ADVERTISEMENT

കൊല്ലം∙ തിരഞ്ഞെടുപ്പു പ്രചാരണ തിരക്കുകളിലേക്ക് മുഴുകുന്നതിനു മുൻപായി രാവിലെ കൊല്ലം ലോക്സഭാ മണ്ഡലത്തിലെ മൂന്നു മുന്നണിയുടെയും സ്ഥാനാർഥികൾ സൗഹൃദ സംഭാഷണത്തിനായി എത്തി, മലയാള മനോരമ സംഘടിപ്പിച്ച പോൾ കഫേയിൽ. യുഡിഎഫിലെ എൻ.കെ.പ്രേമചന്ദ്രനും എൽഡിഎഫിലെ എം.മുകേഷും ബിജെപിയിലെ ജി.കൃഷ്ണകുമാറുമാണ് വേദിയിൽ. നർമത്തിൽ ചാലിച്ച സംഭാഷണത്തിൽ ഒട്ടേറെ ഗൗരവ വിഷയങ്ങളും കടന്നുവന്നു.

എന്തൊക്കെ പ്രശ്നങ്ങൾ
∙ പ്രേമചന്ദ്രൻ 
കശുവണ്ടി വ്യവസായത്തിന്റെ പുനരുദ്ധാരണം അടിയന്തരമായി വേണം. വ്യവസായത്തെ നവീകരിക്കാൻ കേന്ദ്ര പാക്കേജ് ലഭ്യമാക്കണം. അടിസ്ഥാന സൗകര്യ മേഖലയിൽ വികസനം വേണം. സ്ഥലപരിമിതി കൊല്ലം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. ടൂറിസം മേഖലയിലും ശരിയായ ഇടപെടൽ അനിവാര്യമാണ്. കശുവണ്ടി, മത്സ്യബന്ധനം തുടങ്ങിയ പരമ്പരാഗത മേഖലകളെ സംരക്ഷിക്കണം.

∙ മുകേഷ് 
നാട്ടിൽ ഒട്ടേറെ പ്രശ്നങ്ങളുണ്ട്. എന്തെങ്കിലും ഒന്ന് എടുത്തു പറഞ്ഞാൽ, അന്നു പറഞ്ഞത് എന്തായി എന്ന് അടുത്തു തന്നെ ചോദ്യം വരും. ടൂറിസം മേഖല ഉൾപ്പടെയുള്ളവയിൽ ഒട്ടേറെ കാര്യങ്ങൾ ചെയ്യാനുണ്ട്. 

∙ കൃഷ്ണകുമാർ 
കൊല്ലത്ത് എത്തിയിട്ടേയുള്ളു. ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ അവരുടെ ആവശ്യങ്ങൾ അറിയാൻ കഴിയും. അതനുസരിച്ചു ചെയ്യണം. 

പുരസ്കാര നേട്ടത്തെക്കുറിച്ച് 
∙ പ്രേമചന്ദ്രൻ 
പാർലമെന്റിൽ നടത്തിയ ഇടപെടൽ അനുസരിച്ചുള്ള പുരസ്കാരമാണ് ലഭിച്ചത്. അവിടെയുള്ള വിവരങ്ങളുടെയും മൊത്തത്തിലുള്ള പ്രകടനത്തിന്റെയും  അടിസ്ഥാനത്തിലാണ് പുരസ്കാരം. ചർച്ചകളിലെ സമഗ്ര ഇടപെടലൊക്കെ പുരസ്കാരത്തിനു കാരണമായി. തികച്ചും വ്യക്തിപരമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഉച്ചഭക്ഷണം. അതിൽ രാഷ്ട്രീയം ചേർത്തത് തീർത്തും നിർഭാഗ്യകരമായിപ്പോയി. 

ചൂട് എങ്ങനെ

∙മുകേഷ് 
 41 കൊല്ലമായി കൊടുചൂടിൽ മാത്രമല്ല, കൂടാതെ ശക്തമായ ലൈറ്റും മുഖത്തടിച്ചാണ് അഭിനയിച്ചിരുന്നത്. ആ ചൂടിൽ നിന്നാണ് പ്രേമരംഗവും ദുഃഖരംഗവും ഒക്കെ അഭിനയിച്ചത്. തിരഞ്ഞെടുപ്പു കാലത്ത് രാവിലെ ഇടുന്ന ഷർട്ടാണ് രാത്രി വരെ ഇടുന്നത്. അതിൽ എന്റെ നേതാവ് ഉമ്മൻ ചാണ്ടിയാണ്.

