ADVERTISEMENT

കൊല്ലം ∙ ജില്ലയിൽ തീരപ്രദേശത്ത് രൂക്ഷമായ കടലാക്രമണം. മുണ്ടയ്ക്കൽ വെടിക്കുന്ന് മേഖലയിൽ വീടുകളും ക്ഷേത്രത്തിന്റെ ഓഫിസ് കെട്ടിടവും ചാപ്പലിന്റെ ചുറ്റുമതിലും തകർന്നു. റോഡ് പൂർണമായി കടലെടുത്തു. അഴീക്കൽ, പരവൂർ തെക്കുംഭാഗം, കാപ്പിൽ, മയ്യനാട് താന്നി, മുക്കം , അഴീക്കൽ മേഖലയിലും കടലാക്രമണം രാത്രിയും തുടരുന്നു. ഇന്നലെ പകൽ 11 മണിയോടെയാണ് കടലാക്രമണം തുടങ്ങിയത്.


പരവൂർ പൊഴിക്കരയിൽ തീരത്തേക്ക് കടൽ കയറിയപ്പോൾ
പരവൂർ പൊഴിക്കരയിൽ തീരത്തേക്ക് കടൽ കയറിയപ്പോൾ

ചെറു പുലിമുട്ടുകൾ അവസാനിക്കുന്ന മുണ്ടയ്ക്കൽ പാപനാശനത്തിനും ബീച്ചിനും ഇടയിലെ വെടിക്കുന്ന് മേഖലയിലാണ് കനത്ത നാശനഷ്ടം . മാരിയമ്മൻ കോവിലിന്റെ 3 മുറിയുള്ള ഓഫിസ് കെട്ടിടം പൂർണമായി നിലം പതിച്ചു. തിരുവാതിര നഗറിൽ തങ്കമണി, ടെറി, രാഗിണി, വർഗീസ്, ചന്ദ്രമതി, സുധ എന്നിവരുടെ വീടുകൾ തകർന്നു. റോഡിന്റെ പടിഞ്ഞാറു ഭാഗത്തുള്ള മറ്റു വീടുകളും ഭാഗിക നാശം നേരിട്ടു. കുടിവെള്ള പൈപ്പ് ലൈൻ തകർന്നു. വീടുകൾക്ക് മുകളിലൂടെ മറുവശത്തേക്ക് തിരവെള്ളം കയറുന്നു.

മയ്യനാട് മുക്കം താന്നി ബീച്ചിൽ ശക്തമായ തിരമാല അടിച്ചുകയറുന്നു
മയ്യനാട് മുക്കം താന്നി ബീച്ചിൽ ശക്തമായ തിരമാല അടിച്ചുകയറുന്നു

സെന്റ് ജോർജ് ചാപ്പലിന് മുന്നിൽ റോഡ് പൂർണമായി തകർന്നു. ഇവിടെ 10 അടിയോളം താഴ്ചയിലാണ് കര കവർന്നത്. ചാപ്പലിന്റെ ചുറ്റുമതിലും തകർന്നു. ചാപ്പലിലെ രൂപങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പ്രദേശത്തെ മിക്ക വീട്ടുകാരും ബന്ധുവീടുകളിലേക്ക് താമസം മാറുകയാണ്. ഇവിടെ എൺപതോളം വീട്ടുകാരെ പുനർഗേഹം പദ്ധതിയിൽ ഉൾപ്പെടുത്തി മാറ്റി 0 ലക്ഷം രൂപവീതം നൽകി പാർപ്പിക്കുന്നതിനുള്ള പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇവർക്ക് പണം ലഭിക്കാത്തതിനാൽ ആണ് ഇവിടെ താമസം തുടരുന്നത്.

