ADVERTISEMENT

കരുനാഗപ്പള്ളി ∙ പുതിയകാവ്–ചക്കുവള്ളി റോഡിൽ കൊച്ചു കുറ്റിപ്പുറം ജംക്‌ഷനിലുണ്ടായ അപകടം ആർക്കും സംഭവിക്കാവുന്നതെങ്കിലും ആ ദുരന്തത്തിന്റെ ഭീതിയിൽ നിന്ന് ദൃക്സാക്ഷികളും ദുരന്തത്തിനിരയായ സന്ധ്യയും ഇനിയും വിട്ടൊഴിഞ്ഞിട്ടില്ല. അപകടത്തിന്റെ തീവ്രത ജനം മനസ്സിലാക്കിയത് തൊട്ടടുത്തുള്ള കടകളിലെ സിസിടിവി ദൃശ്യങ്ങളിൽ‌ നിന്നാണ്. ആ ദൃശ്യങ്ങൾ വിഡിയോ സന്ദേശമായി വാട്സാപ് ഗ്രൂപ്പുകളിൽ എത്തിയതോടെയാണ് കൂടുതലാളുകൾ വാർത്ത അറിഞ്ഞത്. കേബിൾ വലിച്ചപ്പോൾ വൈദ്യുതി കമ്പികളോ, പോസ്റ്റോ പൊട്ടി വീഴാഞ്ഞത് വൻ ദുരന്തം ഒഴിവാക്കി.




ലോറിയിൽ കുരുങ്ങി അപകടമുണ്ടാക്കിയ കേബിൾ റോഡിൽ വീണു കിടക്കുന്നു.
ലോറിയിൽ കുരുങ്ങി അപകടമുണ്ടാക്കിയ കേബിൾ റോഡിൽ വീണു കിടക്കുന്നു.

തടിലോറിയിൽ കുടുങ്ങിയ കേബിൾ സ്കൂട്ടറിൽ കുരുങ്ങി തെറിച്ചു വീണ് സൗത്ത്–വെസ്റ്റ് തഴവ ഉത്രാടം വീട്ടിൽ സന്ധ്യ(43)യ്ക്കാണു പരുക്കേറ്റത്. നട്ടെല്ലിനു ക്ഷതമേറ്റ സന്ധ്യ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടിനാണു സംഭവം. സന്ധ്യയുടെ ഭർത്താവ് തുളസീധരൻ ഇവിടെ എസ്എൻ ടൂവീലർ വർക്‌ഷോപ് നടത്തുകയാണ്. സംഭവസമയത്തു തുളസീധരൻ ഇവിടെ ഉണ്ടായിരുന്നില്ല. വർക്‌ഷോപ്പിലെത്തിയ സന്ധ്യ സ്കൂട്ടറിൽ മടങ്ങാനൊരുമ്പോഴാണ് അപകടം. അപകടം നടന്നിട്ടും നിർത്താതെ പോയ ലോറി നാട്ടുകാർ പിന്തുടർന്നു തടഞ്ഞു. കരുനാഗപ്പള്ളി പൊലീസ് കേസെടുത്തു.



തഴവ കൊച്ചുകുറ്റിപ്പുറം ജംക്‌ഷനിൽ അപകടം ഉണ്ടാക്കിയ തടി കയറ്റി വന്ന ലോറി.
തഴവ കൊച്ചുകുറ്റിപ്പുറം ജംക്‌ഷനിൽ അപകടം ഉണ്ടാക്കിയ തടി കയറ്റി വന്ന ലോറി.

വൈദ്യുതി പോസ്റ്റുകളിലൂടെ പോകുന്ന കേബിളുകൾ സ്കൂട്ടർ‌ യാത്രക്കാർക്കും മറ്റുള്ളവർക്കുമുളള അപകടക്കെണിയാണ്. സ്വകാര്യ കമ്പനികളുടെ കേബിളുകൾ സുരക്ഷിതമായി ഉറപ്പിക്കണമെന്ന ചട്ടം പാലിക്കാതെയാണ് പലപ്പോഴും കേബിൾ വലിച്ചു കെട്ടുന്നത്. വലിയ ലോറികളിൽ കുരുങ്ങാനുള്ള സാധ്യത കണക്കിലെടുക്കാതെയാണ് പലപ്പോഴും ഇത്തരം കേബിളുകൾ ഉറപ്പിക്കുന്നതെന്നതും കമ്പനികളുടെ അനാസ്ഥയിലേക്കാണ് വിരൽചൂണ്ടുന്നത്. കുറ്റകരമായ രീതിയിൽ‌ കേബിളുകൾ വലിക്കുന്നവർക്ക് എതിരെ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. തടി ലോറികളുടെ അലക്ഷ്യമായ ഓട്ടവും നിയന്ത്രിക്കപ്പെടേണ്ടതാണ്.

