെ വിളക്കെടുക്കാനായി അംഗനാവേഷധാരികളായി ഭക്തർ എത്തിത്തുടങ്ങി. രാത്രി 11 ന് കാവാലം ശ്രീകുമാറിന്റെ സംഗീത സദസ്സ് നടന്നു. തുടർന്ന് കുഞ്ഞാലുംമൂട് വരെ റോഡിനിരുവശവും ചമയവിളക്ക് ഏന്തിയ പുരുഷാംഗനമാർ നിരന്നു. വെളിച്ചപ്പാടും ജീവതയും ഓലക്കുടയും ഉറഞ്ഞു തുള്ളി വിളക്ക് കണ്ട് അനുഗ്രഹം ചൊരിഞ്ഞുള്ള എഴുന്നള്ളത്ത് ഭക്തിനിർഭരമായി.
പുലർച്ചെ ക്ഷേത്ര തീർഥത്തിൽ ആറാട്ട് കഴിഞ്ഞ് ദേവീ കുരുത്തോലപ്പന്തലിൽ എത്തിയതോടെ വിളക്കെടുത്തവർ കാണിക്കയർപ്പിച്ചു വിളക്ക് കെടുത്തി മടങ്ങി. വിളക്കെടുത്തവരെയും കാണാൻ എത്തിയവരെയും വെളിച്ചപ്പാട് ഭസ്മം തൂകി അനുഗ്രഹിച്ചു.