ADVERTISEMENT

കൊല്ലം ∙ കടുത്ത വെയിലിലും വരൾച്ചയിലും കരിഞ്ഞുണങ്ങി കർഷകരുടെ സ്വപ്നങ്ങളും വിളയും. 11.93 കോടി രൂപയുടെ നഷ്ടമാണ് വരൾച്ച മൂലം ജില്ലയിലെ കർഷകർക്ക് ഈ വർഷം ഉണ്ടായിരിക്കുന്നത്. 4,511 കർഷകരാണ് ഇത് മൂലമുള്ള നഷ്ടങ്ങൾ ജില്ലയിൽ സഹിക്കേണ്ടി വന്നത്. 746.3 ഹെക്ടർ ഭൂമിയിലെ കൃഷിവിളകൾ നശിച്ചു. ഈ വർഷം ജനുവരി ഒന്നു മുതൽ മേയ് 13 വരെയുള്ള ജില്ലയിലെ കണക്കുകൾ പ്രകാരമുള്ള വിവരങ്ങളാണിത്. 

ജില്ലയിൽ വരൾച്ച മൂലം ഏറ്റവും വലിയ നഷ്ടം സഹിക്കേണ്ടി വന്നത് വാഴ കൃഷിക്കാണ്. 4,145 കർഷകരുടെ 220059 വാഴയാണ് വരൾച്ചയിൽ നശിച്ചത്. ഇതിലൂടെ 11.47 കോടി രൂപയുടെ നഷ്ടമാണ് ജില്ലയിലുണ്ടായത്. ആകെയുണ്ടായ നഷ്ടത്തിന്റെ 95 ശതമാനത്തിലേറെയും ഉണ്ടായത് വാഴക്കൃഷിയിൽ നിന്നാണ്.

വെയിലത്ത് കരിഞ്ഞുണങ്ങിയും സൂര്യാഘാതമേറ്റുമാണ് ലക്ഷക്കണക്കിന് വാഴകൾ നിലം പൊത്തിയത്. ഓണ വിപണി ലക്ഷ്യമാക്കി കൃഷി ചെയ്തിരുന്ന വാഴക്കൃഷിയുടെ നഷ്ടം കർഷകർക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുന്നത്. 

ജില്ലയിൽ ഏറ്റവും കൂടുതൽ നഷ്ടമുണ്ടായ രണ്ടാമത്തെ വിള കുരുമുളകാണ്. 6.34 ഹെക്ടർ ഭൂമിയിലെ 3,707 കുരുമുളകുകളാണ് ഈ വരൾച്ചയിൽ നഷ്ടപ്പെട്ടത്. ഇതിലൂടെ കർഷകർക്ക് 27.52 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.കാര്യമായ നാശനഷ്ടമുണ്ടായ മറ്റൊന്ന് പച്ചക്കറി കൃഷിയിലാണ്.

6.02 ഹെക്ടറിൽ കൃഷി ചെയ്തിരുന്ന വിവിധ പച്ചക്കറി കൃഷികൾ വേനൽ ചൂട് താങ്ങാനാവാതെ കരിഞ്ഞുണങ്ങി. 117 കർഷകർക്കായി 2.56 ലക്ഷം രൂപയുടെ നഷ്ടം പച്ചക്കറി കൃഷിയിൽ നിന്നുണ്ടായി. സംസ്ഥാനത്താകമാനം വരൾച്ചയിൽ 257.12 കോടി രൂപയുടെ നഷ്ടം ഉണ്ടായതാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 

മഴയുടെ കുറവും അന്തരീക്ഷത്തിൽ ചൂട് കൂടിയതും വിളകളെ ദോഷകരമായി ബാധിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വേനൽമഴ ശക്തമായെങ്കിലും ഇപ്പോഴും 53 ശതമാനത്തിന്റെ കുറവ് ജില്ലയിലുണ്ട്. ഈ വേനലിൽ പെയ്യേണ്ടിയിരുന്ന 300 മില്ലിമീറ്റർ മഴയിൽ ഇതുവരെ 140 മില്ലിമീറ്റർ മഴ മാത്രമാണ് പെയ്തത്. 

വിള– നഷ്ടപ്പെട്ട വിളകളുടെ എണ്ണം– വിസ്തീർണം (ഹെക്ടറിൽ)– ബാധിച്ച കർഷകർ– നഷ്ടം (ലക്ഷത്തിൽ)
∙ തെങ്ങ്– 69– 0.55– 15– 1.55
∙ വാഴ– 2,20,059– 720.95– 4145– 1147.92
∙ റബർ– 181– 1.96–23– 3
∙ കശുവണ്ടി– 100– 01– 5– 0.75
∙ കവുങ്ങ്– 600– 2.50– 19– 1.78
∙ കാപ്പി– 4–0.03– 2– 0.02
∙ കുരുമുളക്– 3,707– 6.34– 75– 27.52

വിള– വിസ്തീർണം (ഹെക്ടറിൽ)– ബാധിച്ച കർഷകർ– നഷ്ടം (ലക്ഷത്തിൽ)
∙ വെറ്റില– 1.71– 38–4.28
∙ കപ്പ– 2.72– 56– 0.35
∙ പച്ചക്കറികൾ– 6.02– 117– 2.56
∙ നെല്ല്– 2.52– 16–3.78
ആകെ– 746.3– 4,511– 1193.51

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com