ADVERTISEMENT

മോനിപ്പള്ളി ∙ മെറിൻ പോയതും തിരികെ വരുന്നതും തനിയെ. ഇത്തവണ നാട്ടിലെത്തിയ ശേഷം യുഎസിലേക്കു മെറിൻ മടങ്ങിയത് തനിച്ചായിരുന്നു. ഇപ്പോൾ മെറിന്റെ മൃതദേഹം നാട്ടിലേക്കു തിരികെയെത്തുന്നതും ഒറ്റയ്ക്കാകും. കോവിഡ് പ്രശ്നങ്ങളുള്ളതിനാൽ ബന്ധുക്കൾ മെറിന്റെ മൃതദേഹത്തെ അനുഗമിക്കുന്നില്ല. ഭർത്താവ് നെവിനും മകൾ നോറയ്ക്കും ഒപ്പം കഴിഞ്ഞ ഡിസംബർ 19ന് നാട്ടിലെത്തിയ മെറിൻ അമേരിക്കയിലേക്കു മടങ്ങിയത് തനിച്ചാണ്.

നാട്ടിലെത്തിയ ശേഷമുണ്ടായ പ്രശ്നങ്ങൾ വിവാഹ മോചന ഹർജി നൽകുന്നതിലേക്കു നയിച്ചു.  ഈ വർഷം ജനുവരി 12ന് ഒരുമിച്ച് മടങ്ങാൻ വിമാന ടിക്കറ്റ് എടുത്തായിരുന്നു നെവിനും മെറിനും എത്തിയത്. എന്നാൽ നെവിൻ ആദ്യം ഒറ്റയ്ക്കു മടങ്ങി. തുടർന്നു ജോലി നഷ്ടപ്പെടുമെന്ന സാഹചര്യമുള്ളതിനാൽ ജനുവരി 29ന് മകളെ തന്റെ മാതാപിതാക്കളെ ഏൽപിച്ച് മെറിനും മടങ്ങിപ്പോയി. യുഎസിലെ ബന്ധുക്കൾ ഏറ്റുവാങ്ങുന്ന മൃതദേഹം ന്യൂയോർക്കിൽ എത്തിച്ച് അവിടെ നിന്നുള്ള ഏജൻസി വഴി സുരക്ഷിതമായി നാട്ടിലെത്തിക്കാനാണ് ബന്ധുക്കൾ ശ്രമിക്കുന്നത്.

കോവിഡ് പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ യുഎസിൽ നിന്നുള്ള ബന്ധുക്കൾക്ക് മൃതദേഹത്തെ അനുഗമിക്കാൻ സാധിക്കില്ല. നാട്ടിൽ എത്തിയാലും ഇവർ ക്വാറന്റീനിൽ കഴിയേണ്ടി വരും. നെടുമ്പാശേരി വിമാനത്താവളത്തിൽ സുരക്ഷിതമായി മൃതദേഹം എത്തിക്കാനുള്ള ക്രമീകരണമാണ് യുഎസിലെ ബന്ധുക്കൾ ഒരുക്കുന്നത്. അങ്ങനെ മെറിന്റെ മടക്കയാത്രയും തനിച്ചാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com