ADVERTISEMENT

കോട്ടയം ജില്ലയിലെ 3 പ്രധാന ബൈപാസുകൾ ഇനിയും പൂർത്തിയായിട്ടില്ല. പാലാ, കടുത്തുരുത്തി, ഏറ്റുമാനൂർ ബൈപാസുകളാണു വർഷങ്ങളായി പണി നടക്കുന്നെങ്കിലും പൂർത്തിയാകാത്തത്.

ഏറ്റുമാനൂർ ബൈപാസ്; 12 കിലോമീറ്റർ പണിയാൻ 22 വർഷം; എന്നിട്ടും തീർന്നിട്ടില്ല

എംസി റോഡിനെയും കൊല്ലം – ഡിണ്ടിഗൽ ദേശീയപാതയേയും ബന്ധിപ്പിക്കുന്ന ഏറ്റുമാനുർ പട്ടിത്താനം – മണർകാട് ബൈപാസ് 1998ലാണു വിഭാവനം ചെയ്തത്. മൂന്നു റീച്ചായി 12 കിലോമീറ്ററാണു നീളം. മണർകാട് മുതൽ പൂവത്തുംമൂട് വരെ 2007ൽ പൂർത്തിയായി. പൂവത്തുംമൂട് – പാറകണ്ടം ഭാഗം വരെ 4.75 കിലോമീറ്റർ പൂർത്തിയാകാൻ എടുത്തത് 11 വർഷം! പാറകണ്ടം മുതൽ പട്ടിക്കാട് വരെയുള്ള 1.7 കിലോമീറ്റർ ഭാഗത്തെ പണി 2020 മാർച്ചിൽ തുടങ്ങിയിട്ടുണ്ട്. ഏറ്റുമാനൂർ – പാലാ റോഡ് മുറിച്ചു കടന്നാണ് ബൈപാസ് വരുന്നത്. ഇവിടെ മേൽപാലം യാഥാർഥ്യമായില്ലെങ്കിൽ ബൈപാസ് പൂർത്തിയാകുമ്പോൾ ഗതാഗതക്കുരുക്ക് വർധിക്കുമെന്ന പ്രശ്നം ബാക്കി.

പാലാ ബൈപാസ്; 4 കിലോമീറ്റർ പണി തുടങ്ങിയിട്ട് 10 കൊല്ലം

പാലാ ബൈപാസിൽ സിവിൽ സ്റ്റേഷനു സമീപത്തെ വീതി കുറഞ്ഞ ഭാഗം.

പാലാ കിഴതടിയൂർ മുതൽ പുലിയന്നൂർ കോട്ടപ്പാലം വരെ 3 റീച്ചുകളായാണ് 4 കിലോമീറ്റർ വരുന്ന ബൈപാസ് പണിതത്. കിഴതടിയൂർ മുതൽ സിവിൽ സ്റ്റേഷൻ വരെയുള്ള ആദ്യ ഘട്ടം 2010ൽ ആരംഭിച്ച് 2012ൽ പൂർത്തിയായി. സിവിൽ സ്റ്റേഷൻ മുതൽ കോഴാ റോ‍ഡ് ജംക്‌ഷൻ വരെയുള്ള 2-ാം ഘട്ടം 2013ൽ ആരംഭിച്ച് 2015ൽ പൂർത്തിയായി. മൂന്നാം ഘട്ടം കോഴാ റോ‍ഡ് ജംക്‌ഷൻ മുതൽ പുലിയന്നൂർ കോട്ടപ്പാലം വരെയായിരുന്നു. 2016ൽ ആരംഭിച്ച റോഡ് നിർമാണം 2019 ൽ പൂർത്തിയായി.

എന്നാൽ രണ്ടാംഘട്ടത്തിലും മൂന്നാം ഘട്ടത്തിലും ചിലഭാഗങ്ങളിലെ വീതിക്കുറവ് പ്രശ്നമായി. ഇവിടെ സ്ഥലം ഏറ്റെടുക്കലിലെ അപാകത മൂലം ഉടമകൾ കോടതി കയറി. പിന്നീട് 2-ാം റീച്ചിൽ ഭൂമി ഏറ്റെടുക്കുന്നതിന് ഏഴര കോടിയും റോഡ് നിർമാണത്തിന് 1.10കോടി രൂപയും അനുവദിച്ചു. 3-ാം റീച്ചിൽ ഉൾപ്പെടുന്ന മരിയൻ ജംക്‌ഷനിലെ കെട്ടിടം ഉൾപ്പെടെ സ്ഥലം ഏറ്റെടുക്കുന്നതിനു നേരത്തെ അനുവദിച്ച തുകയ്ക്കൊപ്പം 65 ലക്ഷം രൂപയും അനുവദിച്ചു. സ്ഥലവില കലക്ടറുടെ അക്കൗണ്ടിൽ എത്തിയിട്ട് 4 മാസമായെങ്കിലും കഴിഞ്ഞ ദിവസം മുതലാണ് ഉടമകൾക്കു നൽകിത്തുടങ്ങിയത്.

കടുത്തുരുത്തി ബൈപാസ്; 1.45 കിലോമീറ്റർ 6 കൊല്ലമായി പണിയുന്നു

കടുത്തുരുത്തി വലിയ തോടിനും ആപ്പുഴ തീരദേശ റോഡിനും കുറുകെ നിർമിക്കുന്ന പാലത്തിന്റെ പണി പുരോഗമിക്കുന്നു.

കോട്ടയം – എറണാകുളം റോഡിൽ കടുത്തുരുത്തിയിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണു   ഐടിസി ജംക്‌ഷനു സമീപത്തു നിന്ന് ആരംഭിച്ചു ബ്ലോക്ക് ജംക്‌ഷനിലെത്തുന്ന വിധം 1.45 കിലോമീറ്റർ ബൈപാസ് ആരംഭിച്ചത്. പൂർത്തിയായാൽ എറണാകുളത്തേക്കും കോട്ടയത്തേക്കുമുള്ളവർക്കു കടുത്തുരുത്തി ടൗണിൽ പ്രവേശിക്കാതെ പോകാം. ഒന്നര കിലോമീറ്റർ ദൂരം ലാഭിക്കാനും സാധിക്കും. 2014 ൽ പണി ആരംഭിച്ചു. എന്നാൽ സ്ഥലമേറ്റെടുപ്പും പാതയിലെ രണ്ട് പാലങ്ങൾ പൂർത്തിയാക്കുന്നതും വൈകി. ഇപ്പോൾ പണി വേഗത്തിലായിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com