മീൻകറി ഊണ് 40 രൂപ, കരിമീൻ ഫ്രൈ 40 രൂപ; കലക്കൻ കന്റീനുമായി കോട്ടയം വെസ്റ്റ് പോലീസ്
Mail This Article
കോട്ടയം ∙ വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ കന്റീനിലെത്തുന്ന സാധാരണക്കാർ ആശ്ചര്യപ്പെടും. നക്ഷത്ര ഹോട്ടലിന്റെ ഉൾഭാഗങ്ങളെ അനുസ്മരിപ്പിക്കുന്ന അന്തരീക്ഷവുമായി കന്റീൻ വീണ്ടും പ്രവർത്തനം ആരംഭിച്ചു. സാധാരണക്കാർക്കു കുറഞ്ഞ നിരക്കിൽ മികച്ച ഭക്ഷണമെന്ന ആശയം പ്രാവർത്തികമാക്കാമെന്ന് തെളിയിച്ച കന്റീനാണു കൂടുതൽ സൗകര്യങ്ങളോടെ പ്രവർത്തിച്ചു തുടങ്ങിയത്. പൊലീസ് സ്റ്റേഷനു സമീപത്തെ വോക്‌വേ, ബോട്ട് ജെട്ടി എന്നിവിടങ്ങളിലേക്ക് ജനങ്ങളെ എത്തിക്കുക, അതുവഴി സ്റ്റേഷനുമായി ഉള്ള സൗഹാർദം മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളും ഇതിനു പിന്നിലുണ്ട്.
8 ലക്ഷം രൂപ മുതൽമുടക്കി ഉൾഭാഗവും അടുക്കളയും ആധുനിക നിലവാരത്തിലാക്കി. കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ വായ്പയെടുത്തും വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ പക്കൽ നിന്ന് 2000 രൂപ വീതം വാങ്ങിയുമാണു തുക സ്വരുക്കൂട്ടിയത്. രാവിലെ 8 മുതൽ വൈകിട്ട് 8 വരെയാണു കന്റീൻ പ്രവർത്തിക്കുന്നത്. വിദേശത്തു നിന്ന് ജോലി നഷ്ടപ്പെട്ട് എത്തിയ 2 ഷെഫുമാർ ഉൾപ്പെടെ 6 ജീവനക്കാരാണ് ഭക്ഷണ വിതരണത്തിനു പിന്നിൽ. വൈകിട്ടു 4 മുതൽ 8 വരെ അൽഫാം, ബാർബിക്യൂ കച്ചവടം തുടങ്ങും.
ഇതിനായി ആറ്റുതീരത്ത് പ്രത്യേക ഇരിപ്പിടങ്ങൾ ഒരുക്കുമെന്ന് കമ്മിറ്റി കൺവീനർ കെ.ടി.അനസ് പറഞ്ഞു. ഉദ്ഘാടനം ജില്ലാ പൊലീസ് മേധാവി ജി.ജയ്ദേവ് നിർവഹിച്ചു. എഎസ്പി ഡോ.എ.നസീം, ഡിവൈഎസ്പി ആർ.ശ്രീകുമാർ, വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ എം.ജെ.അരുൺ എന്നിവർ പങ്കെടുത്തു. മീൻകറി ഊണ് 40 രൂപ, കരിമീൻ ഫ്രൈ 40 രൂപ തുടങ്ങിയവയെല്ലാം പഴയ നിരക്കിൽ തന്നെ ലഭ്യമാണ്.