ADVERTISEMENT

നുണപരിശോധനകൾ വാർത്തകളിൽ നിറയുന്ന കാലം. ആളുകൾ പറയുന്നത് നുണയോ സത്യമോയെന്ന്  സംശയം തോന്നുന്ന കാലം.. എന്താണു നുണ പരിശോധന? എങ്ങനെയാണിതു നടത്തുന്നത് ? നുണ പരിശോധനയിലും കള്ളം പറയാൻ പറ്റുമോ?

കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിൽ പ്രശസ്തമായ വാക്കാണ് ലൈ ഡിറ്റക്‌ഷൻ അഥവാ നുണപരിശോധന. ഒരു വ്യക്തി പറയുന്നതു കള്ളമാണോ അതോ സത്യമാണോ എന്നറിയാൻ അന്വേഷണ ഉദ്യോഗസ്ഥൻ ശാസ്ത്രീയ സംവിധാനങ്ങളെ ആശ്രയിക്കുന്നതാണ് ഇത്. 2012ലെ ഷീന ബോറ കേസ്, 2008ലെ ആരുഷി തൽവാർ കേസ് എന്നീ രാജ്യത്തെ നടുക്കിയ കൊലപാതകക്കേസുകളിലെ നുണപരിശോധന ഏറെ പ്രശസ്തി നേടിയിരുന്നു (ഷീന ബോറ കേസിൽ ഇതുപയോഗിക്കാൻ പ്രതി ഇന്ദ്രാണി മുഖർജി ആവശ്യപ്പെട്ടെങ്കിലും സിബിഐ വിസമ്മതിച്ചു). 

നുണപരിശോധന നടത്തുന്നതിനായി പ്രധാനമായും മൂന്നു ടെസ്റ്റുകളാണ്് ഉപയോഗിക്കുന്നത്. ഒന്നാമത്തേത് പോളിഗ്രാഫ് ടെസ്റ്റ്.  പോളിഗ്രാഫിനെ ലൈ ഡിറ്റക്ടർ എന്നും വിശേഷിപ്പിക്കാറുണ്ട്്. സെൻസറുകൾ ഉപയോഗിച്ചുള്ള പരിശോധനയാണിത്.  ഒരു വ്യക്തിയുടെ ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം, ശ്വസനത്തിന്റെ തോത് തുടങ്ങിയവ സെൻസറുകൾ ഉപയോഗിച്ച് അളക്കും.  ഇതിനിടയിൽ ചോദ്യം ചെയ്യൽ നടത്തും. ഒരാൾ കള്ളം പറയുകയാണെങ്കിൽ മേൽപറഞ്ഞ സംഗതികളിൽ വ്യത്യാസം വരുമെന്നും അതനുസരിച്ച് പറയുന്നതു നുണയാണെന്നു മനസ്സിലാക്കാമെന്നതുമാണ് ഈ പരിശോധനയുടെ അടിസ്ഥാനം. 

രണ്ടാമത്തെ രീതി നാർക്കോ അനാലിസിസ്. ചോദ്യം ചെയ്യപ്പെടുന്ന ആളിന്റെ ശരീരത്തിലേക്ക് ഒരു മെഡിക്കൽ വിദഗ്ധൻ സോഡിയം പെന്റോഥാൽ അല്ലെങ്കിൽ സോഡിയം അമിഥാൽ തുടങ്ങിയ രാസവസ്തുക്കൾ കടത്തി വിടും. ട്രൂത്ത് സീറം എന്നും ഈ രാസവസ്തുക്കൾ അറിയപ്പെടുന്നു. ഇവ ശരീരത്തിൽ പ്രയോഗിക്കപ്പെടുന്നതോടെ വ്യക്തി അർധബോധാവസ്ഥയിലേക്കു കടക്കും. ഈ അവസ്ഥയിൽ ചിന്തിച്ചു കള്ളം പറയാനും മാറ്റിപ്പറയാനുമുള്ള ശേഷി കുറയുമെന്നും ആൾ സത്യം പറയുമെന്നുമാണ് വിദഗ്ധർ പറയുന്നത്.  രണ്ടാം ലോകമഹായുദ്ധ സമയത്ത് വിവിധ മിലിട്ടറി ഇന്റലിജൻസ് യൂണിറ്റുകൾ ഈ പരിശോധന വ്യാപകമായി ഉപയോഗിച്ചിരുന്നു.

