ബൈക്കിൽ എത്തിയവർ സ്ത്രീയുടെ താലിമാല പൊട്ടിച്ചു കടന്നു
Mail This Article
പുത്തൂർ ∙ ബൈക്കിൽ എത്തിയ രണ്ടു പേർ ഹോട്ടൽ തൊഴിലാളി സ്ത്രീയുടെ താലിമാല പൊട്ടിച്ചു കടന്നു. താഴത്തുകുളക്കട മുണ്ടപ്ലാവിള വീട്ടിൽ സുധയുടെ ഒരു പവൻ തൂക്കം വരുന്ന മാലയാണു കവർന്നത്. ഇന്നലെ വൈകിട്ട് ആറേമുക്കാലോടെ തുരുത്തീലമ്പലം ജംക്‌ഷനിലായിരുന്നു സംഭവം. ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന സുധ ജംക്‌ഷനിലെ പലചരക്കു കടയിൽ നിന്നു സാധനങ്ങൾ വാങ്ങി തിരിയുമ്പോൾ ആയിരുന്നു മോഷണം. സിഗററ്റ് ചോദിച്ചു കടയിലേക്ക് എത്തിയ യുവാവ് മാല പൊട്ടിച്ചെടുക്കുകയായിരുന്നു.
മറ്റൊരാൾ ബൈക്കിൽ തന്നെ ഇരിക്കുകയായിരുന്നു. മോഷ്ടാവ് ബൈക്കിൽ കയറിയ ഉടനെ ബൈക്ക് വിട്ടു പോയി. പ്രദേശവാസിയായ മറ്റൊരു യുവാവ് ഇവരെ സ്കൂട്ടറിൽ പിന്തുടർന്നെങ്കിലും ബൈക്കിന്റെ അമിത വേഗം കാരണം അടുത്തെത്താനായില്ല. പുത്തൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. ബൈക്ക് ഓടിച്ചിരുന്നയാൾ ഹെൽമറ്റ് ധരിച്ചിരുന്നു എങ്കിലും പിൻസീറ്റിലിരുന്ന ആൾ ഹെൽമറ്റ് ധരിച്ചിരുന്നില്ല. മോഷണത്തിനു മുൻപ് ഇവർ പ്രദേശത്തു ബൈക്കിൽ കറങ്ങുന്നതു കണ്ടവരുണ്ട്.