ADVERTISEMENT

ചങ്ങനാശേരി ∙ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതെ നഗരസഭാ തിരഞ്ഞെടുപ്പ് ഫലം. 37 വാർഡുകളിൽ 16 ഇടത്ത് എൽഡിഎഫും 15 ഇടത്ത് യുഡിഎഫും വിജയിച്ചു. 3 വാർഡുകളിൽ എൻഡിഎയും 3 ഇടത്തു സ്വതന്ത്രരുമാണു ജയിച്ചത്. അധികാരത്തിൽ എത്താനുള്ള സാധ്യതകൾ തേടുമെന്ന് എൽഡിഎഫും യുഡിഎഫും വ്യക്തമാക്കിയതോടെ വരും ദിവസങ്ങളിലും രാഷ്ട്രീയ നീക്കങ്ങൾ തുടരുമെന്ന് ഉറപ്പായിട്ടുണ്ട്.

എൽഡിഎഫ് പ്രവർത്തകർ ചങ്ങനാശേരി നഗരത്തിൽ ആഹ്ലാദ പ്രകടനം നടത്തുന്നു.

12 സീറ്റുകൾ നേടിയ സിപിഎമ്മാണു നഗരസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. കോൺഗ്രസിന്റെ 9 സ്ഥാനാർഥികൾ വിജയിച്ചു. 6 വാർഡുകളിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തായി. കേരള കോ‍ൺഗ്രസ് (ജോസഫ്) 4 സീറ്റിൽ വിജയിച്ചപ്പോൾ കേരള കോ‍ൺഗ്രസ് (എം) മത്സരിച്ച 8 സീറ്റിൽ ഒരിടത്താണു ജയിച്ചത്. കഴിഞ്ഞ തവണ 4 സീറ്റുകൾ ഉണ്ടായിരുന്ന ബിജെപിക്ക് ഇത്തവണ ഒരെണ്ണം നഷ്ടമായി. 10 സീറ്റുകളിൽ രണ്ടാം സ്ഥാനത്ത് എത്താൻ കഴിഞ്ഞു.

ചങ്ങനാശേരി നഗരസഭയിലേക്ക് വിജയിച്ച യു‍ഡിഎഫ് സ്ഥാനാർഥികളായ ബാബു തോമസ്, കെ.എം.നജിയ, സുമ ഷൈൻ, ശ്യാം സാംസൺ, രാജു ചാക്കോ എന്നിവർ വോട്ട് എണ്ണൽ കേന്ദ്രത്തിൽ നിന്നു പുറത്തേക്ക് എത്തിയപ്പോൾ.

സ്വതന്ത്രരുടെ വിജയങ്ങൾ

കേരള കോൺഗ്രസുകൾ നേരിട്ട് ഏറ്റുമുട്ടിയ, സി.എഫ്.തോമസ് എംഎൽഎയുടെ വീട് സ്ഥിതി ചെയ്യുന്ന 30–ാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായ ബീന ജോബിയുടെയും സീറ്റ് വിഭജന ചർച്ചയിലെ അതൃപ്തിയെ തുടർന്ന് ഐഎൻടിയുസി പിന്തുണയോടെ 34–ാം വാർഡിൽ മത്സരിച്ച ബെന്നി ജോസഫിന്റെയും വിജയം തിളക്കമുള്ളതായി.

5–ാം വിജയം തേടിയിറങ്ങിയ എം.എച്ച്.ഹനീഫയെ അട്ടിമറിച്ച പി.എ.നിസാറിന്റെയും 37–ാം വാർഡിൽ ജി.സുരേഷ് ബാബുവിനെ പരാജയപ്പെടുത്തിയ പി.ആർ.വിഷ്ണുദാസിന്റെയും വിജയത്തിനും മാറ്റു കൂടുതലാണ്. കോൺഗ്രസ്, കേരള കോൺഗ്രസ് (ജോസഫ്) സൗഹൃദ മത്സരം നടന്ന 31–ാം വാർഡിൽ സിറ്റിങ് കൗൺസിലർ ഡാനി തോമസിനെ പരാജയപ്പെടുത്തിയ സന്തോഷ് ആന്റണിയുടെ വിജയത്തിനും തിളക്കമേറെ. 15–ാം വാർഡിൽ നിന്നു സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച സന്ധ്യ മനോജ് 4–ാം തവണയും തിരഞ്ഞെടുക്കപ്പെട്ടു.

സ്വതന്ത്രരും വിമതരും

സ്ഥാനാർഥി നിർണയ ചർച്ചയുടെ ആരംഭം മുതൽ നിലനിന്നിരുന്ന അനിശ്ചിതത്വം യുഡിഎഫ് ഫലത്തെ ബാധിച്ചെന്നു കണക്കുകൾ പറയുന്നു. പല വാർഡുകളിലും വിമതരുടെ സാന്നിധ്യവും വിനയായി. 11, 29 ഉൾപ്പെടെയുള്ള വാർഡുകളിൽ വിമത സാന്നിധ്യം ദോഷം ചെയ്തതായി യുഡിഎഫ് സമ്മതിക്കുന്നു.

സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ഷംസുദീൻ 17–ാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് 257 വോട്ടുകൾ നേടിയപ്പോൾ ഇവിടെ എൽഡിഎഫ് സ്ഥാനാർഥി മൂന്നാമതായി. നഗരസഭാ മുൻ അധ്യക്ഷ കൃഷ്ണകുമാരി രാജശേഖരൻ 4 വോട്ടുകളുടെ ബലത്തിലാണു വിജയിച്ചത്. 2 വാർഡുകളിൽ 10ൽ താഴെ വോട്ടുകൾക്കാണു വിജയം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com