ADVERTISEMENT

അനുയായികൾ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുമെന്ന് ജോസ് കെ. മാണി   പാർട്ടി പ്രവർത്തകർ തൊട്ടടുത്ത വീടുകളിൽ ഭക്ഷണം നൽകും

കോട്ടയം ∙ കേരള കോൺഗ്രസ് (എം) മുൻ ചെയർമാൻ കെ.എം.മാണിയുടെ വേർപാടിനു വ്യാഴാഴ്ച ഒരു വർഷം. കോവിഡിന്റെ പശ്ചാത്തലത്തിൽ കാരുണ്യ പ്രവർത്തനങ്ങൾ നടത്തിയാണ് പ്രവർത്തകർ ഓർമദിനം ആചരിക്കുക. വ്യാഴാഴ്ചത്തെ പ്രാർഥനയിൽ കെ.എം. മാണിക്കായി  പ്രാർഥിക്കണമെന്ന് അഭ്യർഥിക്കുന്ന വിഡിയോ സന്ദേശം ജോസ് കെ. മാണി എംപി പ്രവർത്തകർക്ക് അയച്ചു. ലോക്ഡൗൺ മൂലം ആളുകൾ ഒത്തുചേരുന്ന സാഹചര്യം പൂർണമായി ഒഴിവാക്കി. വ്യാഴാഴ്ച രാവിലെ പാലാ സെന്റ് തോമസ് കത്തീഡ്രൽ പള്ളിയിലെ കുടുംബക്കല്ലറയിൽ പ്രാർഥനയിൽ കെ.എം. മാണിയുടെ പത്നി കുട്ടിയമ്മയും ജോസ് കെ. മാണിയും കുടുംബാംഗങ്ങളും പങ്കെടുക്കും. മറ്റ് അനുസ്മരണ പരിപാടികൾ ഇല്ല.

കെ.എം. മാണിയുടെ സ്മൃതിദിനത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പാർട്ടി പ്രവർത്തകർ സ്വയം സമർപ്പിക്കുമെന്നു ജോസ് കെ. മാണി പറഞ്ഞു. പ്രവർത്തകർ തൊട്ടടുത്ത വീടുകളിൽ ഭക്ഷണവും മറ്റു സഹായങ്ങളും നൽകും.പാർട്ടി നേതൃത്വം നൽകുന്ന സഹകരണ പ്രസ്ഥാനങ്ങൾ തങ്ങളുടെ മേഖലയിലെ കിടപ്പുരോഗികൾക്ക് 1000 രൂപ വീതം നൽകും. വ്യാഴാഴ്ച സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾ നടത്തുന്ന സമൂഹ അടുക്കളയിൽ ആവശ്യമായ സാധനങ്ങൾ നൽകും– ജോസ് കെ. മാണി പറഞ്ഞു.

കെ.എം. മാണി സ്മൃതിദിനം വിപുലമായി ആചരിക്കാൻ ഒരുക്കങ്ങൾ നടത്തിയിരുന്നു. തിങ്കളാഴ്ചയാണ് കുർബാന നിശ്ചയിച്ചിരുന്നത്. കൂടാതെ 29ന് ഒന്നര ലക്ഷം പേർ അണിനിരക്കുന്ന കെ.എം. മാണി സ്മൃതിസംഗമം കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ നടത്താനും തീരുമാനിച്ചിരുന്നു. ഈ പരിപാടികളുടെ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ എത്തിയിരുന്നു. എന്നാൽ കോവിഡ് പടർന്നതോടെ സ്മൃതിസംഗമവും മാറ്റിവച്ചു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com