ADVERTISEMENT

കോട്ടയം ∙ രണ്ടിലയുടെ തണലിൽ മധ്യതിരുവിതാംകൂറിൽ ചെങ്കൊടി പാറി. നഗരസഭകൾ കയ്യിലെടുത്തു യുഡിഎഫ് മുഖം രക്ഷിച്ചു. പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിലെ ഭരണത്തോടെ ജില്ലയിൽ ബിജെപി നില മെച്ചപ്പെടുത്തി. ഒറ്റയ്ക്കു പോരാടി ജില്ലാ പഞ്ചായത്ത് പൂഞ്ഞാർ ഡിവിഷൻ പിടിച്ചെടുത്തു ജനപക്ഷം. പാലാ ഉപതിരഞ്ഞെടുപ്പിലെ തോൽവിക്കു പാലാ നഗരസഭയിൽ കണക്കുതീർത്തു കേരള കോൺഗ്രസും (എം) ജോസ് കെ.മാണിയും മാൻ ഓഫ് ദ് മാച്ചായി.

കേരള കോൺഗ്രസിന്റെ (എം) പിളർപ്പിനു വഴിയൊരുക്കിയ കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണവും എൽഡിഎഫ് പിടിച്ചെടുത്തപ്പോൾ ജോസിന്റെ പ്രതികാരം പൂർത്തിയായി. 2005നു ശേഷം ആദ്യമായാണു സിപിഎം കോട്ടയം ജില്ലയിൽ മേൽക്കൈ നേടുന്നത്. കോട്ടയം ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ് 15 സീറ്റ് നേടി. ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളിൽ പത്തിലും എൽഡിഎഫിനു ജയം.

2015ൽ എട്ടിടത്തു ജയിച്ച യുഡിഎഫിന് ഇത്തവണ ഒന്നു മാത്രം. 71 ഗ്രാമപഞ്ചായത്തുകളിൽ 43ൽ എൽഡിഎഫ് ജയം നേടി. 48 പഞ്ചായത്ത് വരെ എൽഡിഎഫിനു ലഭിക്കാൻ സാധ്യത. 2015ലെ 23ൽ നിന്നാണ് ഈ വർധന. 22 ഗ്രാമപഞ്ചായത്ത് യുഡിഎഫിനു ലഭിച്ചു. നഗരസഭകളിൽ യുഡിഎഫിനാണു നേരിയ മുൻതൂക്കം. വൈക്കം, ഏറ്റുമാനൂർ, ഈരാറ്റുപേട്ട, ചങ്ങനാശേരി, കോട്ടയം നഗരസഭകളിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ല. സ്വതന്ത്രരുടെ സഹായത്തോടെ ഭരണം നേടാമെന്നാണു യുഡിഎഫ് പ്രതീക്ഷ.

ബിജെപി നിലപാടു നിർണായകമാകും. വൈക്കം നഗരസഭയിൽ എൽഡിഎഫിന് അടിതെറ്റി. ബിജെപി നില മെച്ചപ്പെടുത്തി; നഗരസഭകളിൽ കാര്യമായ നേട്ടം. ചിറക്കടവ് പഞ്ചായത്തിൽ പിന്നിലായെങ്കിലും പള്ളിക്കത്തോട് ഭരണം പിടിച്ചു. മുത്തോലി, കിടങ്ങൂർ പഞ്ചായത്തുകളിൽ നേട്ടമുണ്ടാക്കി. പൂഞ്ഞാർ മേഖലയിൽ പി.സി.ജോർജ് സ്വാധിനം തെളിയിച്ചു. പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തുകളിൽ ജനപക്ഷം നേട്ടമുണ്ടാക്കി.  ഈരാറ്റുപേട്ടയിൽ എസ്പിഡിപിഐ ശക്തി കാട്ടി.

ഈരാറ്റുപേട്ട നഗരസഭയിൽ ഒന്നാം സ്ഥാനത്തെത്തി മുസ്‍ലിം ലീഗ് സ്വാധീനം നിലനിർത്തി. 2015ൽ ജില്ലയിലാകെ 21 സീറ്റുകളിൽ ലീഗ് ജയിച്ചെങ്കിൽ ഇക്കുറി 19 നിലനിർത്തി. ജില്ലാ പഞ്ചായത്തിൽ മൂന്നിരട്ടി ജയം നേടിയ സിപിഐക്ക് ഗ്രാമപഞ്ചായത്തിൽ സീറ്റുകൾ കുറഞ്ഞു. പ്രചാരണത്തിൽ മുൻനിര നേതാക്കളെ ഒഴിവാക്കി സ്ക്വാഡ് പ്രവർത്തനത്തിലാണു സിപിഎം ശ്രദ്ധിച്ചത്. ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും പലയിടത്തും വിമതരും സ്വതന്ത്രരും ജയിച്ചിട്ടുണ്ട്. തൂക്കുസഭകളുടെ എണ്ണവും കൂടുതൽ. ഇവിടെയെല്ലാം പന്ത് അവരുടെ കയ്യിൽ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com