ADVERTISEMENT

കൊട്ടിയം∙തെരുവുനായ്ക്കളുടെ ആക്രമണം ഭയന്ന് ഒറ്റപ്ലാമൂട് മുതൽ കൊട്ടിയം ജംക്‌ഷൻ വരെ കാൽനടയാത്രികർ പോകുന്നതു വടിയും  കൊണ്ട്. എസ്എൻ പോളിടെക്നിക്കിനും സമീപത്തെ സ്വകാര്യ സ്കൂളിനും ഇടയിലുള്ള ആളൊഴിഞ്ഞ ഭാഗത്തെ റോഡിലും പറമ്പുകളിലുമായാണ് തെരുവു നായ്ക്കൾ തമ്പടിക്കുന്നത്. ഇവിടെ വൻ തോതിൽ മാലിന്യം തള്ളുന്നതിനാലാണു നായ്ക്കൾ ഇവിടെ തമ്പടിക്കുന്നത്. ബേക്കറി, ഹോട്ടൽ, അടുക്കള, ബാർബർഷോപ്  മാലിന്യങ്ങൾ, കുട്ടികളുടെ  ഡയപ്പർ ഉൾപ്പെടെയയാണ് ഇവിടെ ചാക്കിൽ കെട്ടിയും അല്ലാതെയും തള്ളുന്നത്. 

ഹരിത കർമ സേനാംഗങ്ങൾ ഇവയൊക്കെ നീക്കിയാലും വീണ്ടും ഇവിടെ മാലിന്യം തള്ളുകയാണ്. ഒരിക്കൽ മാലിന്യം തള്ളിയ കൂട്ടത്തിൽ ഒരു കുറിയർ കവറും ഉണ്ടായിരുന്നു. കവറിലെ മേൽവിലാസം കണ്ടെത്തി വീട്ടുകാർക്കെതിരെ കൊട്ടിയം പൊലീസിൽ നാട്ടുകാർ പരാതി നൽകി. എന്നാൽ വീട്ടുകാരെക്കൊണ്ടു പിഴ അടപ്പിക്കാതെ താക്കീതിൽ മാത്രം ഒതുക്കിയെന്ന ആക്ഷേപമുണ്ട്. 

കോളനി, സ്കൂൾ, പോളിടെക്നിക്, ഐടിഐ മറ്റ് സ്വകാര്യ സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന പാതയിലാണ് ഇത്തരത്തിൽ മാലിന്യങ്ങൾ വൻ തോതിൽ തള്ളുന്നത്. വാഹനത്തിൽ കൊണ്ടു വന്നാണു മാലിന്യങ്ങൾ തള്ളുന്നത്.മാലിന്യം തള്ളുന്നവരെ കണ്ടെത്താനായി പഞ്ചായത്ത് ഇവിടെ നിരീക്ഷണ ക്യാമറ സ്ഥാപിക്കണമെന്നും നായ്ക്കളെ തുരത്താനുള്ള നടപടി വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.  

റോഡിലൂടെ പോകവെ നായ്ക്കളുടെ ആക്രമണം: യുവതിക്കു പരുക്ക്
കൊട്ടിയം∙തെരുവുനായ്ക്കളുടെ കടിയേറ്റു യുവതിക്കു ഗുരുതര പരുക്ക്. കല്ലുവാതുക്കൽ കുന്നുവിള വീട്ടിൽ എസ്.എൽ സരിക(40)യ്ക്കാണു  കടിയേറ്റത്. കാലിനാണു പരുക്ക്. ശനി പുലർച്ചെ 6.30നു കൊട്ടിയം ഒറ്റപ്ലാമൂടിന് സമീപത്തു വച്ചാണ് സരികയെ തെരുവുനായ്ക്കൾ ആക്രമിച്ചത്. ഒറ്റപ്ലാമൂടിനു സമീപത്തെ   സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണു സരിക. ‌ജോലിക്കായി കൊട്ടിയത്തു നിന്നു നടന്നു വരുമ്പോഴാണു പോളിടെക്നിക്കിനും സ്വകാര്യ സ്കൂളിനും ഇടയ്ക്കുള്ള ഭാഗത്തു വച്ച് ആക്രമിച്ചത്.

ആദ്യം ഒരു നായയാണ് ആക്രമിച്ചത്. പിന്നീട് 2 നായ്ക്കൾ കൂടി എത്തി കടിച്ചു പരുക്കേൽപ്പിക്കുകയായിരുന്നു. നിലവിളികേട്ടു നാട്ടുകാർ ഒ‍ാടിയെത്തി നായ്ക്കളെ തുരത്തി. ഗുരുതരമായി പരുക്കേറ്റ സരികയെ ആദ്യം കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം ജില്ലാ ആശുപത്രിയിലേക്കു മാറ്റി.

ആക്രമണം പതിവ്
രാവിലെ റോഡിൽ പൊതുവേ തിരക്ക് കുറവാണ്. ഈ സമയത്തു തനിച്ചുപോകുന്നവരെ നായ്ക്കൾ ആക്രമിക്കാൻ ശ്രമിക്കാറുണ്ടെന്നു നേരത്തേയും പരാതിയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com