ADVERTISEMENT

കൊല്ലം ∙ നേർവഴിയല്ല; ശരിക്കും വളഞ്ഞ വഴിയാണിത്. വട്ടംചുറ്റിയ വഴിയിലൂടെ യാത്രക്കാരെ വട്ടംകറക്കുന്ന ഗതാഗത പരിഷ്കരണം മാറ്റണമെന്ന ആവശ്യം ശക്തം. ചിന്നക്കടയിൽ നിന്നു കുണ്ടറ ഭാഗത്തേക്കു പോകുന്ന സ്വകാര്യ– കെഎസ്ആർസി ബസ് യാത്രക്കാരാണു വർഷങ്ങൾക്കു മുൻപു നടപ്പിലാക്കിയ രീതി മൂലം വലയുന്നത്. ചിന്നക്കടയിലെ മൊത്തത്തിലുള്ള  ഗതാഗത പരിഷ്കരണത്തിന്റെ ഭാഗമായാണു ചിന്നക്കടയിൽ നിന്നു കടപ്പാക്കടയിലേക്കു നേരിട്ടു പോകുന്ന റോഡിലൂടെയുള്ള പൊതു ഗതാഗത വാഹനങ്ങളുടെ സർവീസ് മാറ്റിയത്. ചിന്നക്കടയിൽ നിന്നു കുണ്ടറ ഭാഗത്തേക്കു നേരിട്ടു പ്രവേശിക്കാവുന്ന റോഡിലൂടെ നിലവിൽ സ്വകാര്യ വാഹനങ്ങൾക്കു മാത്രമാണ് പ്രവേശനം.   ബസുകൾ ആശ്രാമം മൈതാനത്ത് എത്തി വ്യവസായ വകുപ്പ് ഒ‍ാഫിസിനരികിലൂടെ ശങ്കേഴ്സ് ആശുപത്രി ജംക്‌ഷൻ വഴി കടപ്പാക്കട റോഡിലേക്കു കയറുന്ന തരത്തിലാണു നിലവിലെ രീതി. 10 വർഷം മുൻപാണ് ഈ ഗതാഗത പരിഷ്കാരം നടത്തിയത്.  

ചിന്നക്കടയിൽ നിന്ന് ആശ്രാമത്തേക്കു പോകുന്ന ഭാഗത്തെ കാത്തിരിപ്പു കേന്ദ്രത്തിന്റെ ഇരിപ്പിടം തകർന്ന നിലയിൽ.
ചിന്നക്കടയിൽ നിന്ന് ആശ്രാമത്തേക്കു പോകുന്ന ഭാഗത്തെ കാത്തിരിപ്പു കേന്ദ്രത്തിന്റെ ഇരിപ്പിടം തകർന്ന നിലയിൽ.

സർവീസ് നടത്തുന്ന ബസുകൾക്കോ യാത്രക്കാർക്കോ ഇതുകൊണ്ട് ഒരു പ്രയോജനവുമില്ല.  മൂക്കിൽ തൊടാൻ തലയിലൂടെ ചുറ്റി തൊടണം എന്നു  പറയും പോലെയാണു  ജനങ്ങളും യാത്രക്കാരും ഇതിനെ കാണുന്നത്.  മാത്രമല്ല വ്യവസായ വകുപ്പ് ഓഫിസിനരികിലൂടെ ശങ്കേഴ്സ് ജംക്‌ഷനിൽ എത്തുന്നതു വരെയുള്ള പാത വളവുകളും ഇടുങ്ങിയതുമാണ്. എതിരെ വരുന്ന വാഹനങ്ങൾ കൂട്ടിയിടിച്ച് അപകട സാധ്യതയുണ്ടാകാൻ ഇടയുണ്ടെന്നു നേരത്തേ പരാതിയുണ്ട്. ഈ പാതയിൽ ഒരു മാസം മുൻപു കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികരായ 2 വിദ്യാർഥികൾ മരിച്ചിരുന്നു. കൊല്ലം റെയിൽവേ സ്റ്റേഷന്റെ രണ്ടാം കവാടം സ്ഥിതി ചെയ്യുന്നതു ചിന്നക്കട–കടപ്പാക്കട പാതയിൽ കേരള ബാങ്കിനു(പഴയ ജില്ലാ സഹകരണ ബാങ്കിന്) സമീപത്താണ്. 

ട്രെയിനിറങ്ങി രണ്ടാം കവാടം വഴി പുറത്തേക്കു വരുന്നവർ കുണ്ടറ ഭാഗത്തേക്കു പോകണമെങ്കിൽ ബസിൽ കയറാൻ ചിന്നക്കടയിലേക്കു നടക്കണം. അല്ലെങ്കിൽ ഒ‍ാട്ടോറിക്ഷകളെ ആശ്രയിക്കണം. ഈ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനായി ഇരുഭാഗത്തേക്കും ബസുകൾക്കു സർവീസ് നടത്താൻ അനുമതി നൽകണമെന്ന ആവശ്യമാണ് ഉയരുന്നത്. ബസ് സർവീസ് ഇല്ലാത്തതിനാൽ കേരള ബാങ്കിന് സമീപത്തുള്ള ബസ് കാത്തിരിപ്പു കേന്ദ്രം ഇപ്പോൾ ടാക്സി സ്റ്റാൻഡാക്കി മാറ്റിയിരിക്കുകയാണ്.  കുണ്ടറയിലേക്കു പോകുന്ന ചില കെഎസ്ആർടിസി ബസുകൾ രാത്രിയിൽ വല്ലപ്പോഴും ഈ റൂട്ടിലൂടെ സർവീസ് നടത്തുന്നുണ്ട്. എന്നാൽ ട്രെയിനിൽ വന്ന് ഇറങ്ങുന്നവർ ബസിനായി ഇരുട്ടത്തു കാത്തു നിൽക്കണം. മഴ പെയ്താൽ കയറി നിൽക്കാൻ ഒരു കട വരാന്ത പോലുമില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com