ADVERTISEMENT

കോട്ടയം ∙ റേഷൻ വിതരണം ആരംഭിച്ച ഇന്നലെ  ജില്ലയിൽ ആകെ വാങ്ങിയത് 83, 509 കാർഡ് ഉടമകൾ. 951 റേഷൻ കടകൾ വഴി 13, 906 ക്വിന്റൽ അരിയും 1, 582 ക്വിന്റൽ ഗോതമ്പും വിതരണം ചെയ്തു.  എല്ലാ പൊതുവിതരണ കേന്ദ്രങ്ങൾ വഴിയും രാവിലെ വിതരണം തുടങ്ങി. ഗോഡൗണുകളിൽ നിന്ന് ലോ‍ഡ് എത്താൻ വൈകിയതു കാരണം  ചില കടകളിൽ വിതരണം വൈകി. കാഞ്ഞിരപ്പള്ളിയിൽ രാവിലെ നെറ്റ്‌വർക്കിന് വേണ്ടത്ര വേഗമില്ലാത്തതു പ്രതിസന്ധിയായി.  കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ 5, 28 നമ്പർ റേഷൻ കടകളിലാണ് ഇന്നലെ രാവിലെ നെറ്റ്‌വർക് പ്രശ്നം മൂലം മെഷീൻ പ്രവർത്തിക്കാതെ വന്നത്. പിന്നീ‍ടു പുറത്തിറങ്ങി നെറ്റ്‌വർക് വേഗം ഉള്ള സ്ഥലത്ത് നിന്നാണ് മെഷീൻ പ്രവർത്തിപ്പിച്ചു ബിൽ നൽകിയത്.

   റേഷൻ കടകളിൽ, ആൾക്കൂട്ടം ഒഴിവാക്കുന്നതിനായി ചങ്ങനാശേരി നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ദൂരപരിധി നിശ്ചയിച്ചു മാർക്ക്  ചെയ്യുന്നു.
റേഷൻ കടകളിൽ, ആൾക്കൂട്ടം ഒഴിവാക്കുന്നതിനായി ചങ്ങനാശേരി നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ദൂരപരിധി നിശ്ചയിച്ചു മാർക്ക് ചെയ്യുന്നു.

അന്ത്യോദയ അന്ന യോജന കാർഡുകൾക്കു 30 കിലോഗ്രാം അരിയും 5 കിലോഗ്രാം ഗോതമ്പുമാണു സൗജന്യമായി വിതരണം ചെയ്യുന്നത്. എന്നാൽ ഇതു 35 കിലോഗ്രാമും അരിയാണെന്നു തെറ്റിദ്ധരിച്ചത് ചിലയിടങ്ങളിൽ തർക്കത്തിന് ഇടയാക്കി. ഗോഡൗണിൽ നിന്ന് സാധനങ്ങൾ എത്താതെ വന്നതോടെ ഉള്ള സ്റ്റോക്കിൽ നിന്നാണ് ആദ്യ ഘട്ടത്തിൽ വിതരണം നടത്തിയത്. ഉച്ചയോടെ പ്രശ്നം പരിഹരിച്ചെന്ന് അധികൃതർ പറഞ്ഞു. ഇന്നു മുതൽ പൂർണ തോതിൽ സാധനങ്ങൾ എത്തും.തിരക്കു കുറയ്ക്കാൻ പൊലീസിന്റെ ശ്രദ്ധയും ഉണ്ടായിരുന്നു. കോട്ടയം താലൂക്കിലെ 269 കടകളിൽ നിന്ന് 20,000ത്തോളം പേർ റേഷൻ വാങ്ങിയെന്നു താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു. 

  കാഞ്ഞിരപ്പള്ളി അഞ്ചാം വാർഡിലെ  28-ാം നമ്പർ റേഷൻ കടയിൽ ഇന്നലെ രാവിലെ റേഞ്ച് കുറവു മൂലം കടയുടമ പുറത്തിറങ്ങി നിന്നു മെഷീൻ പ്രവർത്തിപ്പിക്കുന്നു
കാഞ്ഞിരപ്പള്ളി അഞ്ചാം വാർഡിലെ 28-ാം നമ്പർ റേഷൻ കടയിൽ ഇന്നലെ രാവിലെ റേഞ്ച് കുറവു മൂലം കടയുടമ പുറത്തിറങ്ങി നിന്നു മെഷീൻ പ്രവർത്തിപ്പിക്കുന്നു

2,3അക്കങ്ങളിൽ അവസാനിക്കുന്ന കാർഡ് ഉടമകൾക്ക് ഇന്ന് 

ഇന്ന് റേഷൻ ലഭിക്കുന്നത് 2, 3 അക്കങ്ങളിൽ റേഷൻ കാർഡ് നമ്പർ അവസാനിക്കുന്ന കാർഡുടമകൾക്ക്. അന്ത്യോദയ അന്ന യോജന (മഞ്ഞ കാർഡ്), മുൻഗണനാ വിഭാഗം (പിങ്ക് കാർഡ്) ഉടമകൾക്ക് രാവിലെ 9 മുതൽ 1 വരെയും പൊതുവിഭാഗം സബ്സിഡി (നീല കാർഡ്), പൊതുവിഭാഗം (വെള്ള കാർഡ്) എന്നിവർക്ക് ഉച്ചയ്ക്ക് 2 മുതൽ 5 വരെയുമാണ് വിതരണം.പനി, ചുമ, തൊണ്ടവേദന, ശ്വാസ തടസ്സം എന്നിവയുള്ളവർ റേഷൻ കടകളിൽ എത്തരുതെന്നു നിർദേശമുണ്ട്. നിരീക്ഷണത്തിൽ കഴിയുന്നവരും എത്തരുത്. 

വീട്ടിലെത്തിക്കാൻ പെടാപ്പാട്

സൗജന്യ റേഷൻ കിട്ടിയതു വീടുകളിൽ കൊണ്ടു പോകാൻ കഴിയാതെ പലരും വലഞ്ഞു. ചാക്കരി, കുത്തരി, പച്ചരി കൂടാതെ പഞ്ചസാരയും മണ്ണെണ്ണയുമാണു  കിട്ടിയത്. സ്ത്രീകളാണു കൂടുതലായി സാധനം വാങ്ങാൻ എത്തിയത്. ഭാരം കൂടുതൽ കാരണം സാധനങ്ങൾ ചുമന്നു കൊണ്ടു പോകാൻ കഴിയാതെ ബുദ്ധിമുട്ടി. ഓട്ടോറിക്ഷ ഇല്ലത്തതിനാൽ ആ വഴിയും അടഞ്ഞു. പല തവണ നടന്നു വീടുകളിൽ സാധനങ്ങൾ എത്തിച്ചവർ ഉണ്ട്. കാർഡ് ഉടമകൾ നമ്പർ ക്രമം പാലിക്കണമെന്നു നിർദേശിച്ചെങ്കിലും ഇതു തെറ്റിച്ച് എത്തിയവരുടെ എണ്ണം കൂടുതലാണെന്നു കടയുടമകൾ പറയുന്നു. മുതിർന്ന കാർഡ് ഉടമകൾക്ക് നമ്പർ തെറ്റാണെങ്കിലും റേഷൻ നൽകിയെന്നും ഇവർ പറയുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com