ADVERTISEMENT

കൊല്ലം
ഇടതിനെയും വലതിനെയും തല്ലുകയും തലോടുകയും ചെയ്തിട്ടുള്ള മണ്ഡലമാണിത്. രണ്ടര പതിറ്റാണ്ടായി തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതു കേന്ദ്രമാണ് കൊല്ലം. അതുപറഞ്ഞു ഞെളിഞ്ഞു നിൽക്കുമ്പോൾ നിയമസഭാ തിരഞ്ഞെടുപ്പിൽ അടിതെറ്റി വീണിട്ടുണ്ട്. എങ്കിലും 4 നിയമസഭാ തിരഞ്ഞെടുപ്പുകളിലായി ഇടതുപക്ഷത്തോടൊപ്പമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കളി മാറും. അപ്പോൾ യുഡിഎഫിനോടാകും കൊല്ലത്തിനു കൂടുതൽ കൂറ്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലത്ത് മുകേഷിന്റെ ഭൂരിപക്ഷം 17,611 വോട്ട് ആയിരുന്നു.അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനു കനത്ത പ്രഹരം നൽകി എൻ.കെ.പ്രേമചന്ദ്രൻ 24,545 വോട്ടിന്റെ ഭൂരിപക്ഷം നേടി. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ഇടതു തരംഗത്തിൽ മുകേഷ് 2072 വോട്ടിന്റെ ഭൂരിപക്ഷവുമായി കടന്നു കൂടുകയായിരുന്നു. കോർപറേഷനെ മൂന്നായി പകുത്തതിന്റെ ഒരു പങ്കും പനയം, തൃക്കരുവ ഗ്രാമപ്പഞ്ചായത്തുകളും ചേരുന്നതാണ് കൊല്ലത്തിന്റെ ഭൂപടം.

രണ്ടു പഞ്ചായത്തുകളിലും ഇടതു ഭരണം. 55 ഡിവിഷനുള്ള കൊല്ലം കോർപറേഷനിലെ 24 ഡിവിഷനാണ് കൊല്ലം പകുത്തെടുത്തത്. അതിൽ 3 ഡിവിഷനിൽ യു‍ഡിഎഫും 5 ഡിവിഷനിൽ ബിജെപിയുമാണ് വിജയിച്ചത്. മറ്റുള്ളിടത്ത് ഇടതുപക്ഷം. കായലും കടലും ചേരുന്ന ഇവിടെ വിനോദ സഞ്ചാരവും തുറമുഖവും മത്സ്യബന്ധന മേഖലയുമാണ് പ്രധാന വിഷയങ്ങൾ.  മത്സ്യബന്ധന മേഖല കടുത്ത പ്രതിസന്ധിയിൽ ആണ്. വിനോദ സഞ്ചാര സാധ്യതയുടെ പകുതി പോലും പ്രയോജനപ്പെടുത്താനും ആയില്ല. തുറമുഖ വികസനവും തട്ടിയും മുട്ടിയുമാണ് നീങ്ങുന്നത്. വ്യാപാര മേഖലയും നിർണായകം. ഇടതുപക്ഷത്തിനും യുഡിഎഫിനും നല്ല അടിത്തറയുള്ള കൊല്ലത്ത് ബിജെപിയും വളർച്ചയുടെ വഴിയിലാണ്. രാഷ്ട്രീയ വോട്ട് മാത്രമല്ല കൊല്ലത്തിന്റെ വിധിയെഴുതുന്നത്. വ്യക്തി സ്വാധീനവും പ്രധാന ഘടകമാകും. 

