ADVERTISEMENT

കടുത്തുരുത്തി ∙ പാതിരാത്രി ബൈക്ക് നന്നാക്കാൻ സഹായം ചോദിച്ചെത്തിയ യുവാക്കൾ ദമ്പതികളുടെ കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തി സ്വർണ മാല കവർന്നു. കല്ലറ പെരുംതുരുത്ത് നിഷാ സദനം രാം ദാസ് ( 80)ഭാര്യ ഭവാനി ദാസ് (73) എന്നിവരുടെ വീട്ടിൽ കടന്നാണ് സ്വർണമാല പൊട്ടിച്ചെടുത്തത്. തിങ്കളാഴ്ച പുലർച്ചെ 1.30നാണു സംഭവം. കല്ലറ –വെച്ചൂർ റോഡരികിലാണ് ഇവരുടെ വീട്.  രണ്ട് യുവാക്കളെത്തി ബൈക്ക് കേടായെന്നും ടോർച്ച് വേണമെന്നും ആവശ്യപ്പെട്ടു.

കതകിൽ തട്ടിയതിനെ തുടർന്ന് രാം ദാസ് ജനലിലൂടെ ടോർച്ച് നൽകി. പിന്നീട് ഒരു കത്തിയും കയറും വേണമെന്ന് ആവശ്യപ്പെട്ട് വീണ്ടുമെത്തി. ദമ്പതികൾ ഇതും നൽകി. പിന്നീട് ഇവർ കത്തിയും കയറും തിരിച്ച് തരാനെന്ന പേരിൽ കതകിൽ തട്ടി. തുടർന്ന് രാം ദാസ് ലൈറ്റിട്ട് കതക് തുറന്നു. ഇതോടെ യുവാക്കൾ രാം ദാസിന്റെ കഴുത്തിൽ കത്തി വച്ച് മിണ്ടരുതെന്നും കൊന്നു കളയുമെന്നും പറഞ്ഞ് മുറിക്കുള്ളിലേക്കു തള്ളി. തുടർന്ന് ഭവാനിയുടെ കഴുത്തിൽ കത്തി വച്ച് കഴുത്തിൽ കിടന്നിരുന്ന മാല പൊട്ടിച്ചെടുത്തു. ഇരുവരും നിലവിളിച്ചതോടെ യുവാക്കൾ ഇറങ്ങി ഓടി. രണ്ടര പവൻ തൂക്കം വരുന്ന താലി മാലയുടെ പകുതി ഭാഗം മുറിക്കുള്ളിൽ നിന്നും ലഭിച്ചു.

ഇവരുടെ നിലവിളി കേട്ടിട്ടും അയൽവാസികളാരും എത്തിയില്ല. ഭയന്നുപോയ ഇരുവരും ഉറങ്ങാതെ വീട്ടിൽ കഴിച്ചു കൂട്ടുകയും രാവിലെ കടുത്തുരുത്തി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ആയിരുന്നു. പൊലീസ് സമീപത്തെ സിസി ടിവി ക്യാമറകൾ പരിശോധിച്ചെങ്കിലും തെളിവൊന്നും ലഭിച്ചില്ല. 35 വയസ്സ് തോന്നിക്കുന്ന ചെറുപ്പക്കാരാണ് തങ്ങളുടെ കഴുത്തിൽ കത്തി വച്ച് മാല പൊട്ടിച്ചതെന്ന് ഭവാനി പറഞ്ഞു. ഒരാൾ പാന്റും ഷർട്ടും മറ്റൊരാൾ കൈലി മുണ്ടും ഷർട്ടുമാണ് ധരിച്ചിരുന്നതെന്നാണ് ദമ്പതികൾ പറയുന്നത്.  അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com