തിരഞ്ഞെടുപ്പ് ചെലവ് കണക്കാക്കാൻ സംവിധാനം

Mail This Article
കൊല്ലം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും ഉപയോഗിക്കുന്ന സാധന സാമഗ്രികളുടെ ചെലവ് കണക്കാക്കാൻ സംവിധാനം ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ എൻ.ദേവിദാസ്. റേറ്റ് ചാർട്ട് പ്രകാരമാണ് ചെലവഴിക്കേണ്ടത്. സ്വതന്ത്രവും നീതിപൂർവകവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനാണ് ചെലവ് നിയന്ത്രണം. എല്ലാ സ്ഥാനാർഥികൾക്കും ഇതുവഴി തുല്യ അവസരം ഉറപ്പാക്കാനുമാകും. പ്രചാരണ സാമഗ്രികളുടെ നിരക്കുകൾ നാമനിർദേശ പത്രികാസമർപ്പണ വേളയിൽ ലഭ്യമാക്കുന്നുമുണ്ട് എന്നും അറിയിച്ചു.
വോട്ടിങ് ശതമാനം വർധിപ്പിക്കുന്നതിനായി സ്വീപ് (സിസ്റ്റമറ്റിക് വോട്ടർ എജ്യൂക്കേഷൻ ആൻഡ് ഇലക്ട്രൽ പാർട്ടിസിപ്പേഷൻ) നടത്തുന്ന ബോധവൽകരണ പരിപാടികൾ ഇന്ന് ഉച്ചയ്ക്ക് 12.30ന് ബാർ അസോസിയേഷൻ ഹാളിൽ നടക്കും. കലക്ടർ എൻ. ദേവിദാസ്, ചീഫ് ജുഡീഷ്യൽ മജിസട്രേട്ട് അഞ്ജു മീര ബിർള എന്നിവർ പങ്കെടുക്കും. വൈകിട്ട് 4 ന് തിരഞ്ഞെടുപ്പ് അവബോധ സന്ദേശങ്ങൾ ഉൾക്കൊള്ളിച്ചു തയാറാക്കിയ ‘വോട്ടുവള്ളം’ മൺറോതുരുത്ത് എസ് വളവിൽ പര്യടനം തുടങ്ങുമെന്ന് നോഡൽ ഓഫിസർ എസ്. സുദേശൻ അറിയിച്ചു.
പരിശീലനം ഇന്നുമുതൽ
കൊല്ലം ∙ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ചിട്ടുള്ള ഫസ്റ്റ്-സെക്കന്റ് റിട്ടേണിങ് ഓഫിസർമാർക്കുള്ള പരിശീലനം ഇന്ന് ആരംഭിക്കും. ജില്ലയിലെ 33 കേന്ദ്രങ്ങളിൽ ആണ് 5 വരെ നീളുന്ന പരിശീലനം. ഓർഡർ സോഫ്റ്റ്‌വെയർ മുഖാന്തിരം നടത്തിയ ആദ്യഘട്ട റാന്റമൈസെഷൻ വഴി തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥർ നിർബന്ധമായി പങ്കെടുക്കണം . ജോലി ചെയ്യുന്ന അസംബ്ലി മണ്ഡലത്തിലെ ക്ലാസുകളിൽ ആണ് പങ്കെടുക്കേണ്ടത്.