ADVERTISEMENT

കോട്ടയം ∙ കോട്ടയം നഗരസഭയിൽ ആർക്കും കേവല ഭൂരിപക്ഷമില്ലാതെ ഭരണം ത്രിശങ്കുവിൽ. 20 സീറ്റുകൾ നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ ഒരു സീറ്റും യുഡിഎഫ് സ്വതന്ത്രയും കൂടി ചേർന്ന് യുഡിഎഫ് കക്ഷിനില 22. എൽഡിഎഫും 22 സീറ്റുകളുമായി ഒപ്പമുണ്ട്. മുന്നണികൾ തുല്യത പാലിച്ചാൽ നറുക്കെടുപ്പിലേക്കു നീങ്ങുകയും ചെയ്യാം. എട്ടു സീറ്റുകളാണ് ബിജെപിക്ക്.

ബിജെപി ഇരുമുന്നണികളെയും എതിർക്കുമെന്ന് വ്യക്തമാക്കി കഴിഞ്ഞു. സിപിഎമ്മിനു 16 അംഗങ്ങളും സിപിഐക്കു 2 അംഗങ്ങളും കേരള കോൺഗ്രസ് ( എം), കേരള കോൺഗ്രസ് സ്കറിയ തോമസ് വിഭാഗം, കോൺഗ്രസ് എസ് എന്നിവയ്ക്ക് ഓരോ അംഗങ്ങൾ വീതവും  ഒരു എൽഡിഎഫ് സ്വതന്ത്രനുമാണ് എൽഡിഎഫിലുള്ളത്. എൽഡിഎഫ് നഗരസഭാ ഭരണം പിടിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ പറയുന്നു.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ ബിജെപിയുമായി  നീക്കുപോക്ക് ഉണ്ടാക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് നേതൃത്വവും പറയുന്നു.  എൽഡിഎഫ് അധികാരത്തിൽ എത്തിയാൽ ഭരണ പരിചയവും സംഘടനാ പരിചയവും നേതൃപാടവും ഉള്ള വനിതയാകും അധ്യക്ഷ ആകുക എന്നാണ് സിപിഎം ജില്ലാ നേതൃത്വം പറയുന്നത്. ഷീജ അനിൽ, പി.എൻ. സരസമ്മാൾ തുടങ്ങിയ മുതിർന്ന നേതാക്കളെയാണ് സിപിഎം പരിഗണിക്കുന്ന പട്ടികയിലുള്ളത്. 

അംഗങ്ങൾക്കിടയിലെ വോട്ടെടുപ്പിലൂടെയാണ് മുൻ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് നഗരസഭാ അധ്യക്ഷൻമാരെ കണ്ടെത്തിയത്. വിവിധ മേഖലകളിൽ ആധിപത്യമുള്ളവരാണ് പലപ്പോഴും ഇത്തരം വോട്ടെടുപ്പിൽ മുന്നിൽ എത്തുക. കോൺഗ്രസിൽ ബിന്ദു സന്തോഷ് കുമാർ, മുൻ നഗരസഭ അധ്യക്ഷ എന്ന നിലയിൽ ഡോ. പി.ആർ. സോന, ജാൻസി ജേക്കബ് തുടങ്ങിയവർക്കു സാധ്യത കൂടുതലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com