ADVERTISEMENT

കൊല്ലം∙ തടി ലോറിയിൽ തട്ടി വീണ കെ ഫോൺ കേബിൾ സ്കൂട്ടറിൽ കുരുങ്ങി വീട്ടമ്മ തെറിച്ചു വീണു പരുക്കേറ്റ സംഭവത്തിൽ ലോറി ഡ്രൈവർ തമിഴ്നാട് ചെങ്കോട്ട സ്വദേശി ദുർഗേഷിനെ അറസ്റ്റു ചെയ്തു. കരുനാഗപ്പള്ളി പൊലീസ് ലോറി കസ്റ്റഡിയിൽ എടുത്തു .  അന്വേഷണം തുടരുകയാണെന്നു പൊലീസ് പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് തഴവ ഉത്രാടം വീട്ടിൽ തുളസീധരന്റെ ഭാര്യ സന്ധ്യ (41) അപകടത്തിൽപെട്ടത്. സന്ധ്യ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

പുതിയകാവ്–ചക്കുവള്ളി റോഡിൽ കുറ്റിപ്പുറം കവലയിലാണ് അപകടമുണ്ടായത്. അപകടസ്ഥലത്തിനു 50 മീറ്റർ പിന്നിലായി ചെറിയൊരു വളവുണ്ട്. ഇവിടെ റോഡിനു കുറുകെ പോകുന്ന കേബിളാണ് ലോറിയിൽ കുരുങ്ങിയത്. മറുവശത്തെ കേബിളിലാണ് സന്ധ്യയും സ്കൂട്ടറും കുരുങ്ങിയതും അപകടമുണ്ടായതും.

കേബിൾ ലോറിയിൽ കുരുങ്ങിയെന്ന് അറിയിച്ചെങ്കിലും ഡ്രൈവർ ശ്രദ്ധിച്ചില്ലെന്ന് അവിടെയുള്ള ഓട്ടോ ഡ്രൈവർമാർ പറഞ്ഞു. ലോറി കുറച്ചു മുന്നിലായി പിന്നീട് നിർത്തി. അലസമായ രീതിയിലാണ് ലോറിയിൽ തടികൾ നിറച്ചിരുന്നതെന്നും അവർ പറഞ്ഞു. അത്തരത്തിലൊരു തടിയിലാണ് കേബിൾ കുടുങ്ങിയത്.

കുടുങ്ങിയ കേബിൾ കുറ്റിപ്പുറം പള്ളിക്കു മുൻപിലായി മുറിച്ചിട്ടിട്ടുണ്ട്.കുറ്റിപ്പുറം കവലയിൽ തുളസീധരൻ ടൂവീലർ വർക്‌ഷോപ് നടത്തുകയാണ്.വർക്‌ഷോപ്പിലേക്കുള്ള സാധനങ്ങൾ വാങ്ങി നൽകിയിരുന്നത് സന്ധ്യയാണ്. അങ്ങനെ ഉച്ചയ്ക്ക് ആവശ്യമായ സാധനങ്ങൾ കടയിൽ നൽകി മടങ്ങുമ്പോഴാണ് അപകടം.

പെട്ടെന്നു രണ്ടു കേബിളുകൾ സന്ധ്യയ്ക്കു മുന്നിലേക്ക് വീണു. ആ കുരുക്കിൽ നിന്നു രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് സന്ധ്യയേയും സ്കൂട്ടറിനെയും വലിച്ചുകൊണ്ടു പോയത്. 5 അടിയോളം ഉയർന്നപ്പോൾ സന്ധ്യ വീണു. ലോറിയിൽ കുരുങ്ങിയ കേബിൾ സ്കൂട്ടറിനെ കൂടുതൽ 10 അടിയോളം മുകളിലേക്ക് ഉയർത്തി. പിന്നീടാണ് വീണു കിടന്ന സന്ധ്യയുടെ മുകളിലേക്ക് സ്കൂട്ടർ‌ വീണത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com