മൂന്നാമത്തെ രീതി ബ്രെയിൻ മാപ്പിങ്. മുഖത്തും കഴുത്തിലും സ്ഥാപിക്കുന്ന ഇലക്ട്രോഡുകൾ വഴി ചോദ്യം ചെയ്യപ്പെടേണ്ട വ്യക്തിയുടെ ന്യൂറൽ ഘടന വിലയിരുത്തുകയാണ് ചെയ്യുന്നത്. ബ്രെയിൻ വേവുകൾ അഥവാ വ്യക്തിയുടെ ന്യൂറോൺ തരംഗം അളന്നാണ് ബ്രെയിൻ മാപ്പിങ് സത്യം തെളിയിക്കുന്നത്. ബ്രെയിൻ മാപ്പിങ്ങിനു വിധേയനാകുന്ന ഒരാൾ ഒരു വ്യക്തിയെ അറിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനോടു നേരത്തേ കള്ളം പറഞ്ഞെന്നിരിക്കട്ടെ. ബ്രെയിൻ മാപ്പിങ് സംവിധാനം സ്ഥാപിച്ച ശേഷം ആ വ്യക്തിയുടെ ചിത്രമോ ശബ്ദമോ പെട്ടെന്ന് ഇയാളെ കാണിക്കും.  അപ്പോൾ ഇയാളുടെ ശരീരത്ത്് വ്യത്യസ്തമായ ബ്രെയിൻവേവ് പ്രസരിക്കും. ഇത് ഇയാൾക്ക് ആ വ്യക്തിയെ അറിയാമെന്ന സൂചനയാണു നൽകുന്നത്.

ഉയരുന്ന ചോദ്യങ്ങൾ

ലൈ ഡിറ്റക്‌ഷൻ ടെസ്റ്റുകളുടെ ഫലപ്രാപ്തി സംബന്ധിച്ചു പലരും ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്.  കൃത്യതയുടെ കാര്യത്തിൽ ഉറപ്പില്ലാത്ത ഈ പരിശോധനയിൽ തെറ്റു വരാനുള്ള സാധ്യത കൂടുതലാണെന്ന് ചില വിദഗ്ധർ പറയുന്നു.  ഒരു വ്യക്തിയുടെ അടിസ്ഥാന അവകാശങ്ങൾക്കു മേലുള്ള കടന്നുകയറ്റമാണ് ഇത്തരം പരിശോധനകളെന്നു മനുഷ്യാവകാശ പ്രവർത്തകരും പറയുന്നു.   ഏതായാലും ഒരു വ്യക്തിയുടെ പൂർണ സമ്മതം ഉറപ്പുവരുത്തിക്കൊണ്ടു മാത്രമേ നുണപരിശോധന നടത്താൻ അന്വേഷണ ഏജൻസികൾക്ക് അവകാശമുള്ളൂ.

2012ൽ റസൽ ടൈസ് എന്ന അമേരിക്കൻ സുരക്ഷാ ഉദ്യോഗസ്ഥൻ പോളിഗ്രാഫ് ടെസ്റ്റുകൾക്കെതിരെ രംഗത്തു വന്നു. തന്റെ കരിയറിൽ താൻ 20 തവണ ഈ പരിശോധനയ്ക്കു വിധേയനായിട്ടുണ്ടെന്നു പറഞ്ഞ ടൈസ്,  കൃത്യമായ പരിശീലനവും ക്ഷമയുമുണ്ടെങ്കിൽ വളരെ ഈസിയായി പോളിഗ്രാഫിനോടു കള്ളം പറയാമെന്നു വാദിച്ചു. ഇതിനായുള്ള ചില ട്രിക്കുകളും അദ്ദേഹം വെളിപ്പെടുത്തി. ഇന്ന് ഇന്റർനെറ്റിൽ പോളിഗ്രാഫിനെ തറപറ്റിക്കാനുള്ള അടവുകൾ ചിത്രങ്ങൾ സഹിതം ലഭ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com