ജലക്ഷാമം രൂക്ഷം, കിണറുകൾ വറ്റി; പൈപ്പിലും വെളളമില്ല, ദാഹിച്ചു വലഞ്ഞ് ഇടക്കടമ്പ് നിവാസികൾ

Mail This Article
പുത്തൂർ ∙ വേനൽത്തുടക്കത്തിൽ തന്നെ കിണറുകൾ വറ്റി, ജലജീവൻ മിഷൻ പൈപ്പ് ലൈനുകൾ സ്ഥാപിച്ചു മാസങ്ങൾ കഴിഞ്ഞെങ്കിലും വെള്ളം എത്തിയിട്ടില്ല, ചെറുകിട ശുദ്ധജല പദ്ധതി പ്രവർത്തനരഹിതമായിട്ട് ഒരു വർഷം ആകാറായി. ശുദ്ധജലക്ഷാമം മൂലം പൊറുതി മുട്ടുന്ന ഇടക്കടമ്പിന്റെ ദാഹമകറ്റാൻ നടപടികളില്ല. നെടുവത്തൂർ പഞ്ചായത്തിലെ ഗ്രാമീണ പ്രദേശങ്ങളിൽ ഒന്നാണ് ഇടക്കടമ്പ്. പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശമായതിനാൽ കിണറുകളിൽ വേണ്ടത്ര വെള്ളമില്ല. വേനൽത്തുടക്കത്തിൽ തന്നെ വറ്റിത്തുടങ്ങുകയും ചെയ്യും.
ജലജീവൻ മിഷൻ പൈപ്പ് സ്ഥാപിച്ചപ്പോൾ വലിയ പ്രതീക്ഷയിലായിരുന്നു നാട്. പക്ഷേ അതും ഫലം ചെയ്തില്ല. വെള്ളം വരാത്തത് എന്തു കൊണ്ടാണ് എന്ന് നാട്ടുകാർക്കറിയില്ല. ആകെയുള്ള ആശ്രയമായിരുന്നു ചെറുകിട ശുദ്ധജല പദ്ധതി. ഇതിന്റെ മോട്ടർ തകരാറായിട്ടു വർഷം ഒന്നാകാറായി. ഇതുവരെ നന്നാക്കിയിട്ടില്ല. പഞ്ചായത്തിൽ നിന്നു ടാങ്കറുകളിൽ വെള്ളം എത്തിക്കണം എന്ന ആവശ്യവും അധികൃതർ കേട്ട മട്ടില്ല. 1000 ലീറ്റർ വെള്ള 550 രൂപ വരെ കൊടുത്തു വാങ്ങിയവരും ഇവിടെയുണ്ട്. പക്ഷേ എപ്പോഴും ഇങ്ങനെ വിലയ്ക്കു വാങ്ങാൻ സാമ്പത്തിക സ്ഥിതി അനുവദിക്കുന്നില്ലത്രേ. പ്രദേശത്തിന്റെ ശുദ്ധജലക്ഷാമം പരിഹരിക്കാൻ സത്വര നടപടി വേണം എന്നാണ് നാടിന്റെ ആവശ്യം.