ADVERTISEMENT

കോട്ടയം∙ നവീകരണം നടക്കുന്ന ഇല്ലിക്കൽ– തിരുവാർപ്പ് റോഡിന്റെ മീനച്ചിലാർ കടന്നുപോകുന്ന ഭാഗം ഇടിഞ്ഞു താഴ്ന്നു. ഇല്ലിക്കൽ കവല കഴിഞ്ഞുള്ള റോഡിന്റെ 50 മീറ്ററോളമാണ് ഇന്നലെ രാത്രി 9.30നു മീനച്ചിലാറിലേക്ക് ഇടിഞ്ഞു വീണത്.  4 അതിഥി തൊഴിലാളികൾ താമസിച്ചിരുന്ന കടമുറിയും ഇടിഞ്ഞുവീണു.കഴിഞ്ഞ ദിവസം റോഡിൽ വിള്ളൽ രൂപപ്പെടുകയും റോഡിന്റെ വശം ആറ്റിലേക്ക് ഇടിഞ്ഞു തുടങ്ങുകയും ചെയ്തിരുന്നു. കൂടുതൽ മണ്ണിടിയാൻ സാധ്യതയുള്ളതിനാൽ, കെട്ടിടത്തിൽ താമസിച്ചിരുന്ന തൊഴിലാളികളെ ഇന്നലെ സന്ധ്യയോടെ സിപിഎം ഇല്ലിക്കൽ ഓഫിസിലേക്കു മാറ്റിയതിനാൽ ദുരന്തം ഒഴിവായി. ഗതാഗതം പൂർണമായും നിലച്ചു.

  ഇല്ലിക്കലിൽ ഇന്നലെ രാത്രി മീനച്ചിലാറ്റിലേക്ക് ഇടിഞ്ഞു വീണ കടമുറിക്കു സമീപമുള്ള കടയിലെ സാധനങ്ങൾ നീക്കം ചെയ്യുന്ന നാട്ടുകാർ.
ഇല്ലിക്കലിൽ ഇന്നലെ രാത്രി മീനച്ചിലാറ്റിലേക്ക് ഇടിഞ്ഞു വീണ കടമുറിക്കു സമീപമുള്ള കടയിലെ സാധനങ്ങൾ നീക്കം ചെയ്യുന്ന നാട്ടുകാർ.

കെട്ടിടത്തിനോടു ചേർന്നുള്ള മറ്റൊരു കടമുറിയും ഭാഗികമായി താഴ്ന്നു. ഇവിടുത്തെ സാധനങ്ങൾ നാട്ടുകാർ സമീപത്തുള്ള മറ്റു കടകളിലേക്കു മാറ്റി. സമീപത്തുള്ള 4 വീട്ടുകാരോടു സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറാൻ പഞ്ചായത്ത് അധികൃതർ ആവശ്യപ്പെട്ടു. രണ്ടു വൈദ്യുത പോസ്റ്റുകൾ നിലംപൊത്തിയതോടെ പ്രദേശത്തെ വൈദ്യുതി വിതരണം മുടങ്ങി. ഇതു പുനഃസ്ഥാപിക്കാനുള്ള ശ്രമം രാത്രി വൈകിയും നടക്കുകയാണ്.  പൊലീസ്  സ്ഥലത്തെത്തി.മീനച്ചിലാറിനോടു ചേർന്നുള്ള റോഡിന്റെ സംരക്ഷണ ഭിത്തി ബലപ്പെടുത്താതെയാണു റോഡിൽ പൂഴി മണ്ണിട്ടത്. റോഡിലെ ഭാരം കൂടിയപ്പോൾ സംരക്ഷണ ഭിത്തിയുടെ അടി വഴി മണ്ണ് ആറ്റിലേക്ക് ഇടിഞ്ഞതാകാം റോഡ് താഴാൻ കാരണമെന്നു സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു.

റോഡിന് അടിയിലൂടെ കടന്നുപോകുന്ന പൈപ്പ് ലൈൻ കഴിഞ്ഞ ദിവസം പൊട്ടിയിരുന്നു. ഇതുമൂലം മണ്ണ് ഒഴുകി നീങ്ങിയതാകാം മണ്ണ് ഇടിയാനുള്ള കാരണമെന്നു തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജെസി നൈനാൻ പറഞ്ഞു. മീനച്ചിലാറിന്റെ വളവു ഭാഗമാണിത്. കുത്തൊഴുക്കു സമയത്തു വെള്ളം റോഡിന്റെ സംരക്ഷണ ഭിത്തിയിലിടിച്ചാണ് ഒഴുകുന്നത്. തകർന്ന സംരക്ഷണ ഭിത്തി രണ്ടു വർഷം  മുൻപാണു പണിതത്. റോഡ് നവീകരണം നടത്തിയപ്പോൾ ഇവിടം ബലപ്പെടുത്തിയില്ലെന്നു പരാതിയുണ്ട്. 4.25 കോടി ചെലവഴിച്ചാണു റോഡ് നവീകരണം നടത്തുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com