ADVERTISEMENT

മോനിപ്പള്ളി ∙ ഊരാളിൽ വീട്ടിൽ ഒരു പൊട്ടിക്കരച്ചിൽ ഉയർന്നു. അവരുടെ പ്രിയപ്പെട്ട മെറിന്റെ നിശ്ചലമായ മുഖം വലിയ സ്ക്രീനിൽ തെളിഞ്ഞപ്പോൾ അതു വരെ അടക്കി നിർത്തിയ സങ്കടമെല്ലാം പെയ്തിറങ്ങി. ഒന്നും മനസ്സിലാകാതെ കുഞ്ഞു നോറ സ്ക്രീനിലേക്ക് നോക്കിയിരുന്നു. ഇന്നലെ രാത്രി 11.30നാണു മെറിൻ ജോയിക്ക് സഹപ്രവർത്തകർ അന്തിമോപചാരം അർ‍പ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ വീട്ടിൽ സജ്ജമാക്കിയ വലിയ സ്ക്രീനിൽ തെളിഞ്ഞത്.

ഫ്ലോറിഡ ഡേവിയിൽ മെറിൻ ജോയിക്ക് അന്ത്യോപചാരം അർപ്പിക്കുന്ന ചടങ്ങ് മോനിപ്പള്ളിയിലെ വീട്ടിൽ കാണുന്ന അച്ഛൻ ജോയി,അമ്മ മേഴ്സിമകൾ നോറ എന്നിവരും ബന്ധുക്കളും.
ഫ്ലോറിഡ ഡേവിയിൽ മെറിൻ ജോയിക്ക് അന്ത്യോപചാരം അർപ്പിക്കുന്ന ചടങ്ങ് മോനിപ്പള്ളിയിലെ വീട്ടിൽ കാണുന്ന അച്ഛൻ ജോയി,അമ്മ മേഴ്സിമകൾ നോറ എന്നിവരും ബന്ധുക്കളും.

ഫ്ലോറിഡ ഡേവിയിലെ ജോസഫ് എ.സ്കെറാനോ ഫ്യൂണറൽ ഹോമിൽ മെറിന്റെ സഹപ്രവർത്തകരും സുഹൃത്തുക്കളും അന്ത്യാഞ്ജലി അർപ്പിക്കുന്നതിന്റെ തൽസമയ ദൃശ്യങ്ങള്‍ ക്നാനായ വോയിസ് ടിവി വഴിയാണു ലൈവായി കാണിച്ചത്. മെറിന്റെ അച്ഛൻ ജോയി, അമ്മ മേഴ്സി, സഹോദരി മീര, മെറിന്റെ രണ്ടു വയസ്സുകാരി മകൾ‍ നോറ തുടങ്ങിയവരും മറ്റു ബന്ധുക്കളും ഊരാളിൽ വീട്ടിലിരുന്ന് തൽസമയം ചടങ്ങുകൾ കണ്ടു. അമേരിക്കൻ സമയം ഉച്ചയ്ക്ക് 2 മുതൽ 6 വരെയായിരുന്നു (ഇന്ത്യൻ സമയം രാത്രി 11.30 മുതൽ ഇന്ന് പുലർച്ചെ 3.30) മെറിന്റെ സഹപ്രവർത്തകരും സുഹൃത്തുക്കളും യാത്രാമൊഴി നൽകിയത്. ഫാ.ബിൻസ് ചേത്തലിൽ ഇവിടെ പ്രാർഥനകൾക്ക് നേതൃത്വം നൽകി.

ഇന്ന് ഫ്യൂണറൽ ഹോമിൽ സൂക്ഷിക്കുന്ന മൃതദേഹം നാളെ (5) റ്റാംപയിലെ സേക്ര‍ഡ് ഹാർ‍ട്ട് ക്നാനായ കാത്തലിക് പള്ളിയിലേക്ക് സംസ്കാര ശുശ്രൂഷകൾക്കായി എത്തിക്കും. അമേരിക്കൻ സമയം രാവിലെ 10 മുതൽ 11 വരെ പൊതുദർശനം നടക്കും. 11 മുതൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. ഉച്ചയ്ക്ക് രണ്ടിന് ഹിൽസ്ബൊറൊ മെമ്മോറിയൽ സെമിത്തേരിയിൽ മൃതദേഹം അടക്കം ചെയ്യും. ഈ ചടങ്ങുകളും ലൈവായി സംപ്രേഷണം ചെയ്യുന്നുണ്ട്. നാളെ വൈകിട്ട് 5ന് മോനിപ്പള്ളി തിരുഹൃദയ പള്ളിയിൽ കുടുംബാംഗങ്ങൾ പങ്കെടുക്കുന്ന പ്രത്യേക കുർബാനയും ഒപ്പീസും നടത്തുന്നുണ്ട്.

യുഎസിലെ ചടങ്ങുകൾ മെറിന്റെ മാതാപിതാക്കളായ ജോയിക്കും മേഴ്സിക്കും മകൾ രണ്ടുവയസുകാരി നോറയ്ക്കും സഹോദരി മീരയ്ക്കും ഓൺലൈൻ വഴി മാത്രമാണു കാണാൻ സാധിക്കുക. ജൂലൈ 28നു അമേരിക്കൻ സമയം രാവിലെ 7.30നാണു മോനിപ്പള്ളി ഊരാളിൽ വീട്ടിൽ താമസിക്കുന്ന പിറവം മരങ്ങാട്ടിൽ ജോയി, മേഴ്സി ദമ്പതികളുടെ മകളായ മെറിൻ ജോയി(27)യെ ഭർത്താവ് ഫിലിപ് മാത്യു (നെവിൻ–34) കുത്തിയും കാറുകയറ്റിയും കൊലപ്പെടുത്തിയത്. മെറിൻ ജോലി നോക്കുന്ന കോറൽ സ്പ്രിങ്സിലെ ആശുപത്രിയുടെ പാർക്കിങ് പ്രദേശത്തു വച്ചാണു സംഭവം. നെവിൻ ഇപ്പോൾ യുഎസിൽ പൊലീസ് കസ്റ്റഡിയിലാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com