ഇരവിപുരം 
നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ആർഎസ്പിക്ക് കുത്തകപ്പാട്ടമായി ലഭിച്ച മണ്ഡലമാണ് ഇരവിപുരം. ഇടതു പക്ഷത്തോടൊപ്പമാണ് മണ്ഡലത്തിന്റെ രാഷ്ട്രീയ മനസ്സ് എങ്കിലും പാർലമെന്റ് തിരഞ്ഞെടുപ്പിൽ മാറി ചിന്തിക്കുന്നത് കാണാം. മണ്ഡലത്തിന്റെ അതിരുകൾ മാറ്റി വരച്ചതോടെ നഗരത്തിൽ ചിന്നക്കട വരെയാണ് ഇരവിപുരത്തിന്റെ കൈവശമുള്ളത്. കോർപറേഷനെ മൂന്നായി പങ്കിട്ടപ്പോൾ കൊല്ലം മണ്ഡലത്തിനു ലഭിച്ചതു പോലെ 24 ഡിവിഷൻ ഇരവിപുരത്തിനു കിട്ടി. അതിന്റെ കൂടെ മയ്യനാട് പഞ്ചായത്തു കൂടി ചേരുമ്പോൾ ഇരവിപുരം ആയി. തിരു– കൊച്ചി മുഖ്യമന്ത്രി ആയിരുന്ന സി.കേശവന്റെ ജന്മസ്ഥലമായ മയ്യനാട് പഞ്ചായത്തിൽ ഇടതു ഭരണ ചരിത്രമാണ് ഇപ്പോൾ. കോർപറേഷൻ മേഖലയിൽ 4 ഡിവിഷനിൽ യുഡിഎഫും ഒരിടത്ത് ബിജെപിയും. 19 ഡിവിഷനിൽ ഇടതു പ്രതിനിധികളാണ്. കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സിപിഎമ്മിനാണ് വിജയം.

2021ലെ നിയമ സഭ തിരഞ്ഞെടുപ്പിൽ എം.നൗഷാദിന് 28,121 വോട്ടിന്റെ ഭൂരിപക്ഷം . തൊട്ടുമുൻപു നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ എൻ.കെ.പ്രേമചന്ദ്രന് 23,420 വോട്ടിന്റെ ഭൂരിപക്ഷം. കശുവണ്ടി മേഖലയുടെ തലസ്ഥാനം എന്നു ഇരവിപുരത്തെ വിശേഷിപ്പിക്കാമായിരുന്നു. മിക്ക ‘ഫാക്ടറിക്കുഴലുകളും ആസ്മ വലിക്കുന്ന’ അവസ്ഥയിൽ പോലുമില്ല ഇപ്പോൾ. വർഷങ്ങളായി അടഞ്ഞു കിടക്കുന്ന ഫാക്ടറികളുടെ പൂട്ടു വരെ ദ്രവിച്ചു. പരമ്പരാഗത മത്സ്യബന്ധനവും തീരദേശത്തെ പ്രതിസന്ധിയും തീരദേശ ഹൈവേയും ഒക്കെ പ്രധാന വിഷയങ്ങളാണ്. കൊല്ലം തോടിന്റെ പുനർ നിർമാണം പൂർത്തിയാക്കാൻ കഴിയാത്തതും ടൂറിസം സാധ്യത വിനിയോഗിക്കാത്തതും ചർച്ചയാണ്. മയ്യനാട് പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പദ്ധതിയും നടപ്പാക്കാത്തതും.‘ ആകാശത്ത് നിൽക്കുന്ന’ റെയിൽവേ മേൽപാലവും ചൂടുള്ള വിഷയമായി നിൽക്കുന്നു.

കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർഥി എം. മുകേഷ് ചവറയിൽ പ്രചാരണത്തിനിടെ
കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർഥി എം. മുകേഷ് ചവറയിൽ പ്രചാരണത്തിനിടെ

ചാത്തന്നൂർ 
ജില്ലാ അതിർത്തിയോട് ചേർന്നു കിടക്കുന്ന നിയമസഭ മണ്ഡലമാണ് ചാത്തന്നൂർ. കയർ, കശുവണ്ടി, കൈത്തറി തൊഴിലാളികളും അവരുടെ ജീവിത പ്രശ്നങ്ങളും ദേശീയപാത വികസനവും ചാത്തന്നൂർ-പരവൂർ-പാരിപ്പള്ളി റോഡ് നവീകരണവും മണ്ഡലത്തിലെ ചർച്ചാ വിഷയങ്ങളാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ സ്വാധീന മേഖലയാണെങ്കിലും കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ എൻ.കെ.പ്രേമചന്ദ്രൻ വ്യക്തമായ ലീഡ് നേടി. 1967 ൽ മണ്ഡലം രൂപീകൃതമായപ്പോൾ മുതൽ ചാത്തന്നൂരിൽ ഇടതുപക്ഷത്തിനൊപ്പം ആയിരുന്നു. ഇടയ്ക്ക് 1982ലും 1991ലും 2001ലും കോൺഗ്രസ് ആ കുത്തക തകർത്തു. കഴിഞ്ഞ 3 നിയമസഭാ തിരഞ്ഞെടുപ്പിലും സിപിഐയിലെ ജി.എസ്.ജയലാലാണ് വിജയി. കഴിഞ്ഞ 2 നിയമസഭാ തിരഞ്ഞടുപ്പിലും ബിജെപി രണ്ടാം സ്ഥാനത്ത് എത്തി. കൊല്ലം താലൂക്കിലെ പരവൂർ നഗരസഭ, പൂതക്കുളം, ചിറക്കര, കല്ലുവാതുക്കൽ, ചാത്തന്നൂർ, ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്തുകളും കൊട്ടാരക്കര താലൂക്കിലെ പൂയപ്പളളി പഞ്ചായത്തും ഉൾപ്പെടുന്നതാണ് ചാത്തന്നൂർ മണ്ഡലം.

പരവൂർ നഗരസഭ, ചിറക്കര, കല്ലുവാതുക്കൽ, ആദിച്ചനല്ലൂർ പഞ്ചായത്തുകൾ യുഡിഎഫ് ഭരണമാണ്. ചാത്തന്നൂർ, പൂയപ്പള്ളി, പൂതക്കുളം പഞ്ചായത്തുകൾ എൽഡിഎഫ് ഭരണത്തിലും. പരവൂർ നഗരസഭാ ഭരണത്തിൽ യുഡിഎഫും എൽഡിഎഫും തുല്യശക്തികളാണ്. ഭരണ നേതൃത്വം യുഡിഎഫിന്. ചിറക്കര പഞ്ചായത്തിൽ വൻ അട്ടിമറിയിലൂടെ സിപിഎം വിമതരിലൂടെയാണ് കോൺഗ്രസ് ഭരണം പിടിച്ചത്. ജില്ലയിൽ ആദ്യമായി ബിജെപി ഭരണത്തിലെത്തിയ കല്ലുവാതുക്കലിലും കോൺഗ്രസാണ് ഭരിക്കുന്നത്. 2019 ലോക്‌സഭ തിരഞ്ഞെടുപ്പിൽ യുഡിഎഫിലെ എൻ.കെ.പ്രേമചന്ദ്രൻ 63146 വോട്ടും എൽഡിഎഫിലെ കെ.എൻ.ബാലഗോപാൽ 46114 വോട്ടും എൻഡിയുടെ കെ.വി.സാബു 19621 വോട്ടും നേടി. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫ്- 59296 എൻഡിഎ- 42,090, യുഡിഎഫ്- 34280 എന്നിങ്ങനെയായി. 

