ADVERTISEMENT

പാലാ ∙ കോട്ടയം, ഇടുക്കി ജില്ല അതിർത്തിയിലുള്ള ഇൗ അങ്കണവാടി കണ്ടാൽ ആരും ഒന്നുകൂടി നോക്കും.അത്ര ഹൈടെക്കാണ് ഈ അങ്കണവാടി. 

മാതൃശിശു സംരക്ഷണ കേന്ദ്രം

അങ്കണവാടികൾ മാതൃശിശു സംരക്ഷണ കേന്ദ്രങ്ങൾ എന്ന കാഴ്ചപ്പാട് അക്ഷരാർഥത്തിൽ യാഥാർഥ്യമാക്കിയിരിക്കുകയാണ് രാമപുരം പഞ്ചായത്ത് കുറിഞ്ഞി വാർഡിലെ നെല്ലാപ്പാറ 4-ാം നമ്പർ അങ്കണവാടി.കുട്ടികളെപ്പോലെ തന്നെ അമ്മമാർക്കും ഏറെ പ്രിയങ്കരമാണ് ഇവിടം. ബിൽഡിങ് ആസ് എ ലേണിങ് എയ്ഡ് എന്ന എസ്എസ്എ ആശയം പ്രവൃത്തിപഥത്തിൽ എത്തിച്ചിരിക്കുകയാണ് നെല്ലാപ്പാറ അങ്കണവാടി.

രാമപുരം പഞ്ചായത്ത് കുറിഞ്ഞി വാർഡിലെ നെല്ലാപ്പാറ 4-ാം നമ്പർ അങ്കണവാടിയിൽ വ്യായാമത്തിൽ ഏർപ്പെട്ടിരിക്കുന്ന അമ്മമാർ
രാമപുരം പഞ്ചായത്ത് കുറിഞ്ഞി വാർഡിലെ നെല്ലാപ്പാറ 4-ാം നമ്പർ അങ്കണവാടിയിൽ വ്യായാമത്തിൽ ഏർപ്പെട്ടിരിക്കുന്ന അമ്മമാർ

അടിമുടി അടിപൊളി

ഡോറാബൂജി, ഡൊണാൾഡ് ഡക്ക്, മിക്കി മൗസ് തുടങ്ങിയ കാർട്ടൂൺ കഥാപാത്രങ്ങളെല്ലാം അങ്കണവാടിയിലുണ്ട്. മുയൽ, ആമ, പാമ്പ്, ഉറുമ്പ്, തേനീച്ച തുടങ്ങിയവയുടെ ജീവൻ തുടിക്കുന്ന ചിത്രങ്ങളും അക്കങ്ങളും അക്ഷരങ്ങളും നിറഞ്ഞ അകംചുമരുകളും പുറം ചുമരുകളും

കുഞ്ഞുങ്ങളുടെ മാത്രമല്ല ആരുടെയും മനം കുളിർപ്പിക്കും. വൈവിധ്യമാർന്ന കളി ഉപകരണങ്ങൾ, മഴവെള്ള സംഭരണി, വാട്ടർ പ്യൂരിഫയർ, ടെലിവിഷൻ, മൈക്ക് സെറ്റ്, ജല അതോറിറ്റിയുടെ വാട്ടർ കണക്‌ഷൻ, വർണ ചിത്രങ്ങൾ നിറഞ്ഞ ബെഞ്ചും ഡെസ്കും അങ്ങനെ അടിമുടി അടിപൊളിയാണ് അങ്കണവാടി.

മിനി ജിംനേഷ്യം

ഇരുനില കെട്ടിടത്തിന്റെ മുകൾ നിലയിൽ അമ്മമാർക്കു വ്യായാമത്തിനായി സൈക്കിൾ, ത്രഡ്മിൽ, ട്വിസ്റ്റർ, ഡമ്പൽ എന്നിവ ഉൾപ്പെടെ മിനി ജിംനേഷ്യവും ഉണ്ട്. കുട്ടികളെ അങ്കണവാടിയിലാക്കിയ ശേഷം അമ്മമാർക്കു വിനോദത്തിനും വ്യായാമത്തിനുമുള്ള ഉപാധികൾ കൂടിയായതോടെ നെല്ലാപ്പാറ അങ്കണവാടി നാട്ടിലെ താരമായി.

∙ ടിവി, ചുമർ ചിത്രങ്ങൾ എന്നിവയുടെ സഹായത്തോടെ കഥ, പാട്ട് എന്നിവയൊക്കെ വളരെ എളുപ്പം പറഞ്ഞു കൊടുക്കാൻ കഴിയുന്നു. കുട്ടികളും രക്ഷാകർത്താക്കളും വളരെ സന്തോഷത്തിലാണ്. -രജി അശോകൻ കാഞ്ഞിരക്കാട്ട്, ഏഴാച്ചേരി (അങ്കണവാടി അധ്യാപിക).

∙ കുട്ടികളെ അങ്കണവാടിയിൽ വിട്ട ശേഷം വ്യായാമം ചെയ്യാൻ അവസരം ലഭിക്കുന്നു. ഇതേറെ സന്തോഷകരമായ കാര്യമാണ്. 2 മക്കൾ ഇവിടെ പഠിക്കുന്നുണ്ട്. -ആശാ റാണി കുന്നേൽ, വെള്ളംനീക്കിപ്പാറ (അങ്കണവാടി കമ്മിറ്റിയംഗം).

∙ 15 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. 2 ലക്ഷത്തോളം രൂപ മുടക്കിയാണ് അങ്കണവാടി മനോഹരമാക്കിയത്. ചുമർ ചിത്രങ്ങളും മറ്റു ഭൗതിക സൗകര്യങ്ങളും വ്യായാമം ചെയ്യാൻ സൗകര്യവുമുള്ള അങ്കണവാടി കുട്ടികൾക്കും രക്ഷിതാക്കൾക്കും ഏറെ പ്രയോജനപ്പെടും.-ജീനസ് നാഥ് (സ്ഥിരംസമിതി അധ്യക്ഷൻ, രാമപുരം പ‍ഞ്ചായത്ത്).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com