ആനപ്പേടിയിൽ നാട്; വിളകൾ നശിപ്പിച്ചു: സോളർ വേലി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയില്ല
Mail This Article
കറവൂർ∙ കീഴയം ഭാഗത്ത് കാട്ടാനയിറങ്ങി, കാർഷിക വിളകൾ നശിപ്പിച്ചു. വാഴ, കമുക്, തെങ്ങ്, പച്ചക്കറി എന്നിവയെല്ലാം നശിപ്പിച്ചാണ് ആന മടങ്ങിയത്. കീഴയം സ്വദേശികളായ വർഗീസ്, ആനന്ദാലയത്തിൽ ആനന്ദൻ, ഈട്ടിവിള വീട്ടിൽ വിലാസിനി എന്നിവരുടെ കൃഷിയിടങ്ങളിലാണ് കാട്ടാനയിറങ്ങിയത്. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മലയോര മേഖലയിൽ കാട്ടാനയിറങ്ങുന്നത് പതിവാണ്.
കടശേരി, കറവൂർ, ചെല്ലപ്പള്ളി, പൂമരുതിക്കുഴി, മുള്ളുമല, ചിതൽവെട്ടി, ചെരുപ്പിട്ടകാവ്, ചെമ്പനരുവി ഭാഗങ്ങളിലെല്ലാം കാട്ടാന ശല്യം ശക്തമാണ്. പകലും ഇവിടെ കാട്ടാനയിറങ്ങാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. വനാതിർത്തികളിൽ സോളർ വേലി സ്ഥാപിക്കാനോ, കിടങ്ങ് സ്ഥാപിക്കാനോ നടപടിയില്ലെന്നു നാട്ടുകാർ ആരോപിച്ചു. വേലി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് ആക്ഷേപം. വന്യമൃഗങ്ങൾ കൃഷി നശിപ്പിച്ചാലും നഷ്ടപരിഹാരം ലഭിക്കാറില്ലെന്ന് ഇവർ ആരോപിച്ചു.