പകൽ സമയത്തായിട്ടു പോലും കേബിൾ പൊട്ടിയതിനെ കുറിച്ചു ലോറി ഡ്രൈവർ അറിഞ്ഞില്ലെന്നത് സംഭവം കൂടുതൽ ഗുരുതരമാക്കുന്നു. വശങ്ങളിലേക്കു തടികൾ തള്ളി നിൽക്കുന്നതു കൊണ്ട് പിന്നിൽ എന്തു നടന്നുവെന്നത് ഡ്രൈവർക്കോ, സഹായിക്കോ അറിയാൻ കഴിയില്ല. അപകടം കണ്ടവരിൽ ചിലർ അറിയിച്ചത് അനുസരിച്ചാണ് മുന്നിലെത്തിയ ലോറി നിർത്തിയത്.

കയ്യെത്തും ദൂരത്താണു പലപ്പോഴും കേബിൾ ഉറപ്പിക്കുന്നത്. കമ്പനി ജീവനക്കാർക്ക് അധികം മിനക്കെടാതെ കേബിളിൽ ജോലികൾ ചെയ്തു തീർക്കാം. കേബിൾ ഉറപ്പിക്കേണ്ട ഉയരവും അതുമായി ബന്ധപ്പെട്ട സുരക്ഷാ നിർദേശങ്ങളും പലപ്പോഴും പാലിക്കപ്പെടുന്നില്ല. കൃത്യമായ ഇടവേളകളിൽ കേബിൾ കമ്പനി അധികൃതർ പരിശോധന നടത്തണം. ഏതെങ്കിലും തരത്തിൽ കേബിൾ അഴിഞ്ഞു വീണാൽ കൃത്യമായ ഇടവേളകളിലെ പരിശോധനയിലൂടെ കണ്ടെത്താൻ സാധിക്കും. കൂടുതൽ കമ്പനികൾ എത്തിയതോടെയാണ് കേബിളുകളുടെ എണ്ണം കൂടുന്നതും സുരക്ഷാ നിർദേശങ്ങൾ പാലിക്കാത്തതെന്നു പരാതിയുണ്ട്. പൊലീസ്, വൈദ്യുതി വിഭാഗം ഉദ്യോഗസ്ഥരുടെ ഇടപെടൽ അനിവാര്യമാണെന്നും നാട്ടുകാർ പറയുന്നു.

കഴിഞ്ഞ ദിവസം പകൽ 2 മണിയോടെയാണ് സംഭവം. ഞാൻ കടയിലിരിക്കുകയായിരുന്നു. ഒരു ലോറി പാസ് ചെയ്ത് പോയതും ഒരു ഭയങ്കര ശബ്ദം കേട്ടു.  കേബിൾ താഴേക്കു വീഴുകയും കടയുടെ മുന്നിൽ നിന്ന ചേച്ചിയെയും സ്കൂട്ടറിനെയും മീറ്ററുകളോളം ഉയരത്തിലേക്ക് വലിച്ചു കൊണ്ടു പോകുന്നതാണ് പിന്നീട് കാണുന്നത്. ചേച്ചി താഴേക്കു വീഴുകയായിരുന്നു. ചേച്ചിയുടെ ദേഹത്തേക്ക് തന്നെ സ്കൂട്ടറും വന്നു വീണു. തടി ലോറി അവിടെ നിർത്താതെ പോകുകയായിരുന്നു. ദൂരെ ലോറി നിർത്തി കുരുങ്ങി കിടന്ന കേബിളും ഡ്രൈവറും മറ്റുള്ളവരും ചേർന്നു മാറ്റുകയായിരുന്നു. ലോറിയിൽ അപകടകരമായ നിലയിൽ വലിയ ഉയരത്തിലായിരുന്നു തടി കെട്ടി വച്ചിരുന്നത്.ലോറി ഡ്രൈവർ അവരുടെ തെറ്റല്ലെന്ന നിലയിൽ നാട്ടുകാരോടു തർക്കിക്കാനും ശ്രമം നടത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com