ADVERTISEMENT

കോട്ടയം ∙ ചെറിയപള്ളി ഓർത്തഡോക്സ് മഹായിടവകയിൽ എഡി 1709 മുതൽ 1730 വരെ മേൽപ്പട്ടക്കാരനായിരുന്ന മാർ ഗബ്രിയേൽ മെത്രാപ്പൊലീത്തയുടെ കബറടക്ക വിവരം കൊത്തിയ പുരാതന ലിഖിതം വായിച്ചെടുത്തു. കബറിടത്തിന്റെ ഭാഗമായിരുന്ന മരപ്പലകയിൽ കൊത്തിയിരുന്ന പഴയ കോലെഴുത്താണ് വായിച്ചെടുത്തത്. എഴുത്തിന്റെ മലയാള പരിഭാഷ ഇങ്ങനെ:

‘ നമ്മുടെ കർത്താവിൻ കാലം 1730 –ാമത് കുംഭമാസം 8 ന് ഏറെ വിശുദ്ധവാനാം നമ്മുടെ മാർ കബ്രിയേൽ മെത്രാപ്പൊലിത്ത ഈ ലോകത്തിൽനിന്ന് ആ ലോകത്ത് പോയി’. ഏറെക്കാലത്തിനു ശേഷം കബറിടം പൊളിച്ച് മാറ്റിയപ്പോൾ പള്ളിമേടയുടെ പടിക്കെട്ടിന്റെ വശത്ത് ഈ പലക സ്ഥാനം പിടിച്ചു.

പലപ്പോഴായി പലക പെയിന്റും പോളീഷും ചെയ്തതിനാൽ എഴുത്ത് വായിക്കാനാവാത്ത വിധം മറഞ്ഞിരുന്നു. ഈ ചരിത്രരേഖയുടെ പ്രാധാന്യം മനസിലാക്കി ചെറിയപള്ളി വികാരി ഫാ. പി.എ. ഫിലിപ്, ട്രസ്റ്റി ജേക്കബ് മാത്യു, സെക്രട്ടറി ജിജി കൊച്ചേട്ട് എന്നിവർ പെയിന്റ് നീക്കം ചെയ്ത് ലിപി വിദഗ്ധരെ കൊണ്ട് വായിച്ചെടുപ്പിക്കുകയായിരുന്നു.

ചരിത്രം ഇങ്ങനെ

ബാബിലോണിയയിലെ മാർ ഏലിയാ പാത്രിയർക്കീസിന്റെ നിർദേശപ്രകാരം 1705 ൽ കൊല്ലത്ത് കപ്പലിറങ്ങിയ മാർ ഗബ്രിയേൽ ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ 4 വർഷം സേവനമനുഷ്ഠിച്ചു. ഇതിനു ശേഷം കോട്ടയം ചെറിയപള്ളിയിലെത്തി. 22 വർഷം കോട്ടയത്ത് താമസിച്ചു.

ഇതിനിടെ കേരളത്തിലെ മാർത്തോമ്മാ നസ്രാണികളുടെ ലഘുചരിത്രം രചിച്ചു. പ്രമുഖ ഡച്ച് ചാപ്ലയിനായിരുന്ന കാന്റർ വിഷർക്ക് അയച്ചു കൊടുത്തു. വിഷർ ചെറിയപള്ളിയിലെത്തി മെത്രാപ്പൊലീത്തയെ സന്ദർശിച്ചു. 1730 ൽ മാർ ഗബ്രിയേൽ കാലം ചെയ്തപ്പോൾ ചെറിയപള്ളിയുടെ മദ്ബഹയിൽ കബറടക്കി.

2 നൂറ്റാണ്ടു മുൻപു വരെ മാർ ഗബ്രിയേൽ മെത്രാപ്പൊലീത്തയുടെ ശ്രാദ്ധപ്പെരുന്നാൾ ചെറിയപള്ളിയിൽ കൊണ്ടാടിയിരുന്നു. വർഷങ്ങൾക്ക് മുൻപ് പള്ളിമേടയിൽ നിന്നു കണ്ടെടുത്ത വർണചിത്രം മാർ ഗബ്രിയേലിന്റേതാണെന്നു സ്ഥിരീകരിച്ചിരുന്നുവെന്നു ചരിത്ര ഗവേഷകനായ പള്ളിക്കോണം രാജീവ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com