ADVERTISEMENT

തീക്കോയി ∙ ഞണ്ടുകല്ലിൽ മുതുകാട്ടിൽ രാജനെ(56) വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ സഹോദരൻ ജോസ്(49), ബന്ധു ലിജോ ജോസഫ്(29), ജോസിന്റെ പ്രായപൂർത്തിയാകാത്ത മകൻ എന്നിവർ അറസ്റ്റിൽ. ഞായറാഴ്ച അർധരാത്രിയോടെയാണ് രാജനെ ഞണ്ടുകല്ലിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മദ്യലഹരിയിലായിരുന്ന പ്രതികൾ രാജനെ മർദിച്ചും കാപ്പിവടി കൊണ്ട് അടിച്ചും കൊലപ്പെടുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

1987ൽ വ്യത്യസ്തമായ സംഭവങ്ങളിൽ 2 പേരെ കൊലപ്പെടുത്തിയ കേസിൽ 15 വർഷം ജയിൽശിക്ഷ അനുഭവിച്ചയാളാണു രാജൻ. ഞായറാഴ്ച രാവിലെ കോതമംഗലത്തെ വീട്ടിൽ നിന്നു ഞണ്ടുകല്ലിലെത്തിയ രാജൻ തന്റെ വീട്ടിൽ ജോസിനും ലിജോയ്ക്കുമൊപ്പം മദ്യപിച്ചു. 2011ൽ ജോസും ലിജോയും ചേർന്നു രാജനെയും ഭാര്യയും ആക്രമിച്ചെന്ന കേസ് നിലവിലുണ്ട്. ഇതു സംബന്ധിച്ചുള്ള നടപടികൾ തുടരുകയാണ്.

ഈ കേസ് പിൻവലിക്കാൻ രാജൻ തയാറായിരുന്നില്ല. ഇതെക്കുറിച്ച് രാജനും ജോസും തമ്മിൽ വാക്കേറ്റമുണ്ടാകുകയും രാജനെ മർദിക്കുകയും ചെയ്തു. ഇതിനു ശേഷം ലിജോയും ജോസിന്റെ മകനും കൂടി വീണ്ടും മദ്യപിച്ചു. ഇതിനിടെ രാവിലെ മർദിച്ചതിനെച്ചൊല്ലി രാജനും പ്രതികളും തമ്മിൽ വീണ്ടും വഴക്കുണ്ടായി. രാജന്റെ വീട്ടിലെത്തിയ പ്രതികൾ രാജനെ മർദിച്ചു.

കാപ്പിവടി കൊണ്ടുള്ള അടിയേറ്റ് രാജന്റെ തലയ്ക്കു സാരമായി പരുക്കേറ്റു. വാരിയെല്ലുകൾ തകർന്ന് ആന്തരികാവയവങ്ങൾക്കു തകരാർ സംഭവിച്ചു. രാജനെ ആരോ മർദിച്ചെന്നു രാത്രി പത്തോടെ ഇവർ രാജന്റെ ഭാര്യയെ അറിയിച്ചു. ആശുപത്രിയിൽ എത്തിക്കണമെന്ന രാജന്റെ ഭാര്യയുടെ ആവശ്യം ഇവർ അനുസരിച്ചില്ല.

അർധരാത്രിയോടെ രണ്ടാം പ്രതി ലിജോയാണ് രാജൻ മരിച്ചു കിടക്കുന്നതായി പൊലീസിൽ അറിയിച്ചത്. ആരൊക്കെയോ ചേർന്നു രാജനെ മർദിച്ചെന്നാണ് ഇവർ ആദ്യം പൊലീസിൽ പറഞ്ഞത്. മൂന്നു പേരെയും പ്രത്യേകം ചോദ്യം ചെയ്തപ്പോഴാണു കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തു വന്നത്. അടിക്കാൻ ഉപയോഗിച്ച വടിയും പൊലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

പ്രായപൂർത്തിയാകാത്തയാളെ ദുർഗുണ പരിഹാര പാഠശാലയിലേക്ക് അയച്ചു. പാലാ ഡിവൈഎസ്പി പ്രഫുല്ലചന്ദ്രൻ, ഈരാറ്റുപേട്ട എസ്എച്ച്ഒ എസ്.എം. പ്രദീപ് കുമാർ, എസ്ഐമാരായ വി.ബി. അനസ്, ഷാബുമോൻ, എഎസ്ഐ ജയരാജ്, നാരായണൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.ആർ. ജിനു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. രാജന്റെ സംസ്കാരം നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com