ADVERTISEMENT

“ഇത്തവണയും ട്രംപാരിക്കും” അത് പറഞ്ഞ ആളെ ഞാൻ തലവെട്ടിച്ചൊന്നു നോക്കി. തോമസുകുട്ടിയാണ്. അയാൾ പണ്ടേ ട്രംപിന് ഓശാന പാടുന്ന മലയാളി ദരിദ്രവാസിയാണ്. എനിക്ക്  സഹിച്ചില്ല. ഞാൻ ജന്മനാ ട്രംപ് വിരോധിയാണ്‌.  ഞാൻ നോക്കുന്നത് തോമസുകുട്ടി കണ്ടു, “എന്തേ  സംശയമുണ്ടോ?” 

ഇപ്പൊ എനിക്കൊരു സംശയം, ട്രംപിനെ ആണോ ഇയാളെയാണോ എനിക്കു കൂടുതൽ സഹിക്കാൻ  പറ്റാത്തതെന്ന്! “എനിക്കൊട്ടും സംശയമില്ല...ബൈഡൻ ജയിക്കുമെന്ന്”  തോമസുകുട്ടി എനിക്ക് നേരെ തിരി ഞ്ഞിരുന്നിട്ട് കൈയിലെ വിരലുകൾ മടക്കി എണ്ണി  പറയാൻ തുടങ്ങി: “പോളേ, ഫ്ലോറിഡ, മിഷിഗൻ  പെൻസിൽവേനിയ ഒക്കെ റിപ്പബ്ലിക്കൻസിന്റെ കൂടാ. ടെക്സസും അതെ. അവിടൊക്കെ എത്ര ഇലക്ടറൽ വോട്ടുകൾ ഉണ്ടെന്നറിയാമോ”  ഞാനും അവനു നേരെ തിരിഞ്ഞിരുന്നിട്ട് പറഞ്ഞു, “അപ്പൊ ന്യൂയോർക്കും  ന്യൂജഴ്സിയും കലിഫോർണിയയും ഒക്കെയോ?” 

“ട്രംപ് ജയിക്കും ബെറ്റുണ്ടോ?” ഞാൻ എന്തേലും  പറയുന്നതിനു മുൻപേ അവൻ ചാടിക്കേറി പറഞ്ഞു 

“100 ഡോളർ” രാഷ്ട്രീയക്കാർക്ക് വേണ്ടി നൂറ് 

ഡോളർ കളയാൻ എനിക്കെന്താ തലയ്ക്കു കാച്ചിലുണ്ടോ. തന്നെയുമല്ല, എന്റെ വീട്ടിലെ ഡോളർ 

കായ്ക്കുന്ന മരം ഉണങ്ങി നിൽക്കുവല്ലേ. “പണം 

വച്ചുള്ള ബെറ്റിനു ഞാനില്ല. ട്രംപ് ജയിച്ചാൽ ഞാൻ പാതി മീശ വടിക്കാം. ബൈഡൻ ജയിച്ചാൽ താൻ 

വടിക്കണം” 

“സമ്മതം” അവൻ പറഞ്ഞു. ക്ലബ്ബിൽ ചുറ്റിനും ഇരുന്നവരെല്ലാം കയ്യടിച്ചു പാസാക്കി ഇലക്‌ഷന്റെ പിറ്റേദിവസം. ടിവിയിൽ ഫലപ്രഖ്യാപനം പൊടി പൊടിക്കുന്നു.  സിഎൻഎൻ പറയുന്നതല്ല ഫോക്സ് ന്യൂസ്‌ പറയുന്നത്.

ഓരോ ചാനലുകാർക്കും ഓരോ അഭിപ്രായം. പല  ചാനലിലും പ്രവചനം ശക്തമാകുന്നു. ഞാൻ ബാത്ത്റൂമിൽ പോകാൻ പോലും മെനക്കെടാതെ സോഫയിൽ തന്നെ കുത്തിയിരുന്നു. അന്ന് ക്ലബ്ബിൽ ഉണ്ടായിരുന്ന  പലരും ഇതിനകം എന്നെ വിളിച്ചു കഴിഞ്ഞു. അവനെയും വിളിച്ചു കാണും. ‘‘പോളേ, ബൈഡന്റെ കാര്യം പരുങ്ങലിലാണല്ലോ” പോളിന്റെ മീശ പോന്നത് കാണാൻ എന്താ എല്ലാർക്കുമെന്തൊരു ഉത്സാഹം! ഞാനും ന്യൂസ്‌ നോക്കി.

