ADVERTISEMENT

കോട്ടയം ∙ പാർട്ടി മാറിയെത്തിയ നേതാക്കൾക്കു ബിജെപി നേതൃത്വം സീറ്റു വാരിക്കോരി നൽകിയപ്പോൾ വോട്ടർമാരും അണികളും ബിജെപിയെ കൈവിട്ടോ? 

ജില്ലയിലെ 9 നിയോജകമണ്ഡലങ്ങളിൽ 7 ഇടത്താണു ബിജെപി മത്സരിച്ചത്. ഇതിൽ മൂന്നു സീറ്റിൽ സ്ഥാനാർഥികളായത് അടുത്തിടെ മറ്റു പാർട്ടികളിൽനിന്നെത്തിയവരാണ്. എൻഡിഎയിലെ ഘടകകക്ഷിയായ ബിഡിജെഎസ് മത്സരിച്ച 2 സീറ്റിൽ ഒരിടത്തും പാർട്ടി മാറിയെത്തിയ നേതാവു സ്ഥാനാർഥിയായി. പാർട്ടിയുടെ അടിത്തറ വിപുലപ്പെടുത്താനും വോട്ട് വിഹിതം കൂട്ടാനുമാണ് ഇങ്ങനെ ചെയ്തതെന്നാണു നേതാക്കളുടെ വിശദീകരണം. എന്നാൽ ഫലം വന്നപ്പോൾ ഈ സീറ്റുകളിലെല്ലാം എൻഡിഎ വോട്ട് വിഹിതം ഗണ്യമായി കുറഞ്ഞു. ജില്ലയിലെ ഒരു സീറ്റിൽ പോലും എൻഡിഎക്ക് വോട്ട് വിഹിതം ഉയർത്താനായില്ല. 

മിനർവ മോഹൻ 

(കോട്ടയം)

സിപിഎമ്മിൽനിന്നു ബിജെപിയിലെത്തിയത് തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ കേരളയാത്ര ജില്ലയിലെത്തിയ മാർച്ച് രണ്ടിന് ബിജെപി പ്രാഥമികാംഗത്വം സ്വീകരിച്ചു. പൂഞ്ഞാർ തെക്കേക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, സിപിഎം പൂഞ്ഞാർ ലോക്കൽ കമ്മിറ്റിയംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ  ജില്ലാ കമ്മിറ്റിയംഗം എന്നീ നിലയിൽ മുൻപു പ്രവർത്തിച്ചിരുന്നു. കേന്ദ്ര നേതൃത്വത്തിന്റെ പ്രത്യേക താൽപര്യപ്രകാരം കോട്ടയത്തു സ്ഥാനാർഥിയായി. വർഷങ്ങളായി പാർട്ടിയിൽ പ്രവർത്തിച്ചവരെ തഴഞ്ഞു മിനർവയ്ക്കു സീറ്റു നൽകിയതിനെതിരെ ബിജെപി പ്രാദേശിക നേതൃത്വം പ്രതിഷേധം ഉയർത്തുകയും ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിൽനിന്നു വിട്ടുനിൽക്കുകയും ചെയ്തിരുന്നു. 

ഡോ.ജെ.പ്രമീളാദേവി

(പാലാ)

മുൻപ് കോൺഗ്രസ് സഹയാത്രികയായിരുന്നു. ശബരിമല വിഷയവുമായി ബന്ധപ്പെട്ടു ബിജെപിയിലെത്തിയത് 2 വർഷങ്ങൾക്കു മുൻപ്. നിലവിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്. കേരളം ഉറ്റുനോക്കിയ രാഷ്ട്രീയ മത്സരം നടന്ന പാലായിൽ ബിജെപിയുടെ പരമ്പരാഗത വോട്ടുകൾ പോലും പ്രമീളയ്ക്കു ലഭിച്ചില്ലെന്നു തിരഞ്ഞെടുപ്പു ഫലം സൂചിപ്പിക്കുന്നു. 

∙ ജി. രാമൻ നായർ

(ചങ്ങനാശേരി)

ശബരിമല വിഷയവുമായി ബന്ധപ്പെട്ടു കോൺഗ്രസിൽനിന്നു ബിജെപിയിലെത്തി. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റാണ്. കോൺഗ്രസിൽ ആയിരുന്നപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ലഭിച്ചിരുന്നില്ല. എന്നാൽ ബിജെപി ടിക്കറ്റിൽ കന്നിയങ്കത്തിന് ഇറങ്ങിയപ്പോൾ തീർത്തും നിറം മങ്ങി. ചങ്ങനാശേരിയിൽ ബിജെപി കഴിഞ്ഞ തവണ നേടിയ വോട്ടുകളെക്കാൾ വളരെ  കുറവു വോട്ടുകളാണു ലഭിച്ചത്. സംസ്ഥാന കമ്മിറ്റി അംഗം ബി. രാധാകൃഷ്ണ മേനോൻ ഉൾപ്പെടെയുള്ള നേതാക്കളെ ഇവിടെ പരിഗണിക്കണമെന്നു പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടിരുന്നു. 

∙ അജിത സാബു

(വൈക്കം)

കേരള കോൺഗ്രസ് (എം) പ്രതിനിധിയായി കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വഹിച്ചിട്ടുള്ള അജിത തിരഞ്ഞെടുപ്പിനു മുൻപാണു ബിഡിജെഎസിൽ എത്തിയത്. 

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ  ബിഡിജെഎസ് സ്ഥാനാർഥിയായി വൈക്കത്തു മത്സരിച്ച എൻ.കെ. നീലകണ്ഠൻ യുഡിഎഫിലേക്കു പോയതും എൻഡിഎക്കു തിരിച്ചടിയായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com