ADVERTISEMENT

പുത്തൂർ ∙ നിർമാണം പൂർത്തിയായി കഷ്ടിച്ച് ഒരു വർഷം മാത്രം പിന്നിട്ട ഒപി ബ്ലോക്ക് ‘ജലദോഷം’ ബാധിച്ചതിനെത്തുടർന്ന് അടച്ചു. കുളക്കട ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ ഒപി ബ്ലോക്കാണ് കടുത്ത ചോർച്ചയെ തുടർന്ന് അടയ്ക്കേണ്ടി വന്നത്. ദേശീയ ആരോഗ്യ മിഷൻ ഫണ്ട് ആയ 34 ലക്ഷം രൂപ ചെലവിട്ടു നിർമിച്ച പുതിയ ബ്ലോക്ക് പോയ വർഷം ഏപ്രിലിൽ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തതാണ്. പ്രധാന കെട്ടിടത്തിന്റെ മുൻഭാഗത്തു കൂട്ടിച്ചേർത്ത നിലയിലായിരുന്നു നിർമാണം. ഷീറ്റിട്ട മേൽക്കൂരയുടെ പല ഭാഗങ്ങളിലൂടെയും ചോർച്ച ശക്തമായതോടെയാണ് ഇത് അടച്ചിടാൻ തീരുമാനിച്ചത്. മഴ പെയ്താൽ ഫാനിന്റെ തൂക്ക് കമ്പിയിലൂടെയും മറ്റും വെള്ളം ഉള്ളിലേക്ക് ഒഴുകും.

സ്വിച്ച് ബോർഡുകളിലും വെള്ളം ഇറങ്ങി എന്ന സംശയം ഉണ്ടായതോടെ ഇവിടേക്കുള്ള വൈദ്യുത ബന്ധവും വിഛേദിച്ചു. ഒപി ബ്ലോക്കിന്റെ പ്രധാന വാതിൽ അടച്ച് അവിടെ നോട്ടിസും പതിച്ചിട്ടുണ്ട്. ഒപി കൗണ്ടർ പഴയതുപോലെ പ്രധാന കെട്ടിടത്തിലേക്കു മാറ്റി. പുതിയ ബ്ലോക്കിന്റെ വശങ്ങളിലൂടെയുള്ള വാതിലുകളിലൂടെയാണ് ഇവിടേക്കു പ്രവേശനം. സാമൂഹിക ആരോഗ്യ കേന്ദ്രം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയതിന്റെ ഭാഗമായാണ് ആധുനിക സൗകര്യങ്ങളോടെ ഒപി ബ്ലോക്ക് നിർമിച്ചത്. ഒപി കൗണ്ടറും നഴ്സിങ് കൗണ്ടറുമാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. ദിവസവും 200ലേറെ രോഗികൾ എത്തുന്ന കേന്ദ്രമാണിത്.

വരുന്നവർക്ക് സ്വസ്ഥമായി ഇരിക്കാനും ടോക്കൺ ക്രമം അനുസരിച്ച് ഡോക്ടറെ കാണാനും ഉള്ള സൗകര്യമാണ് പുതിയ ബ്ലോക്കിൽ എർപ്പെടുത്തിയിരുന്നത്.ചോർച്ച മൂലം ഒപി ബ്ലോക്ക് അടച്ച വിവരം ആരോഗ്യ മിഷൻ അധികൃതരെ അറിയിച്ചതായി മെഡിക്കൽ ഓഫിസർ അറിയിച്ചു. അറ്റകുറ്റപ്പണികൾ പൂർത്തിയായ ശേഷം തുറക്കും. അതേസമയം, ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷം മാത്രമായ ഒപി ബ്ലോക്ക് ചോർച്ചയെ തുടർന്ന് അടച്ചിടേണ്ടി വന്നത് നിർമാണത്തിലെ അപാകത മൂലമാണന്ന് ആരോപണം ഉയർന്നിട്ടുണ്ട്. പണിയിൽ നടന്ന അഴിമതി അന്വേഷിക്കണം എന്ന ആവശ്യവും ശക്തമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com