ആത്മഹത്യയ്ക്കു പ്രേരണ; പ്രതി അറസ്റ്റിൽ

Mail This Article
കരുനാഗപ്പള്ളി ∙ തൊടിയൂർ സ്വദേശിയായ പ്ലസ് വൺ വിദ്യാർഥിനി ആത്മഹത്യ ചെയ്യാൻ ഇടയായ സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രേരണ കുറ്റത്തിനു യുവാവ് അറസ്റ്റിലായി. കോഴിക്കോട് കൊയിലാണ്ടി അരിക്കുളം ഊരള്ളൂർ പൂവലമിത്തൽ കെ.സുരേഷ് (37) ആണ് അറസ്റ്റിലായത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഗൾഫിലേക്കു കടക്കാൻ ശ്രമം നടക്കുന്നതിനിടെ ഗുജറാത്തിലെ ഒരു ഗ്രാമത്തിൽ നിന്നുമാണ് ഇയാൾ അന്വേഷണ സംഘത്തിന്റെ പിടിയിലാകുന്നത്.
കഴിഞ്ഞ മാർച്ച് 12നു വൈകിട്ട് 6നു വരെ അയൽവാസികളോടൊപ്പം തിരുവാതിര കളിച്ചു കൊണ്ടു നിന്ന പെൺകുട്ടി ഒരു ഫോൺ കോൾ വന്നതിനെത്തുടർന്നു വീട്ടിനുള്ളിലേക്കു കയറി പോയി. പിന്നീട് കാണാതിരുന്നതിനെത്തുടർന്നു നടത്തിയ തിരച്ചിലിൽ മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. പൊലീസ് അസ്വാഭാവിക മരണത്തിനു കേസ് എടുത്തു. തുടർന്ന് പെൺകുട്ടിയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ സുരേഷിനെ വിഡിയോ കോൾ ചെയ്തുകൊണ്ടു നിൽക്കെ തന്നെയാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നു കണ്ടെത്തി.
ഇയാളുടെ ഫോണിലൂടെയുള്ള നിരന്തരമായുള്ള ശല്യം സഹിക്കാൻ കഴിയാതെ ആണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നു തിരിച്ചറിയുകയും ചെയ്തു. തുടർന്ന് ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നിർദേശ പ്രകാരം പൊലീസ് സംഘം നടത്തിയ അന്വേഷണത്തിൽ ഇയാൾ ഒളിവിലാണെന്നു കണ്ടെത്തി. പിന്നീട്, സൈബർസെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇയാൾ ഗുജറാത്തിലേക്കു കടന്നതായി കണ്ടെത്തി.
പ്രതിയുടെ സ്ഥാനം കണ്ടെത്തിയ പൊലീസ് സംഘം ഗുജറാത്തിലെത്തി അവിടത്തെ ഒരു ഗ്രാമത്തിൽ നിന്നു സാഹസികമായി ആണ് ഇയാളെ പിടികൂടിയത് എന്നു പൊലീസ് പറഞ്ഞു. കരുനാഗപ്പള്ളി എസിപി വി.എസ്.പ്രദീപ്കുമാറിന്റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ മോഹിത്ത്, എസ്ഐമാരായ ഷിജു, ജിഷ്ണു, ഷാജിമോൻ, സന്തോഷ്, എസ്‌സിപിഒമാരായ ഹാഷിം, രാജീവ്കുമാർ എന്നിവരുൾപ്പെട്ട സംഘമാണു പ്രതിയെ പിടികൂടിയത്.