കടലാക്രമണത്തെ തുടർന്നു മുണ്ടയ്ക്കൽ തിരുവാതിര നഗറിൽ ബന്ധു വീടുകളിലേക്ക് മാറി താമസിക്കുന്നതിനായി വീട്ടുസാധനങ്ങളുമായി പോകുന്നവർ.
കടലാക്രമണത്തെ തുടർന്നു മുണ്ടയ്ക്കൽ തിരുവാതിര നഗറിൽ ബന്ധു വീടുകളിലേക്ക് മാറി താമസിക്കുന്നതിനായി വീട്ടുസാധനങ്ങളുമായി പോകുന്നവർ.

ഒന്നര മാസം മുൻപും ഇവിടെ രൂക്ഷമായ കടലാക്രമണം ഉണ്ടായി. പാപനാശനം മുതൽ ബീച്ച് വരെ 4 പുലിമുട്ടുകൾ അടിയന്തരമായി നിർമിക്കുമെന്നു ഉറപ്പു നൽകിയിരുന്നെങ്കിലും നടപടി തുടങ്ങിയില്ല. അവഗണനയിൽ പ്രതിഷേധിച്ചും അടിയന്തര നടപടി സ്വീകരിക്കണം എന്നും ആവശ്യപ്പെട്ട് ഇന്ന് റോഡ് ഉപരോധം ഉൾപ്പെടെ സമരം നടത്തുമെന്നു പ്രദേശവാസികൾ പറഞ്ഞു.

അഴീക്കൽ ബീച്ചിൽ ഇന്നലെ വേലിയേറ്റത്തെത്തുടർന്ന് ശക്തമായ തിരമാലകൾ കരയിലേക്ക് 
അടിച്ചുകയറിയ സ്ഥലം.
അഴീക്കൽ ബീച്ചിൽ ഇന്നലെ വേലിയേറ്റത്തെത്തുടർന്ന് ശക്തമായ തിരമാലകൾ കരയിലേക്ക് അടിച്ചുകയറിയ സ്ഥലം.

മേയർ പ്രസന്ന ഏണസ്റ്റ് , കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഡി.ഗീതാകൃഷ്ൺ, കൗൺസിലർ സജീവ് സോമൻ തുടങ്ങിയവർ സന്ദർശിച്ചു. ജില്ലയിലെ മറ്റു മേഖലകളിൽ കാര്യമായ നാശനഷ്ടം ഇല്ല. അഴീക്കൽ  ബീച്ചിലും സമീപത്തും ‍ഇന്നലെ ഉച്ചയ്ക്ക് 1.30 മുതൽ ശക്തമായ കടലേറ്റം ഉണ്ടായി. കടലേറ്റം ശക്തമായതിനെത്തുടർന്ന് ഇന്നലെ ബീച്ചിലേക്ക് സന്ദർശകരെ കടത്തിവിട്ടില്ല. ശക്തമായ തിര കരയുടെ പകുതിയോളം ഭാഗത്ത് ചെറിയ തോതിൽ എത്തിയത് നാട്ടുകാരിൽ പരിഭ്രാന്തിയുണ്ടാക്കി.

ജില്ലയിൽ ക്യാംപുകൾ തുറക്കും : കലക്ടർ
കടലാക്രമണം കണക്കിലെടുത്ത് തീരദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കേരളതീരത്ത് ഉയർന്ന തിരമാലയും കടലാക്രമണവും ഒരുദിവസം കൂടി തുടരുമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ജില്ലയിൽ ക്യാംപുകൾ തുറക്കുന്നത് ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയതായി കലക്ടർ എൻ.ദേവീദാസ് അറിയിച്ചു. കടൽക്ഷോഭം രൂക്ഷമായി തുടരാൻ സാധ്യത ഉള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം മാറി ത്താമസിക്കണം.

മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കും. വല ഉൾപ്പെടെയുള്ള മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷയും ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും കടൽ സ്ഥിതി ശാന്തമാകുന്നതു വരെ പൂർണമായും ഒഴിവാക്കേണ്ടതാണ്.അടിയന്തര സഹായങ്ങൾക്കായി കലക്ടറേറ്റ് കൺട്രോൾ റൂമിലേക്ക് 9447677800 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ആഴക്കടൽ മത്സ്യബന്ധനത്തിന് നിലവിൽ തടസ്സമില്ലെന്നും എന്നാൽ തീരത്തേക്ക് മടങ്ങിയെത്തുന്ന യാനങ്ങൾ പ്രത്യേക ജാഗ്രത പുലർത്തണമെന്നും കലക്ടർ അറിയിച്ചു.

കാപ്പിൽ, പരവൂർ, താന്നി  കടലാക്രമണം ശക്തം ഭീതിയുടെ കടലിരമ്പം : 25 മീറ്റർ വരെ കടൽ കരയിലേക്ക് ഇരച്ചു കയറി
പരവൂർ–ഇരവിപുരം∙ തീരദേശത്തു കാപ്പിൽ മുതൽ പരവൂർ വരെയും  താന്നി ഭാഗങ്ങളിലും കടലാക്രമണം ശക്തം. ഇന്നലെ ഉച്ചയ്ക്ക് ഒന്നു മുതലാണു കടലാക്രമണം ശക്തമായത്. ഉച്ച കഴിഞ്ഞതോടെ വേലിയേറ്റം കടുത്തു. 3 മീറ്റർ വരെ തിരമാലകൾ ഉയർന്നു. കാപ്പിൽ ബീച്ച്, പരവൂർ, പൊഴിക്കര ഭാഗങ്ങളിൽ 25 മീറ്റർ വരെ കടൽ കരയിലേക്ക് ഇരച്ചു കയറി. താന്നിയിലും മുക്കം ബീച്ചിലും തീരദേശ റോഡിലേക്കു തിരമാലകൾ  കയറി. തീരത്തെ മൺതിട്ടകൾ വൻതോതിൽ തിരയെടുത്തു. 

തിരമാലകൾ ശക്തമായതോടെ മുക്കത്തു മീൻപിടിത്തക്കാർ  വളളവും വലകളും സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. പൊഴിമുറിയുന്ന മുക്കം ഭാഗത്തെ തീരദേശ റോഡ് കവിഞ്ഞു  കടൽവെള്ളം കായലിലേക്ക് ഒഴുകി. തിരമാലകൾ ശക്തമായതോടെ ബീച്ചുകളിൽ എത്തിയവരെ മത്സ്യത്തൊഴിലാളികളും നാട്ടുകാരും വിലക്കിയെങ്കിലും പലരും വിലക്കു ലംഘിച്ചു കുട്ടികൾക്കൊപ്പം കടലിൽ ഇറങ്ങിയതു വാക്കേറ്റത്തിനു കാരണമായി.

ഇന്നലെ ഈസ്റ്ററും അവധി ദിനവും ആയതിനാൽ നൂറുകണക്കിനു സന്ദർശകരാണു കുട്ടികൾക്കൊപ്പം പൊഴിക്കര, മുക്കം, താന്നി ഭാഗങ്ങളിൽ എത്തിയത്. വൈകിട്ടോടെ റവന്യു അധികൃതർ ഇരവിപുരം പൊലീസ് എന്നിവർ എത്തി സന്ദർശകരെ പറഞ്ഞു വിട്ടു. ആദ്യമായാണു മാർച്ച് മാസത്തിൽ ഇത്തരത്തിൽ കടൽക്ഷോഭം ഉണ്ടാകുന്നതെന്നു മത്സ്യത്തൊഴിലാളികൾ പറഞ്ഞു. അധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

‘നടപടിയില്ലാത്തത് പ്രതിഷേധാർഹം’
മുണ്ടയ്ക്കൽ വെടിക്കുന്ന്  പ്രദേശത്തു വീടുകളും സ്ഥാപനങ്ങളും ദേവാലയങ്ങളും കടലെടുത്തിട്ടും ജനങ്ങളുടെ ജീവനു ഭീഷണി ഉണ്ടായിട്ടും നടപടിയില്ലാത്തത്  പ്രതിഷേധാർഹമാണെന്നു കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം ബിന്ദു കൃഷ്ണയും കൊല്ലം ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ ഡി.ഗീതാകൃഷ്ണനും പറഞ്ഞു.

