കനാൽ കാണാൻ ഭംഗിയാണ്: സൂക്ഷിക്കുക, അപകടം മുന്നിലുണ്ട്

Mail This Article
അഞ്ചൽ ∙ ചുട്ടുപൊള്ളുന്ന വേനലിൽ മനം നിറയ്ക്കുന്ന കാഴ്ചയാണ് കല്ലട ജലസേചന പദ്ധതിയുടെ ഭാഗമായ കനാലുകൾ. നീന്താനും ഇറങ്ങി കുളിക്കാനും തോന്നുക സ്വാഭാവികം. എന്നാൽ സൂക്ഷിക്കുക ഇവിടെ അപകടം പതിയിരിക്കുന്നു. മുൻ വർഷങ്ങളിൽ ഉണ്ടായ അപകടങ്ങളിൽ ഒട്ടേറെ ജീവനുകൾ നഷ്ടമായി. ഈ വർഷവും അത്യാഹിതങ്ങൾ പതിവായി സംഭവിക്കുന്നു. ഇന്നലെ ഇടതുകര കനാലിൽ കരവാളൂർ മണലിൽ ഭാഗത്ത് കുളിക്കാൻ ഇറങ്ങിയ മൂന്നംഗ സംഘത്തിലെ ഒരാളെ കാണാതായി. കനാലിൽ ഇറങ്ങുന്നത് അപകടകരമാണെന്നു മുന്നറിയിപ്പ് ഉണ്ടെങ്കിലും യുവാക്കളുടെ സംഘങ്ങൾ ഇത് വകവയ്ക്കാറില്ല.
നദികളിലും, കടലിലും നീന്തൽ വശമുള്ളവർക്കു പോലും കനാലിലെ നീന്തൽ ദുർഘടമാണ്.ചിലയിടങ്ങളിലെ കുത്തൊഴുക്കും വശങ്ങളിൽ പിടിക്കാൻ സൗകര്യം ലഭിക്കാത്തതും അപകടത്തിന്റെ ആഴം കൂട്ടും. വിജനമായ സ്ഥലങ്ങളിൽ അത്യാഹിതം ഉണ്ടായാൽ രക്ഷാപ്രവർത്തനം വളരെ വൈകും. നീർപ്പാലം,തുരങ്കം എന്നിവയിൽ കുടുങ്ങിയാൽ കണ്ടെത്തുക പ്രയാസമാണ്. അതിനാൽ അറിഞ്ഞുകൊണ്ട് അപകടം ക്ഷണിച്ചു വരുത്തരുതെന്നു പൊലീസ്, അഗ്നിരക്ഷാ വിഭാഗങ്ങൾ ആവർത്തിച്ചു മുന്നറിയിപ്പു നൽകുന്നു.

കനാലിൽ കുളിക്കാൻ ഇറങ്ങിയ യുവാവിന്റെ മൃതദേഹം കിട്ടി
അഞ്ചൽ ∙ കല്ലട ഇടതുകര കനാലിൽ ഒഴുക്കിൽപ്പെട്ടു യുവാവു മരിച്ചു. കോമളം അതുൽ ഭവനിൽ ദീപു (36) ആണു മരിച്ചത്. കരവാളൂർ മണലിൽ ഭാഗത്താണ് അപകടം ഉണ്ടായത്. മൃതദേഹം കിട്ടിയത് 5 കിലോമീറ്റർ അകലെ വെഞ്ചേമ്പ് ഭാഗത്തു നിന്നാണ്. ഇന്നലെ ഉച്ചയോടെ ദീപുവും മറ്റു രണ്ടു പേരും കൂടിയാണു കനാൽ ഭാഗത്തേക്കു പോയതെന്നു പൊലീസിനു വിവരം ലഭിച്ചു. കുളിക്കാൻ ഇറങ്ങിയപ്പോൾ ദീപു ഒഴുക്കിൽപ്പെടുകയായിരുന്നെന്ന് ഒപ്പമുണ്ടായിരുന്നവർ പൊലീസിനു മൊഴിനൽകി. ഇവരുടെ നിലവിളി കേട്ടാണു നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചത്. ദീപുവും കുടുംബവും സമീപകാലത്താണു കോമളത്തു താമസം തുടങ്ങിയത്. ഇലക്ട്രീഷ്യനാണ്. ഭാര്യ: ശരണ്യ. മക്കൾ: അതുൽ, അമയ.