വരുന്നു, ആദികേശ് പുതിയ ക്ഷീരചരിത്രം എഴുതാൻ

kottayam-adikesh
കണ്ണിനുള്ളിൽ നീ കൺമണി...ഭ്രൂണമാറ്റത്തിലൂടെ (ഇൻവിട്രോ ഫെർടിലൈസേഷൻ– എംബ്രിയോ ട്രാൻസ്ഫർ) ജനിച്ച കേരളത്തിലെ ആദ്യത്തെ ഗീർ വിഭാഗം കാളക്കുട്ടിയായ ‘ആദികേശ്’ അമ്മ ഗോദാവരിക്കൊപ്പം വൈക്കം ആറാട്ടുകുളങ്ങരയിലെ ഫാമിൽ. ചിത്രം: ഹരിലാൽ ∙മനോരമ
SHARE

വൈക്കം∙ കേരളത്തിലെ ഗീർ പശുക്കളുടെ ചരിത്രം ഒരുപക്ഷേ ഇന്നലെ പിറവിയെടുത്ത ‘ആദികേശ്’ തിരുത്തിയെഴുതിയേക്കും. ഭ്രൂണമാറ്റത്തിലൂടെ (ഇൻവിട്രോ ഫെർടിലൈസേഷൻ – എംബ്രിയോ ട്രാൻസ്ഫർ) പിറവിയെടുത്ത കേരളത്തിലെ ആദ്യ ‘ഗീർ’ പശുക്കിടാവാണ് ആദികേശ്. അച്ഛൻ ‘സൊബെറാനോയുടെ’ സ്വദേശം ബ്രസീൽ. അമ്മ ഗോദാവരിയുടേത് പുണെയും. ആദികേശ് പിറന്നുവീണത് വൈക്കം ആറാട്ടുകുളങ്ങരയിലെ ‘ആറോ ഡയറീസ്’ ഫാമിലും.

സൊബെറാനോയുടെ ബീജവും ഗോദാവരിയുടെ അണ്ഡവും ലബോറട്ടറിയിൽ സംയോജിപ്പിച്ചശേഷം ഗോദാവരിയുടെ ഗർഭപാത്രത്തിൽ ഭ്രൂണത്തെ നിക്ഷേപിക്കുകയായിരുന്നു. ഗീർ പശുക്കൾ ചുരത്തുന്ന എ2 പാലിൽ രോഗപ്രതിരോധശേഷി വർധിപ്പിക്കാനുള്ള ശക്തി അടങ്ങിയിട്ടുണ്ടെന്നു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

ഉന്നത ഗുണനിലവാരത്തിലുള്ള ബ്രസീലിയൻ ഇനത്തിന്റെ ബീജത്തിൽനിന്നു പിറവിയെടുത്ത ആദികേശിനു മെച്ചപ്പെട്ട സവിശേഷതകളാണു പ്രതീക്ഷിക്കുന്നത്. ഇത്തരത്തിൽ സൃഷ്ടിച്ചെടുക്കുന്ന സങ്കരയിനം പശുക്കളുടെ അടുത്ത തലമുറ പിറവിയെടുക്കുന്നതോടെ പാൽ ഉൽപാദനത്തിൽ വിപ്ലവം പ്രതീക്ഷിക്കുന്നതായി ഫാം ഉടമ മുരളീധരൻ പറഞ്ഞു. ചെലവേറിയതും വിജയ സാധ്യത കുറഞ്ഞതുമായ പ്രക്രിയയാണു ഭ്രൂണമാറ്റമെന്ന്  ഡോ. ജയദേവൻ നമ്പൂതിരി പറഞ്ഞു.

93 തവണ പരീക്ഷിച്ച ശേഷമാണ് 28 എണ്ണം വിജയിച്ചത്. ഫാമിലെ 27 പശുക്കളിൽക്കൂടി ഭ്രൂണനിക്ഷേപമുണ്ട്, 305 ദിവസങ്ങൾക്കിടെ 3500 ലീറ്റർ പാൽ നൽകാൻ ശേഷിയുള്ള ഗീർ പശുക്കളുടെ സ്വദേശം ഗുജറാത്താണ്.ആകാരഭംഗികൊണ്ടും മനുഷ്യനുമായുള്ള ഇണക്കംകൊണ്ടും പേരെടുത്ത ഇവയെ പിന്നീടു ബ്രസീലിലേക്കും കൊണ്ടുപോയി. മെച്ചപ്പെട്ട പ്രജനന മാർഗങ്ങളിലൂടെ സൃഷ്ടിച്ചെടുത്ത ബ്രസീലിയൻ മോഡൽ ഗീർ പശുക്കൾ 9,000 ലീറ്റർ വരെ പാൽ തരും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kottayam
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.