കല്ലട കനാൽ: പുലമൺതോട്ടിലേക്ക് വെള്ളമെത്തിക്കുന്ന പദ്ധതി പ്രഖ്യാപനങ്ങൾ വെറും ജലരേഖകളോ!

Mail This Article
കൊട്ടാരക്കര ∙ വേനലിൽ കല്ലട പദ്ധതി കനാലിൽ നിന്നു പുലമൺതോട്ടിലേക്കു ജലം ഒഴുക്കുമെന്ന പദ്ധതി പ്രഖ്യാപനം ജലരേഖയായി. മീൻപിടിപാറ ടൂറിസം പദ്ധതിക്ക് അടക്കം ഗുണം ചെയ്യുന്ന പദ്ധതി നടപ്പാക്കാതെ പോയത് അധികൃതരുടെ അനാസ്ഥ കാരണമെന്നാണു പരാതി. വറ്റി വരണ്ട നിലയിലാണ് തോട്.വലിയ ചെലവില്ലാതെ തന്നെ പുലമൺ ഡിസ്ട്രിബ്യൂട്ടറിയിൽ നിന്നു തോട്ടിലേക്ക് ജലം എത്തിക്കാനാകും. ഹരിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി പുലമൺ തോട് നവീകരണത്തിനായി 50 കോടി രൂപയുടെ പദ്ധതി ആദ്യ പിണറായി സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലായിരുന്നു പദ്ധതിയെങ്കിലും ഒന്നും നടപ്പായില്ല. എന്നാൽ നടപ്പാക്കാൻ സാധ്യതയുള്ള പദ്ധതിയും ഉപേക്ഷിച്ചു. നാല് തദ്ദേശ സ്ഥാപന പരിധിയിലായി 19 കി.മി ദൂരത്തിലാണ് തോട് ഒഴുകുന്നത്. നൂറ് കണക്കിന് കുടുംബങ്ങളാണ് പരിസരത്തുള്ളത്. വേനലിൽ ജലം ഒഴുകുന്നതോടെ കിണറുകളിൽ ജലം നിറയും. കൊട്ടാരക്കര നഗരസഭ, മൈലം, കുളക്കട,മേലില ഗ്രാമപ്പഞ്ചായത്തുകളിലെ ജലക്ഷാമത്തിനും ഏറെ പരിഹാരമാകും.
ഇപ്പോൾ ടാങ്കറുകളിൽ ജലം എത്തിച്ചാണ് ജലക്ഷാമത്തിന് പരിഹാരം കാണുന്നത്. പുലമൺ ഡിസ്ട്രിബ്യൂട്ടറിയുടെ സദാനന്ദപുരം, മൈലം ഭാഗത്തിന് സമീപത്ത് നിന്നും തോട്ടിലേക്ക് ജലം ഒഴുക്കാനാകുമെന്നാണ് കെഐപി അധികൃതർ പറയുന്നത്. പക്ഷേ അനുമതി വേണം. ലക്ഷങ്ങൾ മാത്രം ചെലവഴിച്ചാൽ മാസങ്ങൾക്കുള്ളിൽ പദ്ധതി യാഥാർഥ്യമാകും. ജലക്ഷാമം ടൂറിസം പദ്ധതിയെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. ജല നിരപ്പ് ഉയർന്നാൽ മീൻപിടിപാറയിൽ കൂടുതൽ ജലസവാരി ഉൾപ്പെടാത്താനും ടൂറിസ്റ്റുകളെ ആകർഷിക്കാനും കഴിയും.