ADVERTISEMENT

കോട്ടയം ∙ ഒന്നര മാസം മുൻപ് ഒരു സീറ്റാണ് ബിൻസി സെബാസ്റ്റ്യൻ ചോദിച്ചത്. അതു കിട്ടിയില്ല. ഇപ്പോൾ കോട്ടയം നഗരസഭയുടെ അധ്യക്ഷ സ്ഥാനം നൽകാമെന്ന് യുഡിഎഫും എൽഡിഎഫും ബിൻസിക്ക് വാഗ്ദാനം നൽകുന്നു. ആർക്കും കേവല ഭൂരിപക്ഷമില്ലാത്ത നഗരസഭയിൽ ബിൻസിയുടെ ഒരു സീറ്റിന് അധ്യക്ഷ സ്ഥാനത്തിന്റെ വിലയാണ്.

ബിൻസിക്ക് അധ്യക്ഷ സ്ഥാനം നൽകി ഭരണം പിടിക്കാൻ യുഡിഎഫും എൽഡിഎഫും നീക്കം തുടങ്ങി. അധ്യക്ഷ സ്ഥാനം തനിക്കു വേണമെന്ന് ബിൻസി ഇരു മുന്നണികളോടും ആവശ്യപ്പെടുകയും ചെയ്തു. വിമുക്തഭടൻ കറുകച്ചാൽ നെടുംകുന്നം പുതുപ്പറമ്പിൽ ജോയിച്ചന്റെയും ജ്യോത്സ്യനാമ്മയുടെയും മകളാണ് ബിൻസി.

നഴ്സായി നാട്ടിലും ഗൾഫിലും പ്രവർത്തിച്ചു. ഭർത്താവ് ചാമത്തറ ഷോബിനൊപ്പം ഷാർജയിലായിരുന്നു.നാട്ടിൽ വന്നിട്ട് 10 വർഷമായി. വിദ്യാർഥികളായ ആൽബിനും എയ്ഞ്ചലീൻ ക്ലെയർ ഷോബിയും മക്കളാണ്. കോട്ടയം നഗരസഭ 52–ാം വാർഡിൽ (ഗാന്ധിനഗർ  സൗത്ത്) സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ച ബിൻസി സംസാരിക്കുന്നു. 

ആരെ പിന്തുണയ്ക്കും

വാർഡിന്റെ വികസനമാണ് ലക്ഷ്യം. നഗരസഭയിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതി വന്നതോടെയാണ് എന്റെ സഹായം ആവശ്യം വന്നത്. തിരഞ്ഞെടുപ്പിൽ ഒപ്പം നിന്നവരെ മറന്ന് ഒരു പരിപാടിയും ഇല്ല. അവരുടെ അഭിപ്രായം കണക്കിലെടുക്കും.

അധ്യക്ഷ സ്ഥാനം വേണമെന്നാണ് വാർഡിലുള്ളവരുടെ ആവശ്യം. അതിൽ കുറഞ്ഞൊന്നും ഞാനും ആലോചിക്കുന്നില്ല. ഏതു മുന്നണിയെന്നതു തീരുമാനിക്കാൻ സമയമുണ്ടല്ലോ. ആദ്യം കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്യട്ടെ. ശേഷം തീരുമാനം ഉണ്ടാകും. ഇരു മുന്നണികളും സമീപിച്ചിരുന്നു. 

 മത്സര രംഗത്ത് വരാൻ എന്താണ് കാരണം

ഭർത്താവ് ഷോബി ലൂക്കോസ് കോൺഗ്രസ് വാർഡ് പ്രസിഡന്റായിരുന്നു. വാർഡ് വനിതാ സംവരണമായതോടെ എന്നെ സ്ഥാനാർഥിയാക്കണമെന്നു വാർഡ്തല യോഗം നിർദേശിച്ചു. മറ്റു 4 പേരുകൾ കൂടി ഉയർന്നെങ്കിലും എന്റെ പേരു മാത്രമാണ് രേഖാമൂലം ഉപരി കമ്മിറ്റിക്കു നൽകിയത്. സ്ഥാനാർഥികളെ തീരുമാനിക്കുന്നതിന് ഉന്നതാധികാര സമിതി രൂപീകരിച്ചിരുന്നു. 

സ്വതന്ത്രയായി മത്സരിക്കാൻ കാരണം എന്താണ് 

ഉപരി കമ്മിറ്റിയിലുള്ള ആരും എതിരു പറഞ്ഞില്ല. മാത്രമല്ല, പരിഗണിക്കാമെന്നു വാക്കു പറഞ്ഞു. പോസ്റ്ററും നോട്ടിസും മറ്റുമായി വളരെ നേരത്തേ പ്രചാരണം തുടങ്ങി. പത്രിക നൽകുന്നതിന്റെ 4 ദിവസം മുൻപു വാർഡിലേക്ക് മറ്റൊരു പേരു പാർട്ടി സമിതി പ്രഖ്യാപിച്ചു. കൂടിയാലോചിച്ചു പോലുമില്ല. അന്വേഷിച്ചപ്പോൾ സമിതിയുടെ തീരുമാനമാണ് മാറ്റാൻ കഴിയില്ലെന്ന മറുപടി കിട്ടി. 

മത്സരത്തിൽ ഉറച്ചു നിൽക്കാൻ കാരണം 

ആദ്യം ചേർന്ന വാർഡ് കമ്മിറ്റിയിൽ 70 പേർ പങ്കെടുത്തിരുന്നു. സീറ്റ് നിഷേധിച്ച വിവരം ഇവർ അറിഞ്ഞപ്പോൾ വീണ്ടും എല്ലാവരും ഒത്തുകൂടി. പ്രചാരണം തുടങ്ങിയ സ്ഥിതിക്ക് മാറേണ്ടെന്നു തീരുമാനിക്കുകയായിരുന്നു. 

പ്രചാരണത്തിൽ ബുദ്ധിമുട്ടിയോ 

കുടുംബശ്രീ,അയൽക്കൂട്ടം പ്രവർത്തകർ സഹായിച്ചു. വീടുകൾ തോറും കയറിയിറങ്ങി. ഭർത്താവിനെ പാർട്ടിയിൽ നിന്നും ഭാരവാഹിത്വത്തിൽ നിന്നും പുറത്താക്കി.ഇതോടെ എല്ലാവർക്കും വാശിയായി. യുഡിഎഫ് ഔദ്യോഗിക സ്ഥാനാർഥി 3–ാം സ്ഥാനത്തായി. 8 വോട്ടിന്റെ ഭൂരിപക്ഷത്തിലാണു ഞാൻ ജയിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com