കര കവർന്ന് കടൽ
പരവൂർ–ഇരവിപുരം ∙ തീരദേശത്തു കാപ്പിൽ മുതൽ പരവൂർ താന്നി ഭാഗങ്ങളിൽ കടലാക്രമണം ശക്തം. ഇന്നലെ ഉച്ചയ്ക്ക് ഒന്നു മുതലാണു കടലാക്രമണം ശക്തമായത്. ഉച്ച കഴിഞ്ഞതോടെ വേലിയേറ്റം കടുത്തു. 3 മീറ്റർ വരെ തിരമാലകൾ ഉയർന്നു. കാപ്പിൽ ബീച്ച്, പരവൂർ, പൊഴിക്കര ഭാഗങ്ങളിൽ 25 മീറ്റർ വരെ കടൽ കരയിലേക്ക് ഇരച്ചു കയറി. താന്നിയിലും മുക്കം ബീച്ചിലെ തീരദേശ റോഡിലേക്കും തിരമാലകൾ കയറി. തീരത്തെ മൺതിട്ടകൾ വൻതോതിൽ തിരയെടുത്തു.

തിരമാലകൾ ശക്തമായതോടെ മുക്കത്തു മീൻപിടിത്തക്കാർ വളളവും വലകളും സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. പൊഴിമുറിയുന്ന മുക്കം ഭാഗത്തെ തീരദേശ റോഡ് കവിഞ്ഞു കടൽവെള്ളം കായലിലേക്ക് ഒഴുകി.തിരമാലകൾ ശക്തമായതോടെ ബീച്ചുകളിൽ എത്തിയവരെ മത്സ്യത്തൊഴിലാളികളും നാട്ടുകാരും വിലക്കിയെങ്കിലും പലരും വിലക്കു ലംഘിച്ചു കുട്ടികൾക്കൊപ്പം കടലിൽ ഇറങ്ങിയതു വാക്കേറ്റത്തിനു കാരണമായി.

ഇന്നലെ ഈസ്റ്ററും അവധി ദിനവും ആയതിനാൽ നൂറുകണക്കിനു സന്ദർശകരാണു കുട്ടികൾക്കൊപ്പം പൊഴിക്കര, മുക്കം, താന്നി ഭാഗങ്ങളിൽ എത്തിയത്. വൈകിട്ടോടെ റവന്യു അധികൃതർ ഇരവിപുരം പൊലീസ് എന്നിവർ എത്തി സന്ദർശകരെ പറഞ്ഞു വിട്ടു. ആദ്യമായാണു മാർച്ച് മാസത്തിൽ ഇത്തരത്തിൽ കടൽക്ഷോഭം ഉണ്ടാകുന്നതെന്നു മത്സ്യത്തൊഴിലാളികൾ പറഞ്ഞു. അധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. 

 

ജനങ്ങളെ ഇരവിപുരം കമ്യൂണിറ്റി ഹാളിലേക്ക് മാറ്റി പാർപ്പിക്കും. സ്കൂളുകൾ പോളിങ് സ്റ്റേഷൻ ആയതിനാൽ അവിടെ ക്യാംപ് തുടങ്ങാൻ കഴിയാത്ത സാഹചര്യമാണ്. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, സജി ചെറിയാൻ, എം.ബി.രാജേഷ് എന്നിവർക്ക് ഇ മെയിൽ വഴി വിവരം അറിയിച്ചിട്ടുണ്ട്. അടിയന്തര നടപടി സ്വീകരിക്കാമെന്ന് അവർ മറുപടി നൽകിയിട്ടുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com