ADVERTISEMENT

കൊല്ലം ∙ കേരളത്തിൽ നിന്നു മോഷ്ടിക്കുന്ന ബൈക്കുകൾ പൊളിച്ചു വിൽക്കുന്ന തമിഴ്നാട്ടിലെ യാഡിൽ എത്തിയ പൊലീസ്, വാഹനനിര കണ്ട് അന്തംവിട്ടു. തെങ്കാശി  അടുക്കളൈ നഗരത്തിലെ വിശാലമായ 2 യാഡുകളിലായി 50,000 ബൈക്കുകൾ ഉണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. 25,000 വാഹനങ്ങൾ എങ്കിലും പൊളിച്ചിട്ടുണ്ടാകും. 

മോഷ്ടാക്കളെ അറസ്റ്റ് ചെയ്ത കൊല്ലം ഈസ്റ്റ് സിഐ ദിൽജിത്തും സംഘവും.
മോഷ്ടാക്കളെ അറസ്റ്റ് ചെയ്ത കൊല്ലം ഈസ്റ്റ് സിഐ ദിൽജിത്തും സംഘവും.

70 ശതമാനത്തോളം കേരള റജിസ്ട്രേഷൻ ആണ്. തമിഴ്നാട് റജിസ്ട്രേഷൻ വാഹനങ്ങളും ഉണ്ട്.  ഇവയെല്ലാം മോഷ്ടിച്ചവയാണെന്നു കരുതുന്നില്ല. പഴയ വാഹനങ്ങൾ ആക്രി വിലയ്ക്ക് വാങ്ങി പൊളിച്ചു വിൽക്കുന്നുണ്ടാകും. യാഡിന്റെ മുന്നിൽ ദേശീയപാതയോരത്ത് വൻതോതിൽ സ്പെയർ പാർട്സ് വിൽപനയുണ്ട്. 

മോഷ്ടിച്ച ബൈക്കുകൾ തമിഴ്നാട്ടിലേക്ക് കടത്തുന്ന മിനി ലോറി.
മോഷ്ടിച്ച ബൈക്കുകൾ തമിഴ്നാട്ടിലേക്ക് കടത്തുന്ന മിനി ലോറി.

കൊല്ലത്തു നിന്നുള്ള പൊലീസ് സംഘം രാത്രിയാണ് അവിടെയെത്തിയത്. ഉടമ ശെൽവം ഗേറ്റ് പൂട്ടി കടന്നുകളഞ്ഞു. 500 മീറ്റർ അകലെയുള്ള മറ്റൊരു യാഡ് തുറസ്സായ സ്ഥലത്താണ്. കേരളത്തിലെ മിക്ക ജില്ലകളിലെയും വാഹനങ്ങൾ അവിടെ കാണാനായി. ഈസ്റ്റ് പൊലീസ് പരിധിയിൽനിന്നു മോഷണം പോയ വാഹനങ്ങൾ മാത്രമാണ് പൊലീസ് കൊണ്ടുവന്നത്.  മിക്ക വാഹനങ്ങളുടെയും ഭാഗങ്ങൾ പൊളിച്ചു നീക്കിയിട്ടുണ്ട്. നമ്പർ പ്ലേറ്റ് നീക്കം ചെയ്തിരുന്നില്ല. 
∙ഈസ്റ്റ് പൊലീസ് സ്റ്റേഷനു സമീപത്തെ തിയറ്ററിന് മുന്നിൽ നിന്നു കഴിഞ്ഞ ദിവസം മോഷണം പോയ ബൈക്കും പൊളിച്ച നിലയിൽ യാഡിൽ നിന്നു കണ്ടെത്തി.  പല വാഹനങ്ങളുടെ ഭാഗങ്ങൾ കൂട്ടിച്ചേർത്ത് ബൈക്ക് നിർമിച്ചു കുറഞ്ഞ വിലയ്ക്ക് തമിഴ്നാട്ടിൽ വിൽക്കുന്നതായും പൊലീസ് സംശയിക്കുന്നു.