ട്രംപിന് 213. ബൈഡന് 253. പക്ഷേ നല്ലൊരു വലി വലിച്ചാൽ ബാക്കിയുള്ള സ്റ്റേറ്റും ട്രംപിനൊപ്പം പോയേക്കും. അങ്ങേര് പുല്ലുപോലെ ജയിക്കും. കഴിഞ്ഞ തവണയും ഇത് തന്നെ സംഭവിച്ചു. ശ്ശെ! ബെറ്റൊന്നും വേണ്ടാരുന്നു പക്ഷേ ഇനി പിന്മാറാൻ പറ്റില്ല. അഭിമാനപ്രശ്നമാണ്. മണിമലക്കാരുടെ വാക്ക്  വാക്കാണ്‌. മീശ പിന്നേം വളരും. പിന്നെ മാസ്ക്  വയ്ക്കുന്ന കാരണം  ആരും കാണാനും പോണില്ല. ഞാൻ മനസ്സില്ലാ മനസ്സോടെ ബാത്ത്റൂമിൽ കേറി  മുഖത്ത് ക്രീം തേച്ച് റേസർ കൈയിലെടുത്തു കണ്ണാടിയിൽ നോക്കി. എന്നിട്ട് ടിവിയിലേക്ക് അവസാനമായി ഒന്നൂടെ പാളി നോക്കി. രക്ഷയുണ്ടെന്നു തോന്നുന്നില്ല! 

പിന്നെ ഒന്നും നോക്കിയില്ല...ഒറ്റ വലി! മുഖത്തിന്റെ വലതുഭാഗത്തെ മീശ റേസറിൽ. കാണാൻ മഹാ  വൃത്തികേട്. ഓമനിച്ചു വളർത്തിയ മീശയും ബുൾഗാൻ താടിയും പാതി അപ്രത്യക്ഷമാകാൻ നിമിഷങ്ങളേ  വേണ്ടി വന്നുള്ളൂ. മുഖം കഴുകി വെളിയിൽ വന്നപ്പോൾ ഭാര്യ മുൻപിൽ. അവൾ കാണാതെ ഞാൻ ടവ്വൽ  കൊണ്ട് മുഖം മറച്ചു പിടിച്ചു. “നിങ്ങളീ ബാത്‌റൂമിൽ എന്നാ എടുക്കുവാരുന്നു. റിസൽറ്റ് അപ്ഡേറ്റ് ആയി. ഫുൾ വോട്ടും ബൈഡന് കിട്ടുന്ന ലക്ഷണമാ കേട്ടോ. പുള്ളി ജയിക്കും” അവൾ പറഞ്ഞു.

ഒരു നിമിഷം  തരിച്ചു വായും പൊളിച്ചു നിന്നുപോയി ഞാൻ. സ്ഥല കാലബോധം തിരിച്ചു കിട്ടിയപ്പോൾ ബാത്ത്‍റൂമിൽ  കേറി വീണ്ടും കണ്ണാടിയിൽ നോക്കി. എന്തൊരു വൃത്തികേട്! പെട്ടെന്നോരാലോചന...ബാക്കിയൂടെ അങ്ങ് വടിച്ചാലോ. പാതി വടിക്കുമെന്ന് പന്തയം വച്ചെങ്കിലും മറ്റേ പാതി വടിക്കില്ലാന്ന് ആർക്കും വാക്ക് കൊടുത്തിട്ടില്ലല്ലോ. ക്ലീൻ ഷേവ് കഴിഞ്ഞു കണ്ണാടീൽ നോക്കിയപ്പോൾ...ഒരു മാതിരി പന്നീടെ ദേഹത്ത് മഞ്ഞള് പുരട്ടിയ പോലെ...! അങ്ങനെ ബുദ്ധിപരമായ ഒരു നീക്കത്തിലൂടെ ഞാൻ പതിനാറാം വയസ്സു മുതൽ നട്ടുവളർത്തിയ എന്റെ പ്രിയപ്പെട്ട മീശ എനിക്ക് നഷ്ടമായി. 

(കോട്ടയം മണിമല സ്വദേശിയായ പോൾ ചാക്കോ  അമേരിക്കയിലുള്ള കമ്പനിയിൽ ഇൻഫർമേഷൻ  ടെക്നോളജി മേധാവിയാണ്. 18 വർഷമായി യുഎസിൽ.)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com