കുണ്ടറ
കുണ്ടറ, ഇളമ്പള്ളൂർ, പേരയം, പെരിനാട്, കൊറ്റങ്കര, തൃക്കോവിൽവട്ടം, നെടുമ്പന ഗ്രാമപ്പഞ്ചായത്തുകൾ ചേർന്നതാണ് കുണ്ടറ. പേരയത്തു മാത്രമാണ് കോൺഗ്രസ് ഭരണം. ഇടതിനൊപ്പമാണ് കുണ്ടറ കൂടുതൽ കാലവും നിലകൊണ്ടത്. 2011 ലെ മണ്ഡല പുനഃ‍സംഘടന വരെ എ.എ.റഹീം, തോപ്പിൽ രവി, അൽഫോൺസ ജോൺ, കടവൂർ ‍ശിവദാസൻ എന്നിവർ ഒഴികെ ഇടത് എംഎൽഎമാർ. പുനഃ‍സംഘടനയ്ക്ക് ശേഷം നടന്ന 3 തിരഞ്ഞെടുപ്പുകളിൽ എം.എ.ബേബി (2011), ജെ.മേഴ്സിക്കുട്ടിയമ്മ (2016) എന്നിവർ ജയിച്ചപ്പോൾ കഴിഞ്ഞ തവണ കോൺഗ്രസിലെ പി.സി.വിഷ്ണുനാഥ് തിളക്കമാർന്ന വിജയം നേടി. ഗതാഗതക്കുരുക്കും റെയിൽവേ മേൽപ്പാലവുമാണ് പ്രധാന ചർച്ച വിഷയം. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ കുണ്ടറയിൽ എൻ.കെ.പ്രേമചന്ദ്രന് 52.8 ശതമാനവും ‍എൽഡിഎഫ് സ്ഥാനാർഥി  കെ.എൻ.ബാലഗോപാലിന് 36.6 ശതമാനം വോട്ടുകളാണ് ലഭിച്ചത്. 

ബിജെപിയുടെ കെ.വി.സാബുവിന് 9.8 ശതമാനം വോട്ടും. മികച്ച പാർലമെന്റേറിയൻ എന്ന ഖ്യാതി തന്നെയാണ് എൻ‍.കെ.പ്രേമചന്ദ്രന്റെ നേട്ടം. കഴിഞ്ഞ തവണ കുണ്ടറ മണ്ഡലത്തിൽ എൻ.കെ.പ്രേമചന്ദ്രന് 25000 വോട്ടുകളുടെ ലീഡ് ഉണ്ടായിരുന്നു. ഇത്തവണ 30000 വോട്ടുകളുടെ ലീഡാണ് പ്രതീക്ഷ. മികച്ച ലീഡ് എൽഡിഎഫും അവകാശപ്പെടുന്നു. തിരഞ്ഞെടുപ്പ്‌ പ്രഖ്യാപനത്തിന്‌ തൊട്ടു മുൻപ് മണ്ഡലത്തിലുണ്ടായ പോക്സോ കേസ്‌ ചർച്ചയായിട്ടുണ്ട്.    ഇരയ്ക്കൊപ്പം നിന്ന ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പാർട്ടിയിൽ നിന്ന് ലഭിച്ച അവഗണനയും ഉന്നത നേതാക്കൾ പ്രതിയെ സംരക്ഷിക്കുന്ന നിലപാട്‌ സ്വീകരിച്ചതും ഒരു വിഭാഗത്തിന്റെ പ്രതിഷേധത്തിന്‌ കാരണമായിട്ടുണ്ട്‌. ഇളമ്പള്ളൂർ, പെരിനാട്‌, കൊറ്റങ്കര, കുണ്ടറ പഞ്ചായത്തുകളിലെ പ്രവർത്തനം വഴി മുന്നേറ്റം നടത്താനാണ് ബിജെപി ശ്രമം

കൊല്ലത്തെ എൻഡിഎ സ്ഥാനാർഥി ജി.കൃഷ്ണകുമാർ പ്രചാരണത്തിനിടെ മീയണ്ണൂരിൽ
കൊല്ലത്തെ എൻഡിഎ സ്ഥാനാർഥി ജി.കൃഷ്ണകുമാർ പ്രചാരണത്തിനിടെ മീയണ്ണൂരിൽ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com