ADVERTISEMENT

കോട്ടയം ∙ മണർകാട് ക്രൗൺ ക്ലബ്ബിൽ പണം വച്ചു കളി നടന്നിരുന്നതായി റെയ്ഡിൽ പങ്കെടുത്ത 3 സബ് ഇൻസ്പെക്ടർമാർ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ. സന്തോഷ് കുമാറിനു മൊഴി നൽകി. അതേസമയം ക്ലബ്ബിൽ പണം വച്ചു കളി നടന്നിട്ടില്ലെന്നാണ് ക്രൗൺ ക്ലബ്ബ് ഭാരവാഹികളുടെ വാദം. റെയ്ഡ് നടക്കുമ്പോൾ 5 മേശകളിൽ ചീട്ടുകളി നടന്നിരുന്നു.

മേശകളിൽ ചീട്ടും ചുവപ്പ്, നീല നിറത്തിലുള്ള ടോക്കണുകളും പണവും ഉണ്ടായിരുന്നു. അന്വേഷണത്തിൽ ചുവന്ന ടോക്കൺ 2000 രൂപയ്ക്കും നീല ടോക്കൺ 1000 രൂപയ്ക്കുമാണ് താഴത്തെ മറ്റൊരു കൗണ്ടറിൽ നിന്നു ലഭിക്കുന്നതെന്ന് കളിക്കാർ പറ‍ഞ്ഞതായും സബ് ഇൻസ്പെക്ടർമാർ മൊഴി നൽകി. തുടർന്ന് പൊലീസ് കൗണ്ടർ പരിശോധിച്ചപ്പോഴാണ് പണവും കണ്ടെത്തിയത്.

കൗണ്ടറിൽ നിന്നു പണവും ടോക്കണും കൈമാറുന്നതും കണ്ടെത്തിയെന്ന് മൊഴിയിലുണ്ട്. തുടർന്ന് ഇവിടെ റെയ്ഡു ചെയ്തു. ടോക്കൺ വച്ചു കളിക്കുന്നതിന്റെ രേഖകളും ലഭിച്ചു. ക്ലബിൽ ചീട്ടുകളിക്കാനെത്തുവർക്ക് കാശു തീർന്ന് ആവശ്യം വന്നാൽ വായ്പ നൽകാൻ പലിശക്കാരുടെ സാന്നിധ്യവും കണ്ടെത്തിയെന്നു സബ് ഇൻസ്പെക്ടർമാർ മൊഴി നൽകി.

പണം വച്ചുള്ള ചീട്ടുകളി: കൂട്ടുനിന്ന പൊലീസ് ഓഫിസർക്ക് സസ്പെൻഷൻ

കോട്ടയം ∙ പണം വച്ചുള്ള ചീട്ടുകളിക്കു കൂട്ടുനിന്ന പൊലീസ് ഓഫിസറെ സസ്പെൻഡ് ചെയ്തു. മണർകാട്ടെ ചീട്ടുകളി ക്ലബ്ബും മണർകാട് പൊലീസും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള അന്വേഷണത്തിനിടയിലാണ് മണർകാട് മുൻ സ്റ്റേഷൻ ഹൗസ് ഓഫിസർ ആർ. രതീഷ് കുമാറിനെ ദക്ഷിണ മേഖലാ ഐജി ഹർഷിത അട്ടല്ലൂരി സസ്പെൻഡ് ചെയ്തത്. രതീഷ് കുമാർ വീഴ്ചവരുത്തിയെന്ന ജില്ലാ പൊലീസ് മേധാവി ജി. ജയ്ദേവിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. തിങ്കളാഴ്ച രതീഷിനെ മണർകാട് സ്റ്റേഷനിൽ നിന്നു ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലേക്ക് സ്ഥലം മാറ്റിയിരുന്നു.

ratheesh-kumar
രതീഷ് കുമാർ

മണർകാട് പൊലീസ് സ്റ്റേഷന്റെ അടുത്തു പ്രവർത്തിക്കുന്ന ചീട്ടുകളി ക്ലബ്ബിൽ റെയ്ഡ് ചെയ്യാൻ പോകുന്ന വിവരം ക്ലബ് ഉടമകളെ മുൻകൂട്ടി അറിയിച്ചു എന്നതാണ് രതീഷ് കുമാറിനെതിരായ ആരോപണം.  റെയ്ഡിനു ശേഷവും ഫോൺ വിളിക്കുകയും കേസ് അട്ടിമറിക്കുന്നതിന് ഹൈക്കോടതിയിൽ കേസ് കൊടുക്കാൻ  നിർദേശം നൽകുകയും ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തി. ചീട്ടുകളി നടത്തുന്ന ക്രൗൺ ക്ലബ്ബിന്റെ സെക്രട്ടറി മാലം സുരേഷും രതീഷ് കുമാറും തമ്മിലുള്ള സംഭാഷണത്തിന്റെ ഓഡിയോ പുറത്തു വന്നിരുന്നു.

ഫോൺ സംഭാഷണം തന്റേതാണെന്നു രതീഷ് അന്വേഷണ ഉദ്യോഗസ്ഥനോടു സമ്മതിച്ചു. സ്റ്റേഷൻ ഹൗസ് ഓഫിസർക്കു പുറമേ മണർകാട് സ്റ്റേഷനിലെ 5 പൊലീസ് ഉദ്യോഗസ്ഥർക്കും ചീട്ടുകളി സംഘവുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ 11ന് മണർകാട്ടെ ക്ലബ്ബിൽ നടന്ന റെയ്ഡിൽ 17.88 ലക്ഷം രൂപ പിടിക്കുകയും ചീട്ടുകളിച്ച 43 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസിൽ പ്രതി ചേർത്ത ക്ലബ് സെക്രട്ടറി മാലം സുരേഷിനെയും പ്രസിഡന്റ് കെ.വി. സന്തോഷിനെയും  ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com