ADVERTISEMENT

പാവപ്പെട്ടവർക്കു വേണ്ടി പ്രവർത്തിച്ചുകൊണ്ടു ജീവിക്കുക എന്നതിനേക്കാൾ വലിയ ആനന്ദം വേറെയില്ല...’ ആ ചുവരെഴുത്തുകൾക്കൊത്തു ചേർന്ന് എൻ.കെ പ്രേമചന്ദ്രന്റെ  ചെറുപോസ്റ്ററുകൾ തൂക്കിയ തോരണം പാറിക്കളിച്ചു. പേരയം പഞ്ചായത്ത് കരിക്കുഴി ജംക്‌ഷനിലെ സൊസൈറ്റി ഓഫ് സെന്റ് വിൻസന്റ് ഡി പോൾ കെട്ടിടത്തിന്റെ ചുവരിൽ സേവനത്തിന്റെ സന്ദേശം വലിയ അക്ഷരങ്ങളിൽ പതിഞ്ഞുകിടക്കുന്നു. അതിനടുത്തായിരുന്നു ഇന്നലെ യുഡിഎഫ് സ്ഥാനാർഥി എൻ.കെ പ്രേമചന്ദ്രന്റെ സ്വീകരണ കേന്ദ്രങ്ങളിലൊന്ന്; കരിക്കുഴി ജംക്‌ഷനിൽ. കവലയിൽ ചെറിയൊരു ആൾക്കൂട്ടം. സ്ഥാനാർഥി രാവിലെ 11 ന് എത്തുമെന്നായിരുന്നു അറിയിപ്പ്.

ആദ്യ അനൗൺസ്മെന്റ് വാഹനം കവല തൊട്ടത് 2 മണിക്കൂർ വൈകി. കാത്തുനിന്ന മുഖങ്ങൾ ഓരോന്നും വിളിച്ചു പറഞ്ഞു: ‘ ഞങ്ങൾക്ക് അത്രമേൽ ഇഷ്ടമാണ് പ്രേമചന്ദ്രനെ...’കുണ്ടറ നിയമസഭാ മണ്ഡലത്തിൽപെട്ട ഇളമ്പള്ളൂരിലെ കശുവണ്ടി വികസന കോർപറേഷന്റെ ഫാക്ടറിക്കു മുന്നിൽ സ്ഥാനാർഥി എത്തുമ്പോൾ നൂറുകണക്കിനു സ്ത്രീ തൊഴിലാളികൾ കാത്തു നിൽക്കുന്നു. കശുവണ്ടിത്തൊഴിലാളികൾക്കു വേണ്ടി പാർലമെന്റിൽ അനവധി തവണ ശബ്ദമുയർത്തിയ പ്രേമചന്ദ്രൻ വരുന്നു. ജോലിയുടെ ഇടവേളയിൽ അവർ ഹാരങ്ങളുമായി സ്ഥാനാർഥിയെ സ്നേഹപൂർവം വരവേറ്റു. കുണ്ടറയുടെ എംഎൽഎ പി.സി വിഷ്ണുനാഥ് കൊച്ചനുജനെപ്പോലെ പ്രേമചന്ദ്രനൊപ്പം തുറന്ന ജീപ്പിലുണ്ട്.

ജീപ്പിൽ നിന്നിറങ്ങിയ വിഷ്ണുനാഥിന്റെ ചെറുപ്രസംഗം. ‘ഇഎസ്ഐ ആനുകൂല്യം കിട്ടാൻ 152 ഹാജർ വേണമെന്ന നിബന്ധനയ്ക്കെതിരെ പാർലമെന്റിൽ പോരാടി അത് 78 ആക്കി കുറച്ച നമ്മുടെ പ്രിയപ്പെട്ട എംപി യാണ് വന്നിരിക്കുന്നത്...’  വിഷ്ണുനാഥിന്റെ വാക്കുകൾ തൊഴിലാളികൾ നിറഞ്ഞ കയ്യടിയോടെ സ്വീകരിച്ചു. തൊഴിലാളികൾക്കടുത്തേക്ക് ചെന്ന പ്രേമചന്ദ്രൻ ഓരോരുത്തരെയും അഭിവാദ്യം ചെയ്തു. ‘അമ്മമാരേ, സഹോദരിമാരേ, തൊഴിലാളി സുഹൃത്തുക്കളേ...’– പ്രേമചന്ദ്രന്റെ വാക്കുകളിൽ കയ്യടി നിറഞ്ഞു. ‘കരിയിലും കറയിലും പുകയിലും പണിയെടുക്കുന്ന നിങ്ങളുടെ സ്നേഹമാണ് എന്റെ കരുത്ത്, ജീവൻ.