∙ അനസ്, റാഷിദ്, ഇവരുടെ കൂട്ടുപ്രതി എന്നിവരാ‍ണ് ബൈക്കുകൾ മോഷ്ടിക്കുന്നത്. ഷഹാൽ, നൗഷാദ്, സലീം എന്നിവരാണ് വിൽപനയ്ക്കു പിന്നിൽ. തമിഴ്നാട്ടുകാരായ കതിരേശൻ, കുമാർ എന്നിവർ യാഡ് ഉടമ ശെൽവത്തിന്റ സഹായികളാണ്. കതിരേശ‍ൻ ആണ് ബൈക്കുകൾ മിനിലോറിയിൽ തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്നത്. നഗരത്തിൽ അടുത്തിടെ ഇരുചക്രവാഹന മോഷണം വർധിച്ചതോടെ ഈസ്റ്റ് പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചു നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. കടപ്പാക്കടയിലെ തിയറ്ററിനു മുന്നിൽ നിന്നു കഴിഞ്ഞ ദിവസം രാത്രി അനസിനെ കസ്റ്റഡിയിൽ എടുത്തതോടെയാണ് അമ്പരിപ്പിക്കുന്ന വഴിത്തിരിവുണ്ടായത്.

∙കൊട്ടിയത്ത് കടത്തിണ്ണയിൽ ഉറങ്ങിക്കിടന്ന വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് റാഷിദ്. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി തുടർന്നു മറ്റൊരു മോഷണക്കേസിൽ അറസ്റ്റിലായി. ഈ കേസിലും പ്രതിക്കു ജാമ്യം ലഭിച്ചിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നു മോഷ്ടിക്കുന്ന വാഹനങ്ങൾ തമിഴ്നാട്ടിലേക്ക് മിനി ലോറിയിലാണ് കൊണ്ടുപോകുന്നത്.  മിക്ക ദിവസവും മിനിലോറിയിൽ ബൈക്കുകൾ കൊണ്ടു പോകാറുണ്ട്.  ഓരോ തവണയും 5 ബൈക്കുകൾ വീതമാണ് കൊണ്ടുപോകുന്നത്. മോഷ്ടിക്കുന്ന വാഹനങ്ങൾ ഉമയനല്ലൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, കരിക്കോട് പഴയ ബസ് സ്റ്റാൻഡ്, അയത്തിൽ എന്നിവിടങ്ങളിൽ എത്തിച്ച ശേഷമാണ് മിനിലോറിയിൽ തമിഴ്നാട്ടിലേക്ക് കടത്തുന്നത്.

ബൈക്ക് മോഷണ സംഘത്തിലെ 5 പേർ‌ റിമാൻഡിൽ; 2 പേർ കസ്റ്റഡിയിൽ
കൊല്ലം ∙ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്ത ബൈക്ക് മോഷണ സംഘത്തെ കോടതിയിൽ ഹാജരാക്കി. രണ്ടു പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. 5 പ്രതികളെ റിമാൻഡ് ചെയ്തു. കരിക്കോട് സാരഥി നഗർ-52, ഫാത്തിമ മൻസിലിൽ ഷഹാൽ(42), ഓയൂർ റാഷിന മൻസിലിൽ റാഷിദ് (33), വാളത്തുംഗൽ വയലിൽ പുത്തൻവീട്ടിൽ നൗഷാദ് (64), ഉമയനല്ലൂർ അടിക്കാട്ടുവിള പുത്തൻ വീട്ടിൽ സലീം (71), പിണയ്ക്കൽ തൊടിയിൽ വീട്ടിൽ അനസ്, തമിഴ്‌നാട് സ്വദേശികളായ കതിരേശൻ (24), കുള്ളൻ കുമാർ എന്ന കുമാർ (49) എന്നിവരെയാണ് കോടതിയിൽ ഹാജരാക്കിയത്. 

അനസ്, ഷഹാൽ എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങിയത്. കേസിൽ രണ്ടു പ്രതികൾ കൂടിയുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം 9 പ്രതികൾ ഉണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. കൊല്ലം എസിപി അനുരൂപിന്റെ മേൽനോട്ടത്തിൽ ഈസ്റ്റ് പൊലീസ് ഇൻസ്‌പെക്ടർ ഹരിലാലിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നു മോഷണം പോയ 28 ഇരുചക്ര വാഹനങ്ങളും എൻജിനുകളും ബോഡി പാർട്സുകളും കണ്ടെത്തി. എസ്ഐ  എ.ദിൽജിത്ത്, സിപിഒ മാരായ അനു ആർ.നാഥ്, ഷെഫീക്ക്, സൂരജ്, എം.അനീഷ്, അനീഷ്, ഷൈജു ബി.രാജ്, അജയകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com