ADVERTISEMENT

മണർകാട് ∙ ബസിടിച്ചു തെറിച്ചു വീണതോടെ കാൽ മുറിച്ചു കളയേണ്ടിവന്ന വീട്ടമ്മയുടെ ജീവൻ പൊലിഞ്ഞു. കോട്ടയം മെഡിക്കൽ കോളജ് ആശൂപത്രിയിൽ ചികിത്സയിലിയിരുന്ന വെള്ളൂർ പോത്താനിക്കലായ തെക്കേക്കുറ്റ് അന്നമ്മ ചെറിയാൻ (85) ഇന്നലെ രാവിലെ ഹൃദയാഘാതത്തെത്തുടർന്നാണ് മരിച്ചത്. ശനി ഉച്ചയ്ക്കു മണർകാട് പള്ളി ജംക്‌ഷനിലായിരുന്നു അപകടം. ബസിന്റെ ചക്രം കയറിയതിനെ തുടർന്ന് അന്നമ്മയുടെ വലതു കാൽ മുട്ടിനു താഴെ മുറിച്ചു മാറ്റിയിരുന്നു. 

ബീന എന്ന സ്വകാര്യ ബസിന്റെ ഡ്രൈവർ ളാക്കാട്ടൂർ തടത്തിൽ സൈമൺ ജോസഫ് (44), കണ്ടക്ടർ വെളിച്ചിയാനി മുള്ളൻമടയ്ക്കൽ ബിനു മാത്യു (42) എന്നിവർ പൊലീസിൽ കീഴടങ്ങി. മന:പൂർവമല്ലാത്ത നരഹത്യ വകുപ്പ് പ്രകാരം ഇവർക്കെതിരെ കേസ് എടുക്കുമെന്നു മണർകാട് എസ്.ഐ.ആർ.വിനോദ് പറഞ്ഞു. 

അതേ സമയം കഴിഞ്ഞ ദിവസം അറിഞ്ഞതുപോലെയായിരുന്നില്ല അപകടമെന്ന് മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തി. അപകടമുണ്ടായ സ്ഥലത്തെ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ഉദ്യോഗസ്ഥർ പരിശോധിച്ചു. 

അന്നമ്മ ബസിനു മുന്നിലൂടെ റോഡ് മുറിച്ചു കടക്കുമ്പോൾ അപകടമുണ്ടാകുന്നതായാണ് സിസി ടിവി ദൃശ്യങ്ങളിൽ കാണുന്നത്. ബസ് തട്ടി റോഡിൽ വീണുപോയ അന്നമ്മയുടെ കാലിലൂടെ ചക്രം കയറുന്നതു ദൃശ്യങ്ങളിൽ കാണാം. ബസിൽ കയറുന്നതിനിടെ ചവിട്ടുപടിയിൽ നിന്നു വീണ് അപകടമുണ്ടായി എന്നാണ് നേരത്തെ കരുതിയിരുന്നത്. 

മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മാർട്ടം നടത്തിയ ശേഷം വീട്ടിൽ എത്തിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ. മക്കൾ : കുഞ്ഞുമോൻ, രാജു, ബിജു, ലീലാമ്മ, സുജ, പരേതനായ ബാബു. മരുമക്കൾ. ആലീസ്,ജെസി, അച്ചൻകുഞ്ഞ്(വടശേരിൽ,കൊല്ലാട്),അച്ചൻകുഞ്ഞ് (മരങ്ങാട്ടുകുന്നേൽ,അഞ്ചേരി).

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com