ചോക്ലേറ്റ് കിട്ടിയാൽ
വിവിധ മണ്ഡലങ്ങളിൽ വോട്ടർമാർക്ക് ചോക്ലേറ്റ് വിതരണം പോലെയുള്ള പുതിയ തന്ത്രങ്ങൾ കൈയിലുണ്ടോ എന്നായിരുന്നു ചോദ്യം. ഇത്തരം പരിപാടികൾ തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് പ്രേമചന്ദ്രൻ. വോട്ടർമാരിൽ നിന്നു മിഠായി സ്വീകരിച്ചാൽ ചട്ടലംഘനമുണ്ടോയെന്നായി മുകേഷ്. കുഴപ്പമില്ലെന്ന് പ്രേമചന്ദ്രൻ. പലരും മിഠായി തരാറുണ്ടെന്നും കഴിക്കുമെന്നും മുകേഷ്.

അഭിനയം, രാഷ്ട്രീയം
മുകേഷ് 
അഭിനയം ജോലിയാണ്. എറ്റവും കൂടുതൽ മുൻവിധിയോടെ എന്നെ കണ്ടയാൾ ഞാനാണ്. എട്ട് കൊല്ലമായി സിനിമ നടൻ എന്ന് ആരും തന്നെ പറയുന്നില്ല. അതുവേറെ, ഇതുവേറെ എന്ന ലൈനിലായി. തിരക്കിനിടയിലും ഫിലിപ്സ് എന്ന സിനിമ ചെയ്തു. ഒട്ടേറെ പേർ അഭിനന്ദനം അറിയിച്ചു. 

കൃഷ്ണകുമാർ 
എല്ലാമേഖലയിൽ നിന്നും രാഷ്ട്രനിർമാണത്തിന് ആളുകൾ വരണം. വ്യത്യസ്തമായ കാഴ്ചപ്പാടുണ്ടാകും. നന്മയാണ് എല്ലാവരും ആഗ്രഹിക്കേണ്ടതും. 

മക്കളുടെ ഉപദേശം
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സായ മക്കൾ എതെങ്കിലും തരത്തിലുള്ള ഉപദേശങ്ങൾ തരാറുണ്ടോ എന്ന ചോദ്യത്തിന് കൃഷ്ണകുമാറിന്റെ മറുപടി ഇങ്ങനെ : ചെറുപ്പക്കാർ ആയതുകൊണ്ട് പലകാര്യങ്ങളും അവരിൽ നിന്നാണ് പഠിക്കുന്നത്. അവരുടെ ഉപദേശങ്ങൾ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ സ്വീകരിച്ചിട്ടുണ്ട്. ദൈവ നിയോഗമായാണ് മത്സരത്തെ കാണുന്നത്. മക്കളുടെ അച്ഛൻ എന്ന പേരിൽ അറിയപ്പെടാൻ ഭാഗ്യം കിട്ടിയ അച്ഛനാണ് ഞാൻ.

തിരഞ്ഞെടുപ്പ് ഏകോപനത്തിന് 'എൻകോർ'
കൊല്ലം ∙ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഏകോപനത്തിനായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ നേതൃത്വത്തിൽ തയാറാക്കിയിട്ടുള്ള സോഫ്റ്റ്‌വെയറാണ് 'എൻകോർ'. സ്ഥാനാർഥികൾ നാമനിർദേശ പത്രിക നൽക്കുന്നതു മുതൽ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരെയുള്ള എല്ലാ പ്രക്രിയകളും റിട്ടേണിങ് ഓഫിസറുടെ മേൽനോട്ടത്തിൽ എൻകോറിലൂടെ ഏകോപിപ്പിക്കും.

രാഷ്ട്രീയ റാലികൾ, റോഡ് ഷോകൾ, യോഗങ്ങൾ എന്നിവയ്ക്ക് അനുമതി ലഭിക്കുന്നതിന് ആവശ്യമായ വിവിധ വകുപ്പുകളുടെ 'നോ ഒബ്ജക്‌ഷൻ' സർട്ടിഫിക്കറ്റ്  എൻകോർ നോഡൽ ആപ്ലിക്കേഷൻ വഴി ലഭ്യമാകും. റിട്ടേണിങ് ഓഫിസർമാർക്ക് സ്ഥാനാർഥി നാമനിർദേശങ്ങൾ, സത്യവാങ്മൂലങ്ങൾ, വോട്ടർമാരുടെ എണ്ണം, വോട്ടെണ്ണൽ, ഫലങ്ങൾ, ഡേറ്റ മാനേജ്‌മെന്റ് എന്നിവ നിരീക്ഷിച്ച് തുടർനടപടികൾ കൈക്കൊള്ളാൻ സാധിക്കും.

സോഫ്റ്റ്‌വെയറിന്റെ 'സുവിധ' പോർട്ടൽ മുഖേന സ്ഥാനാർഥികൾക്കും പൊതുജനങ്ങൾക്കും നാമനിർദേശ പത്രികയുടെ വിശദാംശങ്ങൾ, സ്ഥാനാർഥികളുടെ സത്യവാങ്മൂലം, ചെലവ് നിരീക്ഷണം, വോട്ട് എണ്ണൽ സംബന്ധിച്ച വിവരങ്ങൾ തുടങ്ങിയവ തത്സമയം ലഭ്യമാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com