ADVERTISEMENT

പത്തനാപുരം ∙ പത്തനാപുരം – പിറവന്തൂർ പഞ്ചായത്തുകളുടെ അതിർത്തിഗ്രാമങ്ങളായ ചെല്ലപ്പള്ളിയിലും കടശേരിയിലും ചിറപ്പാട്ടും പതിവായി കാട്ടാന ഇറങ്ങിയിട്ടും യാതൊരു നടപടിയുമില്ല. ഉച്ചയ്ക്കു 3 കഴിഞ്ഞാൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്നു നാട്ടുകാർ പറയുന്നു. 2 ദിവസങ്ങൾക്കു മുൻപ് ഫാമിങ് കോർപറേഷൻ ചിതൽവെട്ടി എസ്റ്റേറ്റിൽ പുലി ഇറങ്ങിയിരുന്നു. രാത്രി 8നാണ് പുലിയെ കണ്ടതെന്നു നാട്ടുകാർ പറഞ്ഞു. ഫാമിങ് കോർപറേഷന്റെ തന്നെ ഏഴാം ബ്ലോക്ക് ഭാഗത്ത്, സ്വകാര്യ പുരയിടത്തിൽ മേയാൻ വിട്ടിരുന്ന കന്നുകുട്ടികളെ പുലി കൊന്നിരുന്നു. വനവുമായി ഏറെ അകലെയുള്ള ഇവിടെ പുലി ഇറങ്ങിയത് ആളുകൾക്കിടയിൽ ആശങ്കയ്ക്കു കാരണമായിരുന്നു.

ഇതിനിടെയാണു കാട്ടാനയുടെ ശല്യവും പതിവായത്. ചെല്ലപ്പള്ളി, കടശേരി, ഭാഗങ്ങളിൽ ദിവസങ്ങളായി തമ്പടിച്ച ഒറ്റയാൻ പുരയിടങ്ങളിലിറങ്ങി ശല്യം ചെയ്യുന്നതും പതിവായി. പാട്ട കൊട്ടിയും പടക്കം പൊട്ടിച്ചും ഒറ്റയാനെ ഓടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും പരാജയമാണ് ഫലമെന്നു നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കു 3 മണിയോടെയാണ് ആന ജനവാസകേന്ദ്രങ്ങളിൽ എത്തിയത്. വനാതിർത്തികളിൽ സോളർ വേലികളോ കിടങ്ങുകളോ സ്ഥാപിക്കുന്നതിനു നടപടി എടുക്കാത്തത് ആണ് വന്യമൃഗ ശല്യം വർധിക്കാൻ കാരണമെന്നും ആരോപണമുണ്ട്.ആര്യങ്കാവ് ∙ കാടുവിട്ടിറങ്ങുന്ന കാട്ടാനയും പുലിയും കാട്ടുപന്നികളും അതിർത്തി മേഖലയിൽ നാട്ടുകാരുടെ സ്വൈരം കെടുത്തുന്നു. മുരുകപ്പൻചാൽ കൊല്ലപറമ്പിൽ വീട്ടിൽ റോയി ജോസഫിന്റെ പുരയിടത്തിലെ വാഴക്കൃഷി കാട്ടാനക്കൂട്ടം നശിപ്പിച്ചു.

കടമാൻപാറ കുന്നക്കാട്ട് വീട്ടിൽ ടോമിയുടെ വീട്ടിലെ വളർത്തു നായയെ പുലി പിടിച്ചു. കടമാൻപാറ വനം സ്റ്റേഷനു സമീപത്തായാണു സംഭവം. അച്ചൻകോവിൽ ചെങ്കോട്ട വനപാതയിലും വനാതിർത്തികളിലും കാട്ടാനകൾ തമ്പടിച്ചതോടെ സഞ്ചാരം ഭീതിയിലായി.പട്ടാപ്പകൽ പോലും ആരെയും കൂസാതെയാണു കാട്ടുപന്നികൾ അച്ചൻകോവിലിൽ നാട്ടുകാരുടെ സ്വൈരജീവിതത്തിനു തടസ്സമാകുന്നത്. വന്യജീവി – മനുഷ്യ സംഘർഷം ലഘൂകരിക്കാൻ വനംവകുപ്പ് വഴികൾ തേടുന്നുവെന്നു പറയുന്നുണ്ടെങ്കിലും ഓരോ ദിവസവും ശല്യം പെരുകുകയാണ്. ആനത്താരകൾ ഇല്ലാതായതാണു കാട്ടാനകൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങാൻ കാരണമെന്നാണു വനംവകുപ്പിന്റെ കണ്ടെത്തൽ. വനാതിർത്തികളിൽ കാട്ടാനകൾക്കു പ്രിയമേറിയ ഭക്ഷ്യവസ്തുക്കളുടെ കൃഷികൾ വ്യാപകമായതും കാട്ടാനകളുടെ കാടിറക്കത്തിന് കാരണമെന്നും പറയുന്നു.

കാട്ടാനകളുടെ കാടിറക്കം തടയാൻ വനാതിർത്തികളിൽ കുഴികൾ എടുക്കാൻ വലിയ സാമ്പത്തിക ബാധ്യത ഉണ്ടെന്നാണു വനംവകുപ്പിന്റെ വാദം. പരിമിതികൾ കണക്കിലെടുക്കാതെ കുഴികൾ എടുക്കുന്ന നടപടികൾ തുടരുന്നുണ്ടെന്നു പറയുന്നെങ്കിലും കാട്ടാനകളുടെ വിളയാട്ടം മാത്രം നിലയ്ക്കുന്നില്ല. കാട്ടാനകൾക്കു ജലക്ഷാമം പരിഹരിക്കാൻ വനത്തിൽ കുളങ്ങളുടെ നിർമാണം നടത്തുന്നെങ്കിലും കടുത്ത വരൾച്ച പ്രതിസന്ധിയായി.വളർത്തു മൃഗങ്ങളായ നായ, ആട് തുടങ്ങിയ ചെറിയ മൃഗങ്ങളിലാണു പുലികളുടെ കണ്ണ്. ശെന്തുരുണി വന്യജീവി സങ്കേതത്തിനുള്ളിലെ റോസ്മലയിൽ പതിവായി പുലിയിറങ്ങി നായ്ക്കളെയും ആടുകളെയുമാണു പിടികൂടുന്നത്. കർഷകർക്ക് ഉണ്ടാകുന്ന വലിയ സാമ്പത്തിക നഷ്ടത്തിനു മതിയായ പരിഹാരം ലഭിക്കാത്തതു സംബന്ധിച്ചും പതിവായി പരാതിയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com