ADVERTISEMENT

കടുത്തുരുത്തി ∙ കാറിലെത്തിയ കവർച്ചസംഘം വഴി ചോദിക്കാനെന്ന വ്യാജേന അരികിലെത്തി യുവതിയുടെ മാല പൊട്ടിച്ചു കടന്നുകളഞ്ഞു. പിന്നാലെ ഓടിയ യുവതിക്ക് റോഡിൽ തളർന്നു വീണു പരുക്കേറ്റു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ കല്ലറ ചൂരക്കുഴി ജംക്‌ഷനിലാണു സംഭവം. കല്ലറ അറയ്ക്കപ്പറമ്പിൽ അഭിലാഷിന്റെ ഭാര്യ അനുമോളുടെ (33) നാലേമുക്കാൽ പവന്റെ താലിമാലയാണ് മോഷ്ടാക്കൾ പൊട്ടിച്ചെടുത്തത്.

കിടക്കകളും തലയണയും മറ്റും വിൽക്കുന്ന ഷോറൂമിന്റെ ഉടമയാണ് അനു. വൈകിട്ട് കട അടയ്ക്കുന്നതിനിടയിലാണ് പുത്തൻപള്ളി ഭാഗത്തു നിന്നു കാറിൽ വന്ന മൂന്നുപേർ വഴി ചോദിക്കാൻ കടയുടെ മുന്നിൽ കാർ നിർത്തിയത്. പിൻസീറ്റിൽ ഇരുന്ന ഒരു യുവാവ് ഇറങ്ങി അനുമോളുടെ അരികിലെത്തി, പാലായ്ക്കുള്ള വഴി ചോദിച്ചു. വഴി പറഞ്ഞുകൊടുക്കുന്നതിനിടയിൽ യുവാവ് അനുമോളുടെ താലിമാല പൊട്ടിച്ചെടുത്ത് ഓടി കാറിൽക്കയറി. കാർ നീണ്ടൂർ ഭാഗത്തേക്ക് ഓടിച്ചുപോയി.

അനുമോൾ ശബ്ദമുണ്ടാക്കി കാറിനു പിന്നാലെ കുറെ ദൂരം ഓടുകയും ബോധരഹിതയായി റോഡിൽ വീഴുകയുമായിരുന്നു. ഇതുവഴി ബൈക്കിലെത്തിയ അയൽവാസിയായ ലിബിൻ സംഭവം കണ്ട് കാറിനു പിന്നാലെ നീണ്ടൂർ ഭാഗം വരെ പിന്തുടർന്നെങ്കിലും മോഷ്ടാക്കളെ പിടികൂടാനായില്ല.  പുതിയ കാറാണെന്നും റജിസ്ട്രേഷൻ നമ്പർ ഇല്ലായിരുന്നുവെന്നും ലിബിൻ പൊലീസിനു മൊഴി നൽകി. കടുത്തുരുത്തിയിൽ നിന്നെത്തിയ പൊലീസ് സംഘം പരിസരത്തെ സിസി ടിവി ക്യാമറകളിലെ ദൃശ്യങ്ങൾ എടുത്തിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായി കടുത്തുരുത്തി എസ്എച്ച്ഒ എം.എ. മുഹമ്മദ് അറിയിച്ചു.

ആഷ് നിറത്തിലുള്ള പുത്തൻ കാർ, മുടി നീട്ടി വളർത്തിയ യുവാവ്

സാധാരണയായി വൈകിട്ട് ഭർത്താവ് അഭിലാഷും കടയിൽ കാണുന്നതാണ്. ചൊവ്വാഴ്ച ഞാൻ തനിച്ചായിരുന്നു. ആഷ് നിറത്തിലുള്ള പുതിയ കാർ കടയുടെ മുൻപിൽ നിർത്തി. ബർമുഡയും ടി–ഷർട്ടും ധരിച്ച, 20 വയസ്സ് തോന്നിക്കുന്ന യുവാവാണ് ഇറങ്ങി എന്റെ അരികിലേക്കു വന്നത്. ഇയാൾ മുടി നീട്ടി വളർത്തി കെട്ടിവച്ചിട്ടുണ്ട് എന്നാണ് ഓർമ.

കാറിന്റെ മുൻസീറ്റിൽ രണ്ടു പേരുണ്ടായിരുന്നു. പാലായിലേക്കുള്ള വഴിയാണ് ചോദിച്ചത്. നീണ്ടൂർ ചെന്ന ശേഷം ഏറ്റുമാനൂർ വഴി പാലായ്ക്കു പോകാം എന്നു ഞാൻ പറയുന്നതിനിടെ യുവാവ് മാല വലിച്ചു പൊട്ടിക്കുകയും എന്നെ പിന്നോട്ടു തള്ളുകയും ചെയ്തു. ഇയാൾ ഓടി കാറിൽക്കയറി. കാർ വേഗത്തിൽ ഓടിച്ചുപോയി. കാറിനു പിന്നാലെ ഓടി വീണ് എന്റെ ദേഹത്തു മുറിവുകളുണ്ട്. ദേഹമാകെ വേദനയുമുണ്ട്. അനുമോൾ അഭിലാഷ്

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com