കശുവണ്ടിത്തൊഴിലാളികൾക്കു വേണ്ടി കഴിഞ്ഞ 5 വർഷത്തിനുള്ളിൽ 22 തവണയാണ് ഞാൻ പാർലമെന്റിൽ ശബ്ദമുയർത്തിയത്– ഇഎസ്ഐ ആനുകൂല്യത്തിനും ഉയർന്ന പിഎഫ് പെൻഷനും മറ്റും ഒക്കെ വേണ്ടി. ഞാൻ വാക്ക് തരുന്നു– കേന്ദ്രത്തിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ സർക്കാർ അധികാരത്തിൽ വന്നാൽ കശുവണ്ടി വ്യവസായത്തിനു വേണ്ടി പ്രത്യേക പാക്കേജ് അനുവദിക്കുക തന്നെ ചെയ്യും. പാവപ്പെട്ടവരോട് അങ്ങേയറ്റം സ്നേഹമുള്ള മനുഷ്യനാണ് രാഹുൽ ഗാന്ധി. അദ്ദേഹം സ്ത്രീകൾക്കു വേണ്ടി 5 ന്യായ് പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. കശുവണ്ടിത്തൊഴിലാളികളുടെ ഉൾപ്പെടെ സ്ത്രീകളുടെ ജീവിതത്തിൽ അതു വലിയ മാറ്റങ്ങളുണ്ടാക്കും.

ഇത് പ്രേമചന്ദ്രന്റെ വാക്കാണ്...’ വോട്ടു ചോദിച്ചെത്തുന്ന ഓരോ കേന്ദ്രങ്ങളിലും സ്നേഹമേറെ ഏറ്റുവാങ്ങിയാണ് പര്യടനം. അനൗൺസ്മെന്റ് കേട്ട് വീടുകളിൽ നിന്ന് പുറത്തേക്കോടി വരുന്ന ഓരോരുത്തരെയും പ്രേമചന്ദ്രൻ നിറഞ്ഞ ചിരിയോടെ കൈ വീശിക്കാട്ടും. അവരിൽ പലരും ഒരിക്കലെങ്കിലും അദ്ദേഹത്തെ കാണാൻ എംപി ഓഫിസിൽ ചെന്നിട്ടുള്ളവരാണ്. എന്തെങ്കിലും ആവശ്യത്തിന് എംപി യെ സമീപിച്ചവരാണ്. അവരുടെ സന്തോഷം കണ്ട് പ്രേമചന്ദ്രൻ പറഞ്ഞു: ‘ ഈ ഓരോരുത്തരുടെയും വീട്ടിലെ ഒരംഗമാണ് ഞാൻ. എന്റെ ഓഫിസിലും അവർക്ക് ആ സ്വാതന്ത്ര്യമുണ്ട്. എപ്പോൾ വേണമെങ്കിലും എന്നെ വിളിക്കാം. വന്നു കാണാം.

അവരുടെ ഏത് ആവശ്യങ്ങൾക്കും ഞാൻ ഉണ്ടായിരുന്നു, ഇനിയും അങ്ങനെ തന്നെ...’ ഉച്ചയ്ക്ക് 2 മണി പിന്നിട്ട് പേരയം കുമ്പളം ബസ് സ്റ്റാൻഡ് ജംക്‌ഷനിലെത്തുമ്പോൾ മുപ്പതാം നമ്പർ ബൂത്ത് പ്രസിഡന്റ് അഡ്വ. അൽഫോൺസ് മൈക്ക് കയ്യിലെടുത്ത് ആവേശം കൊണ്ടു. ‘ഇന്ത്യൻ പാർലമെന്റിൽ നമ്മുടെ കൊല്ലത്തിന്റെ ശബ്ദം ഉയർന്നു കേൾപ്പിച്ച  പ്രേമചന്ദ്രനാകണം നമ്മുടെ ഓരോ വോട്ടും...’ തൊട്ടടുത്ത കവലയിലെത്തിയപ്പോൾ  സ്വീകരിക്കാൻ എത്തിയവരുടെ കൂട്ടത്തിൽ എഐടിയുസി നേതാവ് വിനോദും. ഓട്ടോത്തൊഴിലാളി യൂണിയന്റെ (എഐടിയുസി) പ്രവർത്തകനാണ് വിനോദ്.

ലോട്ടറി, മരം കയറ്റം, നിർമാണ, ഓട്ടോ, ബസ്, തൊഴിലുറപ്പ് തൊഴിലാളികൾക്കു പുറമേ കശുവണ്ടിത്തൊഴിലാളികളും പത്രവിതരണക്കാരുടെ പ്രതിനിധിയും കർഷകരും ക്ഷീരകർഷകരുമൊക്കെ ഹാരവുമായി സ്ഥാനാർഥിയെ സ്വീകരിച്ചു. അവരോട് പ്രേമചന്ദ്രൻ പറഞ്ഞു: ‘ നമ്മുടെ മതനിരപേക്ഷ– ജനാധിപത്യ ഇന്ത്യയെ നമുക്ക് തിരിച്ചുപിടിക്കണം. രാഹുൽ ഗാന്ധി പറഞ്ഞതു പോലെ വെറുപ്പിന്റെ അങ്ങാടിയിൽ സ്നേഹത്തിന്റെ കടകൾ തുറക്കണം...’ അടുത്ത കേന്ദ്രത്തിലേക്ക് വാഹനവ്യൂഹം യാത്ര പറഞ്ഞപ്പോൾ കൂടി നിന്നവരിൽ ഒരാൾ പറഞ്ഞു: ‘മണ്ഡലത്തിനു വേണ്ടി നന്നായി അധ്വാനിക്കുന്നയാളാണ്. ഞങ്ങൾക്ക് ഇഷ്ടമാണ് പ്രേമചന്ദ്